UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യ കുടിയേറ്റത്തിന്റെ പുതിയ തെളിവുകള്‍

Avatar

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ ലഡാക്കില്‍ 8500 ബിസിയിലേതെന്ന് കരുതുന്ന ഒരു അതിപുരാതന യാത്രാതാവളം പുരാവസ്തു വകുപ്പ് (ASI) കണ്ടെത്തിയിരിക്കുന്നു. ഇവിടെ 10,500 കൊല്ലങ്ങള്‍ക്കു മുമ്പും മനുഷ്യര്‍ താമസിച്ചിരുന്നു എന്നതിന്റെ സൂചനയാണിത്. നൂബ്ര താഴ്‌വരയിലെ പര്യവേക്ഷണത്തിനിടയിലാണ് എ എസ് ഐ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ എസ് ബി ഒറ്റയുടെ നേതൃത്വത്തിലുള്ള സംഘം സസെര്‍ ലായിലേക്കുള്ള വഴിയില്‍ ഈ കേന്ദ്രം കണ്ടെത്തിയത്. നവീനശിലായുഗകാലത്തെ മനുഷ്യകുടിയേറ്റങ്ങളിലേക്കുള്ള സൂചനകള്‍ നല്‍കാന്‍ ഇതിനു കഴിയുമെന്ന് കരുതാം. ലഡാക്കിലെ കാരക്കോറം പാതയിലേക്കാണ് സസെര്‍ ലായിലൂടെ പോയാല്‍ എത്തുന്നത്. 

അതൊരു നിരപ്പായ ചെറിയ പ്രദേശമാണ്. ഒരു വശത്ത് മഞ്ഞുമൂടിയ മലകള്‍. ചുറ്റും വരണ്ട മണ്ണും ഇളകിയ പാറകളും. ആഴത്തിലുള്ള പടിഞ്ഞാറന്‍ മലയിടുക്കുകളില്‍ നിന്നും പതഞ്ഞൊഴുകുന്ന ജലപ്രവാഹം. താവളമടിക്കാന്‍ എന്തുകൊണ്ടും പറ്റിയ സുന്ദരമായ സ്ഥലം. ഇവിടെനിന്നും കണ്ടെടുത്ത ഒരു കല്‍ക്കരികഷ്ണം ഫ്‌ളോറിഡയിലെ പരിശോധനശാലയില്‍ റേഡിയോ കാര്‍ബണ്‍ പരിശോധന നടത്തിയപ്പോള്‍ 8500 ബി സിയോളം പഴക്കമുണ്ടെന്ന് കണ്ടു. കണ്ടെത്തലിന്റെ പ്രാധാന്യം മനസിലാക്കിയ എ എസ് ഐ സംഘം കഴിഞ്ഞ മാസം കൂടുതല്‍ പരിശോധനകള്‍ക്കായി സ്ഥലത്തെത്തി. 

കൂടുതല്‍ പുരാവസ്തു ഗവേഷണത്തിനുള്ള സാധ്യത സംഘം പരിശോധിച്ചുവരികയാണ്. കൂടുതല്‍ തെരച്ചിലില്‍ കല്‍ക്കരി കഷ്ണങ്ങളും എല്ലിന്‍ കഷ്ണങ്ങളും ശേഖരിച്ചിട്ടുണ്ട്. കീഴ്തട്ടില്‍ നിന്നും മേല്‍ തട്ടില്‍ നിന്നും കണ്ടെടുത്ത രണ്ടു കല്‍ക്കരി കഷ്ണങ്ങള്‍ റേഡിയോ കാര്‍ബണ്‍ പരിശോധന നടത്തിയപ്പോള്‍ യഥാക്രമം 8500 ബി സി, 7300 ബി സി (ഇപ്പോള്‍ 10,500 വര്‍ഷം, 9300 വര്‍ഷം) കാലത്തെ പഴക്കമുള്ളവയാണെന്ന് കണ്ടു. ഇത് മുമ്പ് കണ്ടെത്തിയ തെളിവുകളെ ശരിവയ്ക്കുന്നു. ഏതാണ്ട് 800 കൊല്ലം മുമ്പും ഇവിടെ തുടര്‍ച്ചയായ മനുഷ്യ ഇടപെടലുകള്‍ ഉണ്ടായിരുന്നതായി സൂചനകള്‍ കാണിക്കുന്നു. പൂനെ ഡെക്കാന്‍ കോളേജിലെ പി പി ജോഗ്ലെക്കര്‍ നടത്തിയ, ഇവിടെനിന്നും കണ്ടെത്തിയ കത്തിക്കരിഞ്ഞ എല്ലിന്‍ കഷ്ണങ്ങളുടെ പ്രാഥമിക പഠനം കാണിക്കുന്നത് ഗോരെല്‍, യാക് എന്നിവയുടെ സാന്നിധ്യമാണ്. ആരായിരുന്നു ആ മനുഷ്യര്‍, അവര്‍ എവിടെനിന്നും വന്നു എന്നതാണ് ഇനിയുള്ള ചോദ്യങ്ങള്‍. 

കരിഞ്ഞ എല്ലിന്റെയും കല്‍ക്കരി കഷ്ണങ്ങളുടെയും ജൈവമാതൃകകള്‍ റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ ഉപയോഗിച്ച് കാലഗണന നടത്തുന്ന കാര്‍ബിണ്‍14 കാലഗണന പ്രക്രിയയ്ക്കു വിധേയമാക്കി(പുരാതനമായ ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള ഒരു രീതിയാണിത്. ഫോസിലുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തെ അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയില്‍ കാലപ്പഴക്കം നിശ്ചയിക്കുന്നത്. ജീവികള്‍ വായുവില്‍ നിന്ന് കാര്‍ബണ്‍14 ഐസോട്ടോപ്പിനെ വളരെ ചെറിയ അളവില്‍ ആഗിരണം ചെയ്യുന്നുണ്ട്. പക്ഷേ മരണം സംഭവിക്കുമ്പോള്‍ ഈ പ്രക്രിയ നിലയ്ക്കുകയും ശരീരത്തിനകത്തെ കാര്‍ബണ്‍14 ഐസോട്ടോപ്പ് ഒരു സ്ഥിരമായ നിര റേഡിയോ ആക്റ്റീവ് നശീകരണത്തിനു വിധേയമാകാന്‍ തുടങ്ങുകയും ചെയ്യുന്നു. കാര്‍ബണ്‍14 ന്റെ അര്‍ദ്ധായുസ്സ് 5730 വര്‍ഷങ്ങളാണെന്നു ശാസ്ത്രകാരന്മാര്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വസ്തു ഇപ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിര്‍ണയിക്കാം).

‘ഇതൊരു ‘വരണ്ട മഞ്ഞു മരുഭൂമി’ പ്രദേശം, മൈനസ് മുപ്പതു ഡിഗ്രിക്കും മൈനസ് 40 ഡിഗ്രിക്കുമിടയില്‍ താപനില മാറുന്ന ഒന്നായാണ് അറിയപ്പെടുന്നത് എന്നതിനാല്‍ സുപ്രധാനമായ കണ്ടുപിടിത്തമാണിത്. വളരെക്കുറവു ചെടികളെ ഇവിടുള്ളൂ, ജീവിക്കാന്‍ വലിയ പാടാണ്. ഇത്തരം കടുപ്പമേറിയ സ്ഥലങ്ങളിലും മനുഷ്യര്‍ പിടിച്ചുനിന്നിരുന്നു എന്നതിനാല്‍ വളരെ ചരിത്രപ്രാധാന്യമുള്ള ഒന്നാണിത്’ ; ഒറ്റ പറഞ്ഞു. 

മനുഷ്യ കുടിയേറ്റത്തെക്കുറിച്ചുള്ള പുതിയ അദ്ധ്യായങ്ങള്‍ തുറക്കാന്‍ പ്രാപ്തമാണ് ഇതെന്ന് ഐ ഐ ടി ഖരക്പൂരിലെ ഭൗമശാസ്ത്ര വിഭാഗം തലവന്‍ അനിന്ദ്യ സര്‍ക്കാര്‍ പറഞ്ഞു. ‘ഇപ്പോള്‍ ആസൂത്രിതമായ താമസത്തിന്റെ തെളിവില്ല. ഇതു കാണിക്കുന്നത് അവിടെയുണ്ടായിരുന്ന മനുഷ്യര്‍ നവീന ശിലായുഗത്തില്‍ വേട്ടയാടലും ശേഖരിക്കലും എന്ന ഘട്ടത്തില്‍ നിന്നും ആദിമ കാര്‍ഷിക ഘട്ടത്തിലേക്കുള്ള പരിവര്‍ത്ത നം ചെയ്യപ്പെട്ടവരായിരിക്കാം; സര്‍ക്കാര്‍ പറഞ്ഞു. ലഡാക്കില്‍ നവീന ശിലായുഗത്തില്‍പ്പെട്ട നിരവധി ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കശ്മീരിലെ ബൂര്‍ജുമാനിലും ഇത്തരം ശിലാലിഖിതങ്ങളുണ്ട്. ‘കുടിയേറ്റത്തിന്റെ ദിശ പഠനവിധേയമാക്കണം.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍