UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ മരണം; സംഭവം പുറത്തുവരുന്നത് രണ്ട് മാസത്തിന് ശേഷം; ഉറ്റബന്ധു അറസ്റ്റില്‍

മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഉറ്റബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന ഇയാളുടെ പേര് കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. രണ്ട് മാസം മുമ്പ് നടന്ന സംഭവം ഇന്നാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അതേസമയം കുട്ടി എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതിന് പിന്നാലെ ദൂരൂഹസാഹചര്യത്തില്‍ മരിച്ചതിന് സമാനമായ സംഭവമാണ് കുണ്ടറയിലും സംഭവിച്ചിരിക്കുന്നത.് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് കാര്യമായ നടപടിയെടുത്തില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതക സാധ്യത സംശയിക്കാവുന്ന കേസായിട്ടും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയില്‍ വന്‍തോതിലുള്ള രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പോലീസിന്റെ വീഴ്ച ദക്ഷിണ മേഖല ഐജി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിഎംഒയും ശിശുക്ഷേമ സമിതിയും മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും കുണ്ടറ പോലീസ് സ്‌റ്റേഷനിലേക്ക് ഉപരോധം സംഘടിപ്പിച്ചു.

ജനുവരി 15നാണ് കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാക്കിയിരുന്നു. ജനുവരി 16ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടം കൊല്ലം റൂറല്‍ എസ്പിയ്ക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയാണ് ഉണ്ടായതെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടില്‍ നിന്നും കണ്ടെടുത്ത പെണ്‍കുട്ടിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കത്ത് എന്നാല്‍ പഴയലിപിയിലാണ്. തിയതിയും ഒപ്പും സഹിതം തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് വിശ്വസിക്കുന്നുവെന്ന രീതിയിലാണ് ഇത്രനാളും പോലീസ് പെരുമാറിയത്. സമയമാകുമ്പോള്‍ പ്രതികളെ പിടിക്കുമെന്ന നിഷേധാത്മകമായ സമീപനമായിരുന്നു ഇക്കാലം വരെയും പോലീസിന്. അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ടെന്നും കുടുംബത്തെ ചോദ്യം ചെയ്യാന്‍ പ്രശ്‌നങ്ങളുണ്ടെന്നുമാണ് കുണ്ടറ സിഐ ആര്‍ സാബു പറഞ്ഞിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍