UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭ നാളെ; കാണാം മലപ്പുറം കത്തി മുതല്‍ അത്യാധുനിക മിസൈല്‍ വരെ

Avatar

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ വല്ലാത്തൊരു കെണിയില്‍ കുരുങ്ങിയിരിക്കുന്നു. ആവനാഴി നിറയെ മലപ്പുറം കത്തി മുതല്‍ അത്യാധുനിക മിസൈല്‍ വരെയുണ്ട് പ്രതിപക്ഷത്തിന്. സരിത സോളാറിലും ബിജു രമേശ് ബാര്‍ കോഴ കേസിലും തകര്‍ത്താടിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് നാളെ തിരിശീല ഉയരുന്നത്.

സരിതയുടേയും ബിജു രമേശിന്റേയും വെളിപ്പെടുത്തലുകള്‍ തന്നെയോ സര്‍ക്കാരിനെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറപ്പിച്ചു പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ ഭയം വ്യക്തമാക്കുന്നത് ആയിരുന്നു ഇന്നലത്തെ പത്രസമ്മേളനം. കെ കരുണാകരനെ ചാരക്കേസില്‍ താന്‍ മനസ്സാ വാചാ കര്‍മ്മണാ ദ്രോഹിച്ചിട്ടില്ലെന്നായിരുന്നു മുഖ്യന്റെ അവകാശ വാദം. തൊട്ടു പിന്നാലെ ഏഷ്യാനെറ്റും മറ്റു ചില നവ മാധ്യമങ്ങളും രംഗത്തുവന്നതോടെ ആ കളവ് പൊളിഞ്ഞു. എങ്കിലും പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമം തന്നെയാകും നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും നടത്തുക.

മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രിയും വൈദ്യുതി മന്ത്രിയും എക്‌സൈസ് മന്ത്രിയും ഒക്കെ പ്രതിക്കൂട്ടിലാണ്. ചിലര്‍ സരിതയുടെ ലിസ്റ്റില്‍പ്പെട്ടവര്‍ മറ്റു ചിലര്‍ ബിജു രമേശിന്റെ ലിസ്റ്റിലുള്ളവര്‍. ഇരുലിസ്റ്റിലുമായി കുറേ യുഡിഎഫ് എംപിമാരും എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ആകെക്കൂടി ഒരു മണിച്ചിത്രത്താഴിനാല്‍ പൂട്ടപ്പെട്ട അവസ്ഥയിലാണ് സര്‍ക്കാര്‍.

സ്വാഭാവികമായും സോളാറും ബാറും ഒക്കെ തന്നെയാകും പ്രതിപക്ഷത്തിന്റെ വജ്രായുധം. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന്റെ കൈയിലുമുണ്ട് ചില ലൊടുക്കു വിദ്യകള്‍. അതിലൊന്ന് യുഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ സരിതയ്ക്ക് സിപിഐഎം കോഴ വാഗ്ദാനം ചെയ്ത വാദം തന്നെയാകും. പണ്ടൊരു കാലത്ത് ഇന്ത്യാടുഡേ വാരികയില്‍ വന്ന സരിതയുടെ അഭിമുഖം പൊക്കിപിടിച്ചാണ് ഇപ്പോഴത്തെ പ്രതിരോധം. അടുത്ത ആയുധം ബാറ് മുതലാളിമാരും സിപിഐഎമ്മുമായുള്ള ഗൂഢാലോചനയാണ്. പിണറായി ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസും ടി പി ശ്രീനിവാസന്റെ മുഖത്തേറ്റ അടിയുമൊക്കെ ഭരണപക്ഷം ചര്‍ച്ചയ്ക്ക് കൊണ്ടു വരും. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വാസവന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഒരുക്കിയ ശവമഞ്ചവും ജഡ്ജിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി കെസി ജോസഫിന് എതിരെ ഹൈക്കോടതി എടുത്ത കേസും ഒക്കെയാകും പ്രതിപക്ഷത്തിന്റെ മറുപടി.

ആരോപണ പ്രത്യാരോപണങ്ങളും ഇറങ്ങിപ്പോക്കെന്ന പൊതു പരിപാടിയുമല്ലാതെ കൂടുതലായി ഒന്നും ഈ സമ്മേളന കാലയളവില്‍ പ്രതീക്ഷിക്കേണ്ടതില്ല. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണി രാജി വച്ചതിനാല്‍ ഈ മന്ത്രിസഭയുടെ അവസാന ബജറ്റ് മുഖ്യമന്ത്രി തന്നെയാണ് അവതരിപ്പിക്കുക. മുഖ്യമന്ത്രിക്ക് എതിരെ ബഹിഷ്‌കരണ പ്രഖ്യാപിച്ചിട്ടുള്ള സിപിഐഎമ്മും ഇടതുപക്ഷവും ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകുമോയെന്ന് ഇനിയും വ്യക്തമല്ല. അതേ സമയം ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. നയപ്രഖ്യാപനത്തിന് വരരുത് എന്ന് ഗവര്‍ണറെ നേരില്‍ കണ്ട് അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോഴാണ് ഇത്തരത്തില്‍ ഒരു തീരുമാനം. സംഗതി എന്തു തന്നെയായാലും ജനവികാരം തങ്ങള്‍ക്ക് ഒപ്പമാണെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ട് തന്നെ ഒരു പക്ഷേ മാണിയുടെ ബജറ്റ് അവതരണ വേളയില്‍ കാട്ടിക്കൂട്ടിയ സാഹസങ്ങള്‍ക്കൊന്നും അവര്‍ ഇത്തവണ മുതിരാന്‍ ഇടയില്ല. പോരെങ്കില്‍ എസ് എഫ് ഐക്കാര്‍ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം തങ്ങള്‍ക്ക് എത്രമാത്രം ക്ഷീണം വരുത്തി വച്ചുവെന്ന് ഇടതുപക്ഷത്തിന് നന്നായി അറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍