UPDATES

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും അടിയന്തര ആശ്വാസ നടപടികളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകും: പിണറായി

അഴിമുഖം പ്രതിനിധി

വികസനത്തിനുതകുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ജനങ്ങള്‍ക്കുള്ള അടിയന്തര ആശ്വാസ നടപടികളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ 100 ദിവസം പോരായെന്നും. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ദിശയെക്കുറിച്ച് സൂചന നല്‍കുന്നതാണെന്നും പിണറായി പറഞ്ഞു. 37200 പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കി. പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു. ഇതുവഴി 18000 പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റിന് പുറമെ സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപ അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിനിയോഗിച്ച് വികസനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.കാര്‍ഷിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടിയുടെ പാക്കേജാണ് പരിഗണനയിലുള്ളത്. നവംബര്‍ ഒന്നോടു കൂടി എല്ലാവര്‍ക്കും ശുചിമുറി യാഥാര്‍ത്ഥ്യമാക്കും. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 150 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് കൂടാതെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ ജപ്തിഭീഷണി നേരിടാനുള്ള കടാശ്വാസ പദ്ധതി ആവിഷകരിക്കും.മത്സ്യത്തൊഴിലാളികളുടെ ആശ്വാസത്തിന് 50 കോടി അനുവദിക്കും. എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യതയ്ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കും. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ജനപങ്കാളിത്തത്തോടെ ഹരിത കേരളം പദ്ധതി നടപ്പാക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. മയക്കുമരുന്നിനെതിരെ നടപടി സ്വീകരിക്കും, ഓരോ മേഖലയിലെയും തിരഞ്ഞെടുത്ത താലൂക്ക് ആസ്ഥാനത്ത് ഒന്നില്‍ നൂറ് വീടുകള്‍ എന്ന കണക്കില്‍ ആറ് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍