UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി സർക്കാരിനെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും 10 കാര്യങ്ങൾ

Avatar

ഡി ധനസുമോദ്

സ്വാതന്ത്ര്യ സമര സേനാനി തുടർ പെൻഷന് വേണ്ടി അയൽവാസി ഓരോ സർക്കാർ ഓഫിസും കയറി ഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് വര്‍ഷം ഒന്നര കഴിഞ്ഞു. ഓരോ തവണയും ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് നൽകുമ്പോൾ വീണ്ടും അടുത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. വില്ലേജ് ഓഫീസ്, തഹസിൽദാർ ഓഫീസ്, കളക്ട്രേറ്റ്, ഒടുവിൽ പാസാകുമ്പോൾ ഇതേ സർട്ടിഫിക്കറ്റുകൾ എജി ഓഫീസിൽ വീണ്ടും ഹാജരാക്കേണ്ടി വരും. ഇതേ നടത്തം, ഇതേ സർട്ടിഫിക്കറ്റുകൾ വീണ്ടും ആവർത്തിക്കേണ്ടിവരും. സർക്കാരിന്റെ രണ്ടു വകുപ്പുകൾക്ക് സർട്ടിഫിക്കറ്റ് ഷെയർ ചെയ്തു കൂടെ എന്ന് ചോദിക്കരുത്. സർക്കാർ കാര്യങ്ങൾ മുറപോലെ എന്നത് തന്നെ നയം. നടന്നു നടന്നു ചെരുപ്പ് തേഞ്ഞ അപേക്ഷക ഇത്തവണ എന്റെ ഒരു സുഹൃത്തുമായിട്ടാണ് പോയത്. അപേക്ഷകയെ പല ഡെസ്കുകൾ മാറ്റി വീണ്ടും ഓടിക്കുന്നത് കണ്ട സുഹൃത്ത് സർക്കാർ ഓഫിസറോട് ചോദിച്ചു “നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഫയലിൽ ഓരോ ജീവിതമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് മറന്നോ”? ഈ പഞ്ച്  ചോദ്യത്തിന് മുന്നിൽ സർക്കാർ ഉദ്യോഗസ്ഥൻ കുഞ്ചി ഒടിഞ്ഞു വീണു. പിന്നീടെല്ലാം ശര വേഗത്തിലായിരുന്നു. ഫയൽ പറന്നു. സുഹൃത്തിന്റെ മൊബൈൽ നമ്പർ കുറിച്ചെടുത്തു. ഇന്ന് രാവിലെ സർക്കാർ ഉദ്യോഗസ്ഥൻ വിളിച്ചിരിക്കുന്നു. ഫയൽ നമ്പർ മെസ്സേജ് ചെയ്തു. ഈ നമ്പറിൽ എജി ഓഫീസിൽ ബന്ധപ്പെടണം. നമുക്ക് വേഗം പെൻഷൻ ശരിയാക്കണം എന്നൊക്കെ പറയുന്നു. ഒരു നിമിഷത്തേക്ക്  “എനിക്ക് പ്രാന്തായതാണോ  അതോ നാട്ടുകാർക്ക് മൊത്തം പ്രാന്ത് ആയതാണോ” എന്ന സലിം കുമാർ ഡയലോഗ് ആലോചിച്ചു നിന്ന് പോയി. മുഖ്യമന്ത്രിയുടെ ഒറ്റവാചകത്തിനു  അത്രമേൽ ശക്തി ഉണ്ടായിരുന്നു.

പിണറായി മന്ത്രിസഭയുടെ ഇഷ്ടം പിടിച്ചു പറ്റിയ 10 തീരുമാനങ്ങള്‍
1. ക്ഷേമ പെൻഷൻ തുക ആയിരം രൂപയാക്കി വർധിപ്പിച്ചതും തുക ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചു നൽകുകയും ചെയ്തത് സർക്കാരിനോടുള്ള മതിപ്പുണ്ടാക്കി. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പിൽ പ്രധാന വാഗ്ദാനം ആയിരം രൂപ മാസ പെൻഷൻ എന്നതായിരുന്നു. വാക്ക് പാലിക്കുന്നവർ എന്ന പേര് ലഭിക്കാനും വിശ്വാസം നേടാനും ഉപകരിച്ചു.

2. അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ട 4 സ്‌കൂളുകൾ ഏറ്റെടുത്തു. സ്വകാര്യ സ്‌കൂളുകളെയും മാനേജ്‌മെന്റിനെയും സംരക്ഷിക്കാതെ പൊതു വിദ്യാഭ്യാസത്തിനു മേന്മ വർധിപ്പിക്കുന്ന നീക്കമായിരിക്കും പുതിയ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്ന് സാധാരണക്കാർക്ക് തോന്നി. സ്‌കൂൾ ഏറ്റെടുക്കൽ നടപടി വ്യാപക അംഗീകാരം നേടിയെടുത്തു.

3. സത്യസന്ധമായ നിലപാട് എടുത്തു എന്ന ഒറ്റ കുറ്റത്തിന്  യൂണിഫോം ധരിക്കേണ്ടാത്ത ചുമതലകളാണ് ജേക്കബ് തോമസ് കൂടുതലും ചെയ്തിരുന്നത്. വിജിലൻസ് ഡയറക്റ്റർ കസേരയിൽ ജേക്കബ് തോമസിനെ ഇരുത്തിയപ്പോൾ തന്നെ അഴിമതിക്കെതിരായ പോരാട്ടം ജനങ്ങൾ പ്രതീക്ഷിച്ചു. തെറ്റിയില്ല, കെ എം മാണിയുടെ കോഴിക്കേസിൽ എഫ്ഐആർ എത്തി നിൽക്കുന്നു. പിണറായി വിജയൻറെ നയം എന്തായിരിക്കും എന്ന് തിരിച്ചറിയാൻ ഇത്തരം ചില നടപടികൾ മാത്രം മതി. 

4. പിണറായി മന്ത്രി സഭയിൽ ഏറെ ഇഷ്ടം തോന്നിയ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയാണ്. കശുവണ്ടി തൊഴിലാളികളുടെ കണ്ണീരൊപ്പി ഫാക്ടറികള്‍ തുറന്നു. 18000 തൊഴിലാളികളാണ് ഫാക്ടറി പൂട്ടിയതോടെ വഴിയാധാരമായത്. ഇതിനു ഒരു പരിഹാരം മേഴ്സിക്കുട്ടിഅമ്മയും തൊഴിലാളി സംഘടനകളും കണ്ടെത്തിയതോടെ രാഷ്ട്രീയത്തിനു അതീതമായാണ് അവർ അംഗീകാരം നേടിയെടുത്തത്.

5. ഒരു മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപിയെ മാറ്റുന്നത് വളരെ അപൂർവമായ സംഭവമാണ്. എന്നാൽ ജിഷ കേസിൽ പ്രതിയെ പിടിച്ചതോടെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയത് സെൻകുമാറിന്റെ മാത്രം പ്രശ്നമായി മാറി.

6. എയർ കേരള, ആറന്മുള വിമാനത്താവളം തുടങ്ങിയ നടക്കാത്ത വിഷയങ്ങൾ ഇടയ്ക്കു പൊടി തട്ടി എടുക്കുന്ന രീതി അവസാനിപ്പിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

7. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ അവസരം ലഭിച്ച ആദിവാസി വിഭാഗത്തിൽപെടുന്ന  ബിനേഷ് ബാലന് യാത്രാക്കൂലിയും ഭാഷാ പ്രാവീണ്യം നേടാനുള്ള കോഴ്‌സിന് ചേരാൻ പണം തികഞ്ഞിരുന്നില്ല. ഈ വാർത്ത പുറത്തു വന്ന ഉടൻ മന്ത്രി എ കെ ബാലൻ ബിനേഷിനെ വിളിച്ചു വരുത്തി നേരത്തെ നൽകിയ അപേക്ഷയിൽ നടപടി ഉണ്ടാക്കി.

8. കൃഷിമന്ത്രി സുനിൽകുമാർ, മെത്രാൻ കായൽ സന്ദർശിച്ചതും കൃഷി ഇറക്കുമെന്ന പ്രഖ്യാപനവും കർഷകർക്കിടയിൽ ആത്മവിശ്വാസം വളർത്തി. ജൈവ പച്ചക്കറിക്ക് നൽകുന്ന പ്രോത്സാഹനം കേരളത്തെ പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തതയിലേക്കു പറിച്ചു നടുന്നു. നെല്ലുസംഭരണ തുക കർഷകർക്ക് കൊടുത്തു തീർത്തു.

9. മാവേലി സ്റ്റോറുകളിൽ അടുത്ത അഞ്ചു വർഷത്തേക്ക് സാധനങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്ന് തീരുമാനിച്ചു. വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചു നിർത്താൻ ഈ തീരുമാനം സഹായിക്കും. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലകുറയുന്നു.

10. മുഖ്യമന്ത്രിയ്ക്ക് സ്വന്തം നിലയില്‍ പാസാക്കാവുന്ന ദുരിതാശ്വാസ നിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. റവന്യൂ മന്ത്രിയുടേത് അയ്യായിരത്തില്‍ നിന്നു 25,000 രൂപയിലേക്കും ഉയര്‍ത്തി.  

അനിഷ്ടം വിളിച്ചു വരുത്തിയ നടപടികൾ
1. ഓഗസ്റ്റ് ആയിട്ടും പാഠപുസ്തകം സ്‌കൂളിൽ എത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ജൂലൈ മാസമായിട്ടും പുസ്തകം എത്താതിരുന്നതിനെ തുടർന്ന് സമരം ചെയ്ത ഇടതുപക്ഷം അതെല്ലാം സൗകര്യപൂർവം മറന്നു കളഞ്ഞു. 

2. മദ്യം വിളമ്പാൻ സാധിക്കാത്തതു ടുറിസം മേഖലയ്ക്ക് തിരിച്ചടിയായി എന്ന മന്ത്രിയുടെ പ്രസ്താവന ദോഷം ചെയ്തു. മദ്യം ഓൺലൈൻ വഴി വിറ്റഴിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും വ്യാപക എതിർപ്പ് ഉയർന്നതിനെ തുടർന്ന് ഉപേക്ഷിച്ചു.

3. എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനാക്കിയതും പിന്നീട് അദ്ദേഹം രാജി വച്ചൊഴിഞ്ഞതും വിവാദമായി. നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ കയ്യടി നേടി.

4. ഐസ്ക്രീം പെൺവാണിഭ കേസ് അട്ടിമറിച്ചത് വീണ്ടും അന്വഷിക്കണം എന്ന കേസ് വി എസ്  അച്യുതാനന്ദൻ രാഷ്ട്രീയ പ്രേരിതമായി ഉന്നയിക്കുന്നതാണ്‌  എന്ന് പറഞ്ഞ് ഇടതനുഭാവികളെ സർക്കാർ വെറുപ്പിച്ചു.

5. സ്പോർട്സ് ലോട്ടറി അഴിമതി ആരോപണം നിലനിൽക്കെ തന്നെ ടിപി ദാസനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ ആക്കി. അഞ്ജു ബോബി  ജോർജിനെതിരായ പരാമർശങ്ങൾ വിവാദമായി. 

6. സ്വാശ്രയ മെഡിക്കൽ, ഡന്റൽ പ്രവേശനം അലങ്കോലമായി.

7. മന്ത്രിസഭാ യോഗത്തിനു ശേഷം പതിവായി നടത്തുന്ന പത്രസമ്മേളനം പിണറായി വിജയൻ ഒഴിവാക്കി.

8. കൊലപാതക രാഷ്ട്രീയം ഇടതുകാലത്ത് വീണ്ടും തല ഉയർത്തി. പാടത്തു പണി വരമ്പത്തു കൂലി സിദ്ധാന്തം അനുകൂലികളെ പോലും എതിരാക്കി. കോടതി വെറുതെ വിട്ട കേസിലും പാർട്ടി കോടതി ശിക്ഷ നടപ്പിലാക്കി.

9. കണ്ണൂരിൽ ദളിത് സ്ത്രീകളെ ജയിലിൽ അടച്ചത് അവമതിപ്പു ഉണ്ടാക്കി. കുഞ്ഞുങ്ങളുമായി ആദ്യമായല്ല ജയിലിൽ പോകുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധത്തിനിടയാക്കി.

10. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി വിധിയും  ഭരണ ഘടന ബഞ്ചിന്റെ വിധിയും കേരളത്തിന് എതിരായിരുന്നു. തോൽക്കുമെന്ന് ഉറപ്പുള്ള കേസ് ആണ് കേരളം വര്‍ഷങ്ങളായി വാദിക്കുന്നത്. ഇതിനെതിരായി പ്രായോഗിക നിലപാട് പിണറായി ആദ്യം സ്വീകരിച്ചെങ്കിലും ഉറച്ചു നില്ക്കാൻ കഴിഞ്ഞില്ല. 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍