UPDATES

വിദേശം

എന്റെ വീടെവിടെ? കിടക്കയും കളിപ്പാട്ടങ്ങളുമെവിടെ?

Avatar

മൈക്കല്‍ ഇ മില്ലര്‍
ദ് വാഷിങ്ടണ്‍ പോസ്റ്റ്

സ്വീഡനിലെ മാല്‍മോയില്‍ സ്‌കൂള്‍ കൗണ്‍സിലറെന്ന നിലയ്ക്ക് അനേകം ദുരിതകഥകള്‍ പൂജ ഷരാഫി കേട്ടിട്ടുണ്ട്. സോഫിലന്‍ഡ്‌ല്‌കോലന്‍ സ്‌കൂളില്‍ ഷരാഫിയുടെ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്നും ‘പുതുതായി ചേര്‍ന്നവരാ’ണ്. അവര്‍ സ്വീഡനിലെത്തിയിട്ട് നാലുവര്‍ഷത്തിലേറെ ആയിട്ടില്ലെന്നര്‍ത്ഥം.

ഇറാഖ്, സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ യുദ്ധഭൂമികളില്‍നിന്നു രക്ഷപെട്ടവരാണ് ഏറെയും. ഇവിടം വരെ എത്തുംമുന്‍പ് നരകയാതനകളിലൂടെ കടന്നുപോയവരാണിവര്‍.

ഈ മാസം ആദ്യം വിദ്യാര്‍ത്ഥികളില്‍നിന്ന് ഇതുവരെ അഭിമുഖീകരിക്കേണ്ടിവരാത്ത ഒരു ആവശ്യമാണ് ഷരാഫിക്കുമുന്നിലെത്തിയത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ രാജാവിന്റെ മേല്‍വിലാസം ആവശ്യപ്പെട്ടു.

അഹമ്മദ് എന്നു പേരുള്ള പന്ത്രണ്ടുവയസുകാരനാണ് ആവശ്യം ഉന്നയിച്ചത്. സിറിയക്കാരനായ അഹമ്മദ് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം സ്വീഡനിലെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. എന്തിനാണ് രാജാവിന്റെ മേല്‍വിലാസമെന്ന ചോദ്യത്തിന് ‘എനിക്ക് അദ്ദേഹത്തോട് എന്റെ കഥ പറയണം’ എന്നായിരുന്നു ഉത്തരം.

അതൊരു കരളുരുകും കഥയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഷരാഫിയെ കാണിച്ച കത്തില്‍ അഹമ്മദ് തന്റെ കഥ പറഞ്ഞു. കണ്‍മുന്നില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെടുന്നതു കണ്ട, അലെപ്പോയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ താണ്ടി യൂറോപ്പിലെത്തിയ കഥ.

‘അവന്റെ കത്തുവായിച്ച് ഞാന്‍ കരഞ്ഞു’, ഷരാഫി വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു.

അലെപ്പോയില്‍ മരണത്തിനും തീയ്ക്കുമിടയില്‍നിന്നുള്ള അഹമ്മദിന്റെ രക്ഷപെടലിന്റെ കഥ വായിച്ചുകരഞ്ഞത് ഷരാഫി മാത്രമായിരുന്നില്ല. ഷരാഫിയുടെ സഹായത്തോടെ കത്ത് സ്‌കാന്‍ഡിനേവിയന്‍ എയര്‍വേവ്‌സിലെത്തിച്ച അഹമ്മദ് കിങ് കാള്‍ ഗസ്റ്റാഫിനെ കാണാമെന്ന പ്രതീക്ഷയിലാണ്.

എന്നാല്‍ അഹമ്മദിന്റെ സ്വപ്‌നം പാഴാണെന്നു കരുതുന്നവരുമുണ്ട്.

യൂറോപ്പിലെവിടെയും അഹമ്മദിനെക്കാള്‍ ഏതാനും വര്‍ഷം മാത്രം പ്രായക്കൂടുതലുള്ള ചെറുപ്പക്കാരായ അഭയാര്‍ത്ഥികള്‍ വിവാദവിഷയമാണ്. ജര്‍മനിയില്‍ പുതുവര്‍ഷത്തലേന്ന് മോഷണശ്രമങ്ങളും ലൈംഗിക അതിക്രമവും അവര്‍ക്കുമേല്‍ ആരോപിക്കപ്പെട്ടു. ഫ്രാന്‍സില്‍ പാരിസ് ഭീകരാക്രമണത്തിനുശേഷം ഇവരെ ആളുകള്‍ സംശയദൃഷ്ടിയോടെയാണു കാണുന്നത്. ഏറ്റവുമധികം അഭയാര്‍ത്ഥികളെ സ്വീകരിച്ചുകഴിഞ്ഞ സ്വീഡനില്‍പ്പോലും ചില സംഭവങ്ങളെത്തുടര്‍ന്ന് ഇവരെ സ്വീകരിക്കാന്‍ തദ്ദേശീയര്‍ മടിക്കുന്നു.

ഓഗസ്റ്റില്‍ അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ട ഒരു എറിത്രിയക്കാരന്‍ ഐകെഇഎയ്ക്കുള്ളില്‍ ഒരു സ്ത്രീയെയും മകനെയും കുത്തിക്കൊലപ്പെടുത്തി.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കൂടെ ആരുമില്ലാത്ത അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള കേന്ദ്രത്തില്‍ നടന്ന വഴക്കില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

യൂറോപ്പിലെത്തുന്ന അഭയാര്‍ത്ഥികളുടെ സുരക്ഷിതതാവളമായി കണക്കാക്കപ്പെട്ടിരുന്ന സ്വീഡന്‍ ഇന്ന് അഭയാര്‍ത്ഥികളോട് മുഖംതിരിക്കുകയാണ്. അതിര്‍ത്തി അടയ്ക്കുക മാത്രമല്ല 60,000 മുതല്‍ 80,000 വരെ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാനും സ്വീഡന്‍ തീരുമാനിച്ചുകഴിഞ്ഞു.

കുടിയേറ്റത്തെ എതിര്‍ക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് ജനപിന്തുണ വര്‍ധിച്ചുവരികയാണ്. ഈയിടെ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പില്‍ 40 ശതമാനം ആളുകളും കുടിയേറ്റവും കുടിയേറ്റക്കാരുടെ സംയോജനവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നു പറഞ്ഞു.

ആശങ്കകള്‍ മാറ്റിവച്ച് അഭയാര്‍ത്ഥികളെ മുതല്‍ക്കൂട്ടായി കാണണമെന്നാണ് അഹമ്മദിന്റെ കത്ത് കാണിച്ചുതരുന്നതെന്ന് ഷരാഫി പറയുന്നു.

‘വരുന്ന ആളുകള്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും അവരെ ഉള്‍ക്കൊള്ളാന്‍ തയാറാകുകയും ചെയ്യുന്നതിനുപകരം സ്വീഡന്‍ കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുത കാണിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും അഭയാര്‍ത്ഥികള്‍ക്കു നേരെ വിരല്‍ ചൂണ്ടുകയുമാണ്. രാജ്യത്തിന് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള ആളുകളെന്ന നിലയ്ക്ക് അവരെ സ്വീകരിക്കുകയാണു നാം ചെയ്യേണ്ടത്’.|

അഭയാര്‍ത്ഥികള്‍ക്ക് എങ്ങനെ സ്വീഡനെ സഹായിക്കാനാകും എന്നതിനെപ്പറ്റി നേരിട്ട് അറിവുള്ളയാളാണ് ഷരാഫി. ഷരാഫിയുടെ മാതാപിതാക്കള്‍ ഇറാനില്‍നിന്നു വന്നവരാണ്. ആദ്യതലമുറ സ്വീഡന്‍കാരനെന്ന വ്യക്തിത്വം പുതുതായെത്തുന്ന അഭയാര്‍ത്ഥികളോടു സംസാരിക്കാന്‍ ഷരാഫിയെ പ്രാപ്തനാക്കുന്നു.

തന്റെ കത്ത് രാജാവിന് അയയ്ക്കാന്‍ സഹായിക്കണമെന്ന് അഹമ്മദ് ആവശ്യപ്പെട്ടപ്പോള്‍ ഷരാഫി സമ്മതിച്ചു. പക്ഷേ അത് സമൂഹമാധ്യമങ്ങളില്‍ എത്തിക്കാമെന്നൊരു നിര്‍ദേശവും നല്‍കി. ഇരുവരും ചേര്‍ന്ന് ‘ ബ്രെവ് ടില്‍ കുന്‍ജെന്‍ (രാജാവിനുള്ള കത്ത്)’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുറന്നു.

ഷരാഫി പേജില്‍ ഇങ്ങനെ എഴുതുന്നു:

‘എന്റെ പേര് പൂജ ഷരാഫി. മാല്‍മോയിലെ സോഫിലന്‍ഡ്‌ല്‌കോലന്‍ സ്‌കൂളില്‍ കൗണ്‍സിലറാണ് ഞാന്‍. എന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ അഹമ്മദ് രണ്ടാഴ്ച മുന്‍പ് എന്നെ കാണാന്‍ വന്നു. സിറിയയില്‍നിന്ന് സ്വീഡന്‍ വരെയുള്ള യാത്രയെപ്പറ്റിയും അതിലെ അനുഭവങ്ങളെപ്പറ്റിയും സംസാരിക്കാനാണു വന്നത്. കിങ് കാള്‍ ഗസ്റ്റാഫിന് ഒരു കത്തയയ്ക്കണമെന്നും അദ്ദേഹത്തെ കാണണമെന്നുമുള്ള ആഗ്രഹവും അഹമ്മദ് പ്രകടിപ്പിച്ചു. മാതൃഭാഷയായ അറബിയില്‍ കത്തെഴുതാന്‍ ഞാന്‍ അഹമ്മദിനോടു പറഞ്ഞു. ഇപ്പോള്‍ കത്തിന്റെ തര്‍ജമ പൂര്‍ത്തിയായി. കത്ത് എന്നെ കണ്ണീരണിയിച്ചു. ഇത് എല്ലാവരുമായും പങ്കുവയ്ക്കാനും അങ്ങനെ രാജാവിനടുത്തെത്തിക്കാനും എന്നെ സഹായിക്കുക.’

രണ്ടുഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ട അഹമ്മദിന്റെ കത്ത് ഇതാണ്:

‘ കിങ് ഗസ്റ്റാഫ്,

എന്റെ പേര് അഹമ്മദ്. എനിക്ക് 12 വയസായി. എനിക്ക് അച്ഛനും അമ്മയും സഹോദരനുമുണ്ട്. സിറിയയിലെ അലെപ്പോയില്‍ ഒരു മനോഹരമായ, സന്തോഷം നിറഞ്ഞ വീട്ടിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്റെ അച്ഛന് ഒരു വലിയ ഫാക്ടറിയും കുട്ടികളുടെ വസ്ത്രങ്ങളുടെ കടകളുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അച്ഛന്‍ ധാരാളം സമ്മാനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിത്തരുമായിരുന്നു. അച്ഛനും അമ്മയ്ക്കും കാറുകള്‍ ഉണ്ടായിരുന്നു. മിസൈലുകളുടെയും വെടിയുണ്ടകളുടെയും ഭീകരതയുടെയും ശബ്ദത്തോടെ യുദ്ധം വരുന്നതുവരെ ഞങ്ങള്‍ സന്തോഷമായി ജീവിച്ചു. അച്ഛന്റെ ഫാക്ടറി കത്തിനശിച്ചു. ഒന്നും അവശേഷിച്ചില്ല. ഞങ്ങള്‍ അനുഭവിച്ചിരുന്ന സന്തോഷം ഇല്ലാതായിത്തുടങ്ങി. ഞങ്ങളുടെ കണ്‍മുന്നില്‍ വെടിയേറ്റ് അദ്ധ്യാപകന്‍ മരിച്ചതോടെ എനിക്കു സ്‌കൂളില്‍ പോകാനും കഴിയാതെയായി. എനിക്ക് ആ നിമിഷങ്ങള്‍ മറക്കാനാകില്ല. അവ ഏറ്റവും മോശമായ നിമിഷങ്ങളായിരുന്നു.

ഫാക്ടറി കത്തിക്കൊണ്ടിരിക്കുകയാണെന്ന് അമ്മയെ അറിയിക്കാന്‍ അച്ഛന്‍ മുറിയിലേക്കു പോയി. അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു. സുരക്ഷിതത്വത്തിനായി യാത്ര ചെയ്യണമെന്ന് അച്ഛന്‍ തീരുമാനിച്ചു. അതോടെ എന്റെ ഏറ്റവും ദുരിതമേറിയ ദിനങ്ങള്‍ തുടങ്ങി. ശനിയാഴ്ച അതിരാവിലെ ഞങ്ങള്‍ തുര്‍ക്കിയിലേക്കു പോയി. ഊതിവീര്‍പ്പിക്കാവുന്ന, പേടിപ്പെടുത്തുന്ന ഒരു ബോട്ടിലായിരുന്നു യാത്ര. എന്റെ ചുറ്റിലും വെള്ളവും തലയ്ക്കു മുകളില്‍ അന്ധകാരവുമായിരുന്നു. ഞാന്‍ ഭയന്നിരുന്നു. ആളുകള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ കരഞ്ഞു. അച്ഛന്‍ എപ്പോഴും പുഞ്ചിരിച്ച് എന്നെയും എന്റെ സഹോദരനെയും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ കരുതിയതിനെക്കാള്‍ മോശമായിരുന്നു സ്ഥിതി. ഞാന്‍ എന്നോടുതന്നെ സംസാരിച്ചു: ഞങ്ങള്‍ക്ക് എന്താണു സംഭവിക്കുന്നത്? എന്റെ വീടെവിടെ? കിടക്കയും കളിപ്പാട്ടങ്ങളുമെവിടെ?

ഞങ്ങള്‍ ഒരു ദ്വീപിലെത്തി. റബര്‍ ബോട്ടിനെക്കാള്‍ മോശമായ ഒരു സ്ഥലത്തേക്ക് പൊലീസ് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഭീമന്‍ ജനക്കൂട്ടമുണ്ടായിരുന്നു. വല്ലാത്തൊരു ദുര്‍ഗന്ധവും. പൊലീസ് വിട്ടയയ്ക്കുന്നതുവരെ ഞങ്ങള്‍ക്ക് അവിടെ നില്‍ക്കേണ്ടിവന്നു. 15 ദിവസം ഞങ്ങള്‍ക്ക് വീടുണ്ടായിരുന്നില്ല. അത് എന്റെ നിരാശയുടെ പരമാവധിയായിരുന്നു. അച്ഛനെയും അമ്മയെയും ഓര്‍ത്ത് ഞാന്‍ ദുഃഖിച്ചു. അവര്‍ ഞങ്ങള്‍ക്കായി എപ്പോഴും ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല.

ഞാന്‍ എപ്പോഴും മാറിയിരുന്നു കരഞ്ഞു. അച്ഛനും അമ്മയും എന്നെ കാണാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അവരുടെ സങ്കടം കൂട്ടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അമ്മയും എന്നെപ്പോലെ തന്നെ ആരും കാണാതെ കരഞ്ഞു. എന്നാല്‍ ഞാന്‍ കണ്ടു. എന്റെ ഹൃദയം തകര്‍ന്നുപോയി.

ഞങ്ങള്‍ സ്വീഡനിലെത്തി. എന്റെ കഥ പറയാന്‍ വേണ്ടി രാജാവിനെ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം ഉദാരമതിയായ രാജാവാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തെ കാണുമ്പോള്‍ ധരിക്കാന്‍ ഒരു ബാഗില്‍ കുറച്ചു പുതിയ വസ്ത്രങ്ങള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.

സ്വീഡനില്‍ ഞങ്ങളുടെ ആന്റിക്കൊപ്പം വളരെ ചെറിയ ഒരു മുറിയിലാണ് താമസിച്ചത്. എല്ലാ ദിവസവും ജനാലയ്ക്കല്‍ ദുഃഖിതനായിരിക്കുന്ന അച്ഛനെ കണ്ടാണ് ഞാന്‍ ഉണരുക. ഞങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും വാങ്ങിത്തരാന്‍ അദ്ദേഹത്തിന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാന്‍ താങ്കളെ കാണാന്‍ ആഗ്രഹിക്കുന്നു.

സ്വീഡനില്‍ താങ്കളെ കാണുമ്പോള്‍ ധരിക്കാനായി ഞാന്‍ കൊണ്ടുവന്ന പുതുവസ്ത്രങ്ങള്‍ ധരിച്ച് താങ്കളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആത്മാര്‍ത്ഥതയോടെ,
അഹമ്മദ്, 12
മാല്‍മോ
2/2/2016

കുടുംബപ്പേര് വെളിപ്പെടുത്തരുതെന്ന് അഹമ്മദിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചു. അഹമ്മദിന്റെ അമ്മ പോസ്റ്റുമായി കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചു. എങ്കിലും അഹമ്മദിന്റെ കത്ത് യഥാര്‍ത്ഥമാണെന്നു സ്ഥിരീകരിച്ചു.

കത്തെഴുതുക വേദനാജനകമായിരുന്നെങ്കിലും അഭിമാനകരമായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു.

‘എഴുതുക ബുദ്ധിമുട്ടായിരുന്നു,’ മുറിഞ്ഞ, എന്നാല്‍ സൗമ്യമായ ഇംഗ്ലീഷില്‍ അഹമ്മദ് പറഞ്ഞു. ‘ സിറിയയില്‍നിന്ന് സ്വീഡന്‍ വരെയുള്ള യാത്രയെപ്പറ്റി എഴുതിയതിനാലാണ് അത് ബുദ്ധിമുട്ടേറിയതായത്’.

അഹമ്മദ് ഒറ്റയ്ക്ക് ഇത്തരമൊരു കത്തെഴുതുമെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കള്‍ക്കും കൗണ്‍സിലര്‍ക്കും പ്രയാസമായിരുന്നു.

‘അച്ഛന്‍ ചോദിച്ചു, നീയാണോ കത്തെഴുതിയത്? ‘ അഹമ്മദ് സന്തോഷത്തോടെ പറഞ്ഞു. ‘ആരും എന്നെ സഹായിച്ചില്ല. ഞാന്‍ തന്നെയാണ് എഴുതിയത്.’

സിറിയയെ ഓര്‍ക്കുന്നുവെന്നും ഇപ്പോഴും അവിടെയുള്ള കുടുംബാംഗങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്നും അഹമ്മദ് പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ രാജ്യവും അഹമ്മദിന് ഇഷ്ടമാണ്.

‘എനിക്ക് ഇവിടം വളരെ ഇഷ്ടമാണ്. സ്വീഡനിലെ ആളുകള്‍ എന്നെ നോക്കി എപ്പോഴും ചിരിക്കുന്നു.’

രാജാവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഷരാഫി ഇപ്പോഴും പ്രതീക്ഷയിലാണ്. ഇനി അഥവാ അതു നടന്നില്ലെങ്കിലും അഹമ്മദിന്റെ കത്ത് അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ പലരുടെയും കണ്ണ് തുറപ്പിക്കുമെന്ന് ഷരാഫി കരുതുന്നു.

‘ അവന്റെ കണ്ണുകളില്‍ തിളക്കമുണ്ട്. അവന്‍ ഉത്കര്‍ഷേച്ഛയും ലക്ഷ്യബോധവുമുള്ളവനാണ്. ചെയ്യുന്ന കാര്യങ്ങളില്‍ ആവേശമുള്ളവന്‍,’ അഹമ്മദിനെപ്പറ്റി ഷരാഫി പറയുന്നു.

‘നാം ഇത്തരം കഥകള്‍ കേള്‍ക്കണം. ഈ കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് നാം അറിയണം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍