UPDATES

ട്രെന്‍ഡിങ്ങ്

മുട്ടറ്റമുള്ള പാവട ലൈംഗികവികാരമുണ്ടാക്കുമെന്ന്; 12കാരിക്ക് ചെസ് മത്സരത്തില്‍ വിലക്ക്

വസ്ത്രം മാറിവന്നാല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാമെന്നായിരുന്നു അധികൃതരുടെ നിലപാട്

മുട്ടറ്റംവരെയുള്ള പാവട മറ്റുള്ളവരില്‍ ലൈംഗികവിചാരം ഉണ്ടാക്കുമെന്ന കാരണം പറഞ്ഞു 12 കാരിയെ ചെസ് മത്സരം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. മലേഷ്യയിലാണു സംഭവം. ഈവര്‍ഷത്തെ നാഷണല്‍ സ്‌കോളസ്റ്റിക് ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കിടയിലായിരുന്നു ഇങ്ങനെയൊരു വിവാദം നടന്നത്.

ക്വാലാലംപൂരിലെ പ്രാദേശിക ചെസ് ചാമ്പ്യന്‍ കൂടിയായ 12 കാരിക്കു ചാമ്പ്യന്‍ഷിപ്പിനിടയില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് കുട്ടിയുടെ കോച്ച് കൗശല്‍ ഖാണ്ടര്‍ ആണു പുറംലോകത്തെ അറിയിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അദ്ദേഹം ഈ സംഭവം എഴുതി.

രണ്ടാം റൗണ്ട് പകുതിയില്‍ എത്തിനില്‍ക്കുന്ന സമയത്താണ് ചാമ്പ്യന്‍ഷിപ്പ് ഡയറക്ടറും ചാമ്പ്യന്‍ഷിപ്പിന്റെ ചീഫ് ആര്‍ബിറ്ററും മത്സരത്തില്‍ നിന്നും സ്വയം പിന്‍വാങ്ങാനുള്ള നിര്‍ദേശം കുട്ടിക്ക് നല്‍കുന്നത്.

ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്  മുട്ടിനു മുകളില്‍ എത്തി നില്‍ക്കുന്ന കുട്ടിയുടെ വേഷം ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതാണെന്നും മറ്റുള്ളവരെ പ്രലോഭിപ്പിക്കുമെന്നും ഇങ്ങനെയൊരു വസ്ത്രം ധരിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധ്യമല്ലെന്നുമുള്ള വിവരം അമ്മയോട് അറിയിക്കുന്നത്. മത്സരം തുടങ്ങണമെങ്കില്‍ മുഴുനീളമുള്ള ട്രൗസര്‍ ധരിക്കണമെന്നും നിര്‍ദേശംവച്ചു. അടുത്തുള്ള മാളില്‍ പോയി വസ്ത്രം വാങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയുടെ പാകത്തിനുള്ള വസ്ത്രം കിട്ടാതെ വന്നു. അതുകൊണ്ട് മത്സരത്തില്‍ തുടര്‍ന്നു പങ്കെടുക്കാനും അനുവാദം കിട്ടിയില്ല. ഇതോടെ കുട്ടി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ഇങ്ങനെയൊരു അനുഭവം ഉണ്ടായതില്‍ കടുത്ത മാനസികവിഷമത്തിലാണ് കുട്ടിയിപ്പോള്‍ ഉള്ളതെന്നും കോച്ച് എഴുതുന്നു.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നുമാത്രമാണ് ലോക ചെസ് ഫെഡറേഷനായ ഫിഡെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ചാമ്പ്യന്‍ഷിപ്പ് അധികൃതരുടേത് നിയമവിരുദ്ധമായ നടപടിയാണെന്നും ഇതിനെതിരേ പരാതി നല്‍കുമെന്നും കൗശല്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍