UPDATES

demon-etisation

10,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം

അഴിമുഖം പ്രതിനിധി

ഹൈദരാബാദില്‍ പേര് വെളിപ്പെടുത്താത്ത ഒരാള്‍, തന്റെ പക്കല്‍ 10,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് വെളിപ്പെടുത്തിയത് വെറും പുകയാണെന്ന് ആദായനികുതി വകുപ്പ്. 10,000 കോടി പോയിട്ട് ഒരു കോടി പോലും അദ്ദേഹത്തിന്റെ കൈയില്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നു. ജനങ്ങള്‍ സന്നദ്ധമായി 65,000 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തുമെന്ന് സ്വപ്‌നം കണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഐഡിഎസ് പദ്ധതി വഴി കള്ളപ്പണം വെളുപ്പെടുത്തുന്നവരുടെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് സംഭവം.

അതൊരു വ്യാജ വെളിപ്പെടുത്തലായിരുന്നു എന്ന് മാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ന്ല്‍കുന്ന വിവരം. വെളിപ്പെടുത്തിയ ആളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ മറ്റൊരു തട്ടിപ്പിന്റെ ഭാഗമാണോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തുവരുടെ അടുത്തേക്ക് യഥാര്‍ത്ഥ കള്ളപ്പണക്കാര്‍ക്ക് എത്താന്‍ സാധിക്കുമെന്നും നികുതി കൊടുത്ത് ഇത്തരത്തില്‍ കള്ളപ്പണം വെളിപ്പിക്കുന്നവരുടെ പേരുകള്‍ പുറത്ത് വരാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇതിനെ ഉപയോഗിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗുജറാത്തില്‍ നടന്ന സമാനസംഭവവും ഇത്തരം ഒരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ പക്കല്‍ 13,860 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് അഹമ്മദാബാദിലെ വ്യവസായി ആയ മഹേഷ് ഷാ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിഴ അടയ്‌ക്കേണ്ട അവസാന തീയതിയായ നവംബര്‍ 30ന് മുമ്പ് അദ്ദേഹം മുങ്ങിയതായി കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉ്‌ദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പൊങ്ങിയ അദ്ദേഹം ഇപ്പോള്‍ പറയുന്നത് കള്ളപ്പണം തന്റേതല്ലെന്നാണ്. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെയും കച്ചവടക്കാരുടെയും കള്ളപ്പണമാണ് താന്‍ വെളിപ്പെടുത്തിയതില്‍ ഉള്ളതെന്നാണ് ഷാ ഇപ്പോള്‍ പറയുന്നത്. ഇത്തരം ഒരു നാടകം കളിക്കുന്നതിന് തനിക്ക് കമ്മീഷന്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായും 67 കാരനായ ഗുജറാത്തി കച്ചവടക്കാരന്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഈ വ്യാജ വെളിപ്പെടുത്തല്‍ ആന്ധ്രപ്രദേശില്‍ വലിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വെളിപ്പെടുത്തിയ വ്യക്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഢിയാണെന്ന് തെലുങ്കുദേശം നേതാവും അന്ധ്ര മന്ത്രിയുമായ ദേവിനേനി ഉമ മഹേശ്വരറാവു ആരോപിച്ചു. എന്നാല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെയു മകന്‍ നാരാ ലോകേഷിന്റെയും കള്ളപ്പണം വെളുപ്പിക്കാനാണ് ഇത്തരം ഒരു നാടകമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍