UPDATES

സയന്‍സ്/ടെക്നോളജി

ജീവിതം എളുപ്പമാക്കുന്ന 10 ഐഫോണ്‍ സൂത്രങ്ങള്‍

Avatar

ഹെയ്‌ലി സുകായാമ
(ദി വാഷിംഗ്ടന്‍ പോസ്റ്റ്)

നമ്മളെല്ലാവരും ഒരുപാട് സമയം സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്നവരാണ്. ഒരു വിരല്‍ സ്പര്‍ശത്തിലൂടെ മെനു (menu) തുറന്നു പലതും ചെയ്യുമെങ്കിലും അതേ ഫോണില്‍ ലഭ്യമായ മറ്റു പ്രത്യേകതകളും എളുപ്പവഴികളും പലര്‍ക്കും അറിയില്ല. എന്റെ പരിചയത്തില്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതുപോലെ എന്തെങ്കിലും സൂത്രപ്പണി പറഞ്ഞു കൊടുത്ത് ‘ഓഹ്! ഇതെനിക്കറിയില്ലായിരുന്നു കേട്ടോ’ എന്ന മറുപടി കിട്ടിയ എത്രയെങ്കിലും സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കാം. ഇതെല്ലാം ചേര്‍ത്ത് ഒരിടത്ത് എഴുതണം എന്നു അപ്പോഴൊക്കെ വിചാരിക്കും.

അതാണ് ഇത്. ഇതില്‍ രഹസ്യങ്ങളൊന്നുമില്ല. സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഈ കുറുക്കുവഴികള്‍ മറ്റു ഐഫോണ്‍ ഉപഭോക്താക്കളുമായി പങ്കു വയ്ക്കാന്‍ സന്തോഷം മാത്രം. കൂടുതല്‍ പറയുന്നില്ല, എന്റെ ജീവിതം എളുപ്പമാക്കുന്ന ഐഒഎസ് (iOS)വിവരങ്ങളിലേയ്ക്ക്.

കൂടുതല്‍ കൃത്യനിഷ്ഠരാവാന്‍: എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ ആ സ്ഥലത്ത് എത്തിച്ചേരാനുള്ള യാത്രാസമയം കണക്കാക്കാന്‍ മറന്നു പോകാറുണ്ടോ? ആപ്പിളിന്റെ കലണ്ടര്‍ ആപ് ഇതില്‍ സഹായിക്കും. നിങ്ങളുടെ സ്ഥലം ഏതാണെന്നത് അനുസരിച്ച് കൃത്യസമയത്ത് പുറപ്പെടാന്‍ ഓര്‍മിപ്പിക്കുകയും ചെയ്യും.ഇത് ഐ ക്ലൌഡ് (iCloud) കലണ്ടറില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കൂ എന്നുള്ളതാണ് ഒരു കുഴപ്പം. മറ്റു കലണ്ടര്‍ ആപ്പുകള്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അതിലെ ടൂള്‍സ് ഉപയോഗിച്ചു യാത്രാസമയം ഉള്‍പ്പെടുത്തേണ്ടി വരും.

ബാറ്ററി ചാര്‍ജ് ഉപയോഗം നിയന്ത്രിക്കാന്‍: ആപ്പിളിന്റെ ഏറ്റവും പുതിയ ബാറ്ററി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിയ്ക്കുന്ന ആളല്ല നിങ്ങളെങ്കില്‍ ഐഒഎസ്  9ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളുടെ ബാറ്ററി ചാര്‍ജ് തീരുന്നത് കുറയ്ക്കാന്‍ വേറെയും ഒന്നുരണ്ട് മാര്‍ഗങ്ങളുണ്ട്. ഒന്നു ‘ലോ പവര്‍ മോഡി’ലേയ്ക്ക് (Low power mode) മാറുക എന്നതാണ്. ഇതില്‍, ഫയലുകളുടെ സ്വയമേയുള്ള (Automatic) ഡൌണ്‍ലോഡിംഗ്, മെയിലുകളുടെ വരവ് തുടങ്ങിയ ചില പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ഫോണിനെ കുറവ് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. നിങ്ങള്‍ ഒരു സംഗീത പരിപാടിയ്‌ക്കോ അല്ലെങ്കില്‍ കളി കാണാനോ പോകുകയാണെന്നിരിക്കട്ടെ. ബാറ്ററി കൂടുതല്‍ നേരം നില്‍ക്കേണ്ട അത്തരം സന്ദര്‍ഭങ്ങളില്‍ ഇതു ശരിക്കും പ്രയോജനപ്പെടും. ബാറ്ററി മെനുവില്‍ പോയി ‘ലോ പവര്‍ മോഡ്’ തിരഞ്ഞെടുത്താല്‍ മാത്രം മതി. കൃത്യമായി എത്ര സമയം അധികം ലഭിയ്ക്കും എന്നു പറയാനാകില്ലെങ്കിലും കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള ഒരു പരീക്ഷണം ( Wired ) കാണിച്ചത് സാധാരണ ഗതിയില്‍ 14 മണിക്കൂര്‍ നില്‍ക്കേണ്ട ബാറ്ററി ചാര്‍ജ് 20 മണിക്കൂര്‍ വരെ ആക്കാമെന്നാണ്. പക്ഷേ നിങ്ങളുടെ ബാറ്ററി 20 ശതമാനമൊക്കെ ആയതിനു ശേഷം ‘ലോ പവര്‍ മോഡി’ല്‍ നിന്നു മാറ്റിയാലും ആപ്പിളിന്റെ സ്വന്തം സിസ്റ്റെം അനുസരിച്ചുള്ള നിയന്ത്രണങ്ങളിലൂടെ ഏതാണ്ട് ഒരു മണിക്കൂര്‍ കൂടെ അധികം കിട്ടുമെന്ന് എനിക്കു അനുഭവമുണ്ട്. അത് അത്ര മോശമല്ല.

നിങ്ങളുടെ ഫോണ്‍ ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിയ്ക്കുന്നവ ഏതാണെന്നറിയാന്‍ ‘ബാറ്ററി’ മെനു തുറന്ന്! ഏതാനും നിമിഷം കാത്തിരിയ്ക്കുക. ഫോണിന്റെ താഴത്തെ പകുതിയില്‍ ഏറ്റവും കൂടുതല്‍ ചാര്‍ജ് ഉപയോഗിയ്ക്കുന്ന ക്രമത്തില്‍ അവയുടെ പട്ടിക കാണാം.

ഫോട്ടോകള്‍ ആവശ്യമുള്ളവര്‍ക്ക് മാത്രം കാണാവുന്ന രീതിയിലാക്കുക: 

ഏതാനും പടങ്ങള്‍ കാണിക്കാനായി ആര്‍ക്കെങ്കിലും ഫോണ്‍ കൊടുത്തിട്ട് അവര്‍ അതിലും അപ്പുറമുള്ള ഫോട്ടോകള്‍ എടുത്തു കാണുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ബോസ്സ് ബീച്ചിലെ അവധിക്കാല ഫോട്ടോകള്‍ കാണുന്നതും ഒരു സുഹൃത്തിനായി മാത്രം എടുത്ത, കൊഞ്ഞനം കുത്തുന്ന ഫോട്ടോ മറ്റുള്ളവര്‍ കാണുന്നതും ഒക്കെ അല്‍പ്പം അമ്പരപ്പുണ്ടാക്കുന്ന കാര്യമാണ്. അത്തരം ഫോട്ടോകളില്‍ ക്ലിക് ചെയ്തു, ‘ഷെയര്‍’ ഐക്കോണില്‍ പോയി ‘ഹൈഡ്’ (hide) ചെയ്യാവുന്നതാണ്. അതോടെ ആ ഫോട്ടോകള്‍ നിങ്ങളുടെ ഫോട്ടോ ആപ്പിലെ പ്രധാന ഭാഗമായ ‘moments, collections and years’ നിന്നും മാറ്റപ്പെടും. എങ്കിലും’ആല്‍ബ’ത്തില്‍ (album) നിങ്ങള്‍ക്കവ കാണാവുന്നതാണ്.

‘സിരി’ (Siri) എന്നു കേള്‍ക്കുമ്പോള്‍ എന്തെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ? 

‘സിരി’ വര്‍ഷങ്ങള്‍ കൊണ്ട് കൂടുതല്‍ കൂടുതല്‍ മെച്ചമായി വന്നിട്ടുണ്ട്; പ്രത്യേകിച്ചും ആപ്പിളിന്റെ  ഐഒഎസ്  9ല്‍. അതില്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രത്യേകത; ഞാന്‍ ഫോണില്‍ തുറന്നു പരിശോധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിമൈന്‍ഡറുകള്‍ തരുന്നതാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു നോവല്‍ വായിക്കുകയാണ്. അതിലൊരു ഭാഗം വീണ്ടും വായിക്കാന്‍ വേണ്ടി മാറ്റി വയ്ക്കുന്നു. ഇക്കാര്യം പിന്നീട് ഓര്‍മിപ്പിക്കണം എന്നു ‘സിരി’യെ അറിയിച്ചാല്‍ നിങ്ങളുടെ ‘റിമൈന്‍ഡറു’കളുടെ കൂട്ടത്തില്‍ ‘സിരി’ അതു ചേര്‍ക്കുന്നു. സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഇത്തരം റിമൈണ്ടറുകള്‍ വയ്ക്കാം, ‘ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഓര്‍മിപ്പിക്കണം’ എന്ന മട്ടില്‍.

മറ്റൊന്ന്, ആപ്പിളിന്റെ ‘കാര്‍ പ്ലേ’ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ആണെങ്കില്‍ നിങ്ങള്‍ കാറില്‍ കയറിയിരിക്കുമ്പോള്‍ ‘സിരി’യ്ക്കറിയാം. കഴിഞ്ഞ തവണ വണ്ടി ഗാരേജില്‍ കയറ്റുമ്പോള്‍ ഇന്ധനം കുറവായിരുന്നു എന്നിരിയ്ക്കട്ടെ. അടുത്ത തവണ നിങ്ങള്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കാന്‍ ‘സിരി’യ്ക്കാവും.

സെര്‍ച്ച് ബാര്‍ (search bar) ഉപയോഗിച്ച് ആപ്പുകള്‍ വേഗം കണ്ടുപിടിയ്ക്കാം: 

നിങ്ങളുടെ ഐഫോണിന് ഒരു സെര്‍ച്ച് ബാര്‍ ഉണ്ടെന്നും എന്നാല്‍ മിക്കയാളുകളും അത് ഉപയോഗിക്കാറില്ലെന്നും അറിയാമോ? ഹോം സ്‌ക്രീനില്‍ (home screen) ഏതെങ്കിലും ഒരു ഭാഗത്ത് നിന്നു താഴേക്കു വിരലോടിക്കൂ, മുകളില്‍ സെര്‍ച്ച് ബാര്‍ വരുന്നത് കാണാം. ആപ്പുകളിലൂടെ തിരഞ്ഞു തിരഞ്ഞു നീങ്ങുന്നതിന് പകരം ഈ സെര്‍ച്ച് ബാറില്‍ അടിച്ചു കൊടുത്തു, വേണ്ട ആപ്പ് എടുത്തു തുറക്കാം. ആപ്പിള്‍ ഐഒഎസ് 9ല്‍ സെറ്റിങ്ങുകള്‍ക്കും (settings) ഒരു സെര്‍ച്ച് ബാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മെനുവില്‍ പോയി സമയം കളയണ്ട.

സെര്‍ച്ച് ബാര്‍ കണക്കു കൂട്ടാനും: 

കേട്ടാല്‍ നിസ്സാരം ആണെങ്കിലും സമയം ലാഭിക്കാം. ഫോണില്‍ കാല്‍കുലേറ്റര്‍ ആപ്പ് ഉണ്ടെങ്കിലും ചെറിയ കണക്കുകൂട്ടലുകള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഇത് നല്ലതാണ്. മനക്കണക്ക് കൂട്ടാനുള്ള കഴിവൊക്കെ കുറഞ്ഞു വരുമ്പോള്‍ എനിക്കിത് ഉപകാരപ്പെടാറുണ്ട്. നേരെ പോയി സര്‍ച്ച് ബാര്‍ തുറന്ന്! ഹോട്ടലില്‍ കഴിച്ച ഭക്ഷണത്തിന്റെ പൈസയുടെ 20% എടുത്താല്‍ അറിയാമല്ലോ എത്ര ടിപ്പ് കൊടുക്കണമെന്ന്.

പല ആപ്പുകള്‍ മാറ്റി മാറ്റി ഉപയോഗിക്കാന്‍ എളുപ്പം: 

ഐഒഎസ് 9 എന്റെയാ വലിയ ബുദ്ധിമുട്ടിനു പരിഹാരമുണ്ടാക്കി. ആപ്പിളിന്റെ ഹോം  ബട്ടണില്‍ 2 തവണ ടാപ്പ് ചെയ്താല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്പുകളും കാണാമെന്നും ഒന്നിനിടയ്ക്ക് മറ്റൊന്നെടുത്ത് ഉപയോഗിക്കാം എന്നും നിങ്ങള്‍ക്ക് അറിയാമായിരിക്കും. പക്ഷേ ഒരു ന്യൂസ് ലെറ്റര്‍ പോലെ പല ലിങ്കുകള്‍ ഉള്ള ഒരു മെസേജ് നിങ്ങള്‍ വായിക്കുകയാണെങ്കില്‍ മെയിലിനും ലിങ്കുകള്‍ തുറന്നുള്ള ബ്രൌസറിനും ഇടയ്ക്കു മാറി മാറിയുള്ള വായന ഒരു ശല്യമായി തോന്നാം.

ആപ്പിള്‍ വളരെ എളുപ്പവും ഗുണമുള്ളതുമായ ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ട്; ബാക്ക് ബട്ടണ്‍ . ഒരു ആപ്പില്‍ നിന്നു മറ്റൊന്നിലേയ്ക്ക് പോകുമ്പോള്‍ മുകളിലെ മൂലയില്‍ ചെറിയൊരു ടെക്സ്റ്റ് കാണാം. അത് നിങ്ങളെ തൊട്ടു മുന്നിലെ ആപ്പിലേയ്ക്ക് തിരികെ കൊണ്ട് പോകും. ചെറിയ മാറ്റം; പക്ഷേ ശരിക്കും ഉപയോഗപ്രദം.

പെട്ടെന്നു മറുപടികള്‍ അയയ്ക്കാം:

ഇതൊരു സുന്ദരന്‍ ടിപ് ആണെന്ന് പറയാതെ വയ്യ. ലോക്ക് ചെയ്ത ഫോണില്‍ നിന്നു മെസ്സെജുകള്‍ക്ക് മറുപടി അയയ്ക്കാന്‍ പറ്റുമെന്ന് അറിയാമായിരുന്നോ? ‘Touch ID and Passcode’ മെനുവില്‍ നിന്നു ലോക്ക് ചെയ്തിരിക്കുന്ന സമയത്തും മെസ്സെജുകളിലേയ്ക്ക് access കൊടുക്കുക. പിന്നെ മറുപടി അയയ്‌ക്കേണ്ടപ്പോള്‍ വലത്തേയ്ക്ക് വിരലോടിച്ചാല്‍ ‘reply’ എന്നു കാണാം. അത് തുറന്നു ടൈപ്പ് ചെയ്തു തുടങ്ങാം. മെസേജ് വരുമ്പോള്‍ ഉള്ള ‘drop down notification’ താഴേക്കു നീക്കിയാലും മറുപടിക്കുള്ള സ്ഥലം കാണാം, മെസേജ് തുറക്കാതെ തന്നെ. ഒരു പ്രശ്‌നം നിങ്ങളുടെ ഫോണ്‍ തുറക്കാതെ തന്നെ ആര്‍ക്കു വേണമെങ്കിലും മറുപടികള്‍ അയക്കാം എന്നതാണ്; ഇതുപയോഗിക്കുമ്പോള്‍ ഫോണുകള്‍ മറന്നു വയ്ക്കാതിരിക്കുക.

മീറ്റിങ്ങുകള്‍ക്കുള്ള ക്ഷണം (invite) സ്വീകരിക്കാനും നിരസിക്കാനും ഇതുപയോഗിക്കാം; മെസേജ്/ മെയില്‍ തുറക്കാതെ തന്നെ. ഒരുപാട് സമയം ഞാന്‍ അങ്ങനെ ലാഭിച്ചിട്ടുണ്ട്.

മെയിലുകളിലെ പടങ്ങളിലും ഫയലുകളിലും കുറിപ്പുകള്‍ എഴുതാനും എഡിറ്റ് ചെയ്യാനും സാധിയ്ക്കുന്നു:

ആപ്പിള്‍ ഐഒഎസ്  9ല്‍ ഒരു ഫയല്‍ മെയിലിന്റെ കൂടെ അയയ്ക്കാന്‍ മെയില്‍ ബോഡിയില്‍ ടാപ്പ് (tap) ചെയ്തു ഒന്നു രണ്ടു നിമിഷം തുടര്‍ച്ചയായി വിരല്‍ അമര്‍ത്തിയാള്‍ മതി. ശേഷം അറ്റാച്ച്‌മെന്റില്‍ ടാപ്പ് ചെയ്യുമ്പോള്‍ ‘മാര്‍ക്കപ്പ്’ തെരഞ്ഞെടുക്കാം. വരയ്ക്കാനും ടൈപ്പ് ചെയ്യാനുമുള്ള പ്രാഥമിക ടൂളുകള്‍ ഉള്ള സ്‌ക്രീന്‍ തുറന്നു വരും. ഫയല്‍ രേഖകളിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വട്ടം വരച്ചു എടുത്തു കാണിക്കാനൊക്കെ ഇതുപയോഗിക്കാം; കുറിപ്പുകളുമെഴുതാം.

രേഖകളില്‍ ഒപ്പിടാന്‍:

ഇതും ‘മാര്‍ക്കപ്പ്’ (markup) മെനുവില്‍ ഉള്ള സൌകര്യമാണ്. മെയില്‍ ആപ്പ് ഉപയോഗിച്ച് ഒപ്പിടാന്‍ പറ്റുന്നു. ആപ്പിള്‍ മാകില്‍ (Mac) ‘preview application’ ഉപയോഗിച്ചിട്ടുണ്ടോ? ഇത് അതുപോലൊന്നാണ്. നിങ്ങളുടെ ഒപ്പിന്റെ മാതൃക സേവ് ചെയ്തു ആവശ്യമുള്ള സ്ഥലങ്ങളില്‍, വലുപ്പം ശരിയാക്കി പതിയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം, ആ ഫോണ്‍ ഉപയോഗിക്കാന്‍ കിട്ടുന്ന ആര്‍ക്കും, ഈ ടൂളിനെ കുറിച്ച് അറിയാമെങ്കില്‍ നിങ്ങള്‍ക്ക് പകരം രേഖകളില്‍ ഒപ്പിടാം.

ബോണസായി കീബോര്‍ഡ് ടിപ് കൂടെ:

പഴയതാണ്, പക്ഷേ വര്‍ഷങ്ങളായി സമയം ലഭിക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്നു. ‘കീബോര്‍ഡ്’ മെനുവില്‍ പോയി ‘text replacement’ മെനുഎടുത്ത് നിങ്ങള്‍ക്കു വേണ്ട കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഉണ്ടാക്കാം. അത് വഴി സ്ഥിരമായി ഉപയോഗിയ്ക്കുന്ന വാക്കുകള്‍ ഷോര്‍ട്ട്കട്ട് അടിക്കുമ്പോള്‍ തനിയെ വന്നുകൊള്ളും.

ഇങ്ങനെ ഉള്ള കുറുക്കുവഴി വാക്കുകള്‍ നിത്യോപയോഗത്തില്‍ ഉള്ളവ ആകാതിരിക്കുന്നതാണ് നല്ലത്; ഈ ആവശ്യത്തിന് വേണ്ടി മാത്രം പ്രത്യേകം ടൈപ്പ് ചെയ്യാവുന്നവ ആകണം. ഉദാഹരണത്തിന് ഞാന്‍ ‘lnm,’ എന്നടിക്കുമ്പോള്‍ എന്റെ നീണ്ട പേര് തനിയെ വന്നുകൊള്ളും. അത് പോലെ, ‘oad’ എന്നു ടൈപ്പ് ചെയ്താല്‍ എന്റെ മുഴുവന്‍ ഓഫീസ് അഡ്ഡ്രെസ്സും വരും. നിത്യവും പല തവണ ഇവയൊക്കെ ഉപയോഗിക്കേണ്ടി വരുന്നത് കൊണ്ടുള്ള സമയലാഭം മാത്രമല്ല; ഓരോ തവണയും പുതുതായി ടൈപ്പ് ചെയ്യുമ്പോള്‍ വന്നേക്കാവുന്ന തെറ്റുകളും ഒഴിവാക്കാം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍