UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹോദരന് വേണ്ടി പ്രതികാരം: പതിനൊന്നാം ക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു

ഒരുവട്ടം മാത്രമാണ് വെടിയുതിര്‍ത്തതെന്ന് പോലീസ്

ഉത്തര്‍പ്രദേശിലെ ഖാസിയാബാദില്‍ സഹോദരന് വേണ്ടി പ്രതികാരം ചെയ്യാന്‍ പതിനൊന്നാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ വച്ച് സഹപാഠിയെ വെടിവച്ചു. കുട്ടിയുടെ അരയ്ക്ക് താഴെയാണ് വെടിയേറ്റതെന്നും കുട്ടി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഖാസിയാബാദ് ഗോവിന്ദപുരം ഡറാഡൂണ്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത കുട്ടിയുടെ സഹോദരനും വെടിയേറ്റ കുട്ടിയുമായി നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ആക്രമണം. സഹോദരനുമായുള്ള പ്രശ്‌നത്തില്‍ പ്രതികാരം ചെയ്യാന്‍ മൂന്ന് സുഹൃത്തുക്കളുമായി ക്ലാസ് മുറിയില്‍ എത്തിയ വിദ്യാര്‍ത്ഥി വെടിയേറ്റ കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും തുടര്‍ന്ന് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു.

ഉടന്‍ തന്നെ അധ്യാപകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കുട്ടികളെ പിടിച്ചുമാറ്റുകയുമായിരുന്നു. ഒരുവട്ടം മാത്രമാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിക്ക് തോക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് അന്വേഷിച്ചുവരികയാണ്. ഇതിനായി കുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഇപ്പോള്‍ താല്‍ക്കാലികമായി പോലീസ് കസ്റ്റഡിയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍