UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വണ്ടി നംബര്‍ 13ന്റെ ആ സൈദ്ധാന്തിക അന്തര്‍ധാര

Avatar

അഴിമുഖം പ്രതിനിധി

13 എന്ന സംഖ്യയോടുള്ള പേടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്തുകൊണ്ട് 13-നെ അശുഭകരമായി കാണുന്നുവെന്നതിന് കഥകളേറെയുണ്ട്. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തില്‍ യൂദാസ് ഇരിക്കുന്നത് 13-ാമത്തെ കസേരയിലാണെന്നാണ് കണ്ടുപിടിത്തം. യേശുവും 12 ശിഷ്യന്‍മാരും അടക്കം 13 പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. പക്ഷേ, കര്‍ത്താവിനെ 30 വെള്ളി കാശിന് ഒറ്റു കൊടുത്ത യൂദാസിന്റെ ഇരിപ്പിടത്തിന്റെ നമ്പറിനെ കുറിച്ചൊന്നും ബൈബിളില്‍ പരാമര്‍ശമൊന്നുമില്ല.

പക്ഷേ, ഇന്നലെ അധികാരമേറ്റ കേരള മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 19 അംഗങ്ങളുണ്ട്. മന്ത്രിസഭാംഗംങ്ങള്‍ക്കും ത്രിസ്‌കൈഡേകഫോബിയ (നമ്പര്‍ 13-നെ പേടി) ഉണ്ടോ. ഉണ്ടെന്നാണ് മന്ത്രിമാര്‍ക്ക് ലഭിച്ച കാറുകളുടെ നമ്പറുകള്‍ ശ്രദ്ധിക്കുമ്പോള്‍ തോന്നുക. 19 കാറുകളാണ് മന്ത്രിസഭാംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി നല്‍കുക. അതനുസരിച്ച് നമ്പറിടും. ഒന്നാം നമ്പര്‍ കാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനാണ് ലഭിക്കുക. എന്നാല്‍ 12-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ കഴിഞ്ഞാല്‍ 14-ാം നമ്പര്‍ കാറേയുള്ളൂ. 13-നെ കാണ്‍മാനില്ല.

പുരോഗമന ചിന്തകരാണെന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന മന്ത്രി സഭയില്‍ 13 എന്ന ശാപം പേറുന്ന നമ്പറിനെ എടുക്കാന്‍ ആളുണ്ടായില്ല. 12-ാം നമ്പര്‍ കാര്‍ സിപിഐയുടെ മന്ത്രിയായ വിഎസ് സുനില്‍ കുമാറിനാണ് ലഭിച്ചിരിക്കുന്നത്. 14-ാം നമ്പര്‍ ലഭിച്ചിരിക്കുന്നത് സിപിഐയിലെ തന്നെ പി തിലോത്തമനുമാണ്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും 13-നെ പേറാന്‍ ആളുണ്ടായില്ല. പേടി തന്നെയായിരുന്നു കാരണം. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ 13-ാം നമ്പര്‍ ചോദിച്ചു വാങ്ങിയ ഒരാളുണ്ടായിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി. അതുവരെ കുത്തഴിഞ്ഞു കിടന്നിരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കുത്തിക്കെട്ടിയെടുക്കാന്‍ കൊണ്ടു വന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം ബേബിക്ക് രണ്ടാം മുണ്ടശേരിയെന്ന പേര് ചാര്‍ത്തി നല്‍കിയെങ്കിലും സ്വാശ്രയ ലോബിയെ നിയന്ത്രിക്കാനായില്ല. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ തൊട്ടതെല്ലാം പൊന്നാക്കാന്‍ ബേബിക്ക് കഴിഞ്ഞതുമില്ല. ഇതെല്ലാം 13-ന്റെ നിര്‍ഭാഗ്യത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

അതിനാല്‍ തന്നെ വിഎസ് സര്‍ക്കാരിന് പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ദൈവത്തില്‍ വിശ്വാസമുള്ളതും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയവരുമായ മന്ത്രിമാര്‍ ആരും 13-നെ പേറാന്‍ തയ്യാറായില്ല. 13-ന്റെ ശാപം മാറ്റി കൊടുക്കണേയെന്ന് വിശ്വാസികളായ മന്ത്രിമാരാരും ദൈവത്തോട് അപേക്ഷിച്ചതായും അറിയില്ല. ദൈവത്തിന് അത് കഴിയുമെന്ന് മന്ത്രിമാര്‍ക്ക് ഉറപ്പില്ലാത്തതു കൊണ്ടുമാകാം അത്തരമൊരു നിവേദനം നല്‍കാന്‍ അവരാരും തയ്യാറാകാതിരുന്നതും.

എന്നാല്‍, പുതിയ പിണറായി മന്ത്രിസഭയില്‍ വെറും മൂന്നു പേര്‍ മാത്രമാണ് ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അവരും ഒന്നാം നമ്പറിന് ഉടമയായ മുഖ്യമന്ത്രിയും ഒഴിച്ചുള്ള 15 പേരില്‍ ആര്‍ക്കും 13-നോട് കനിവ് കാണിക്കാന്‍ തോന്നിയതുമില്ല.

ഈ കനിവില്ലായ്മയെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഏറ്റെടുത്തിട്ടുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാന പ്രമാണമാക്കിയ സിപിഐഎം, സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13-നെ ഒഴിവാക്കിയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേയെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മറുപടി പറയണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. 13 അശുഭ ലക്ഷണമാണെന്ന് തുറുന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന് എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. കൂടെ ഒരു ഉപദേശവുമുണ്ട് സുരേന്ദ്രന്‍ വക- ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.

ഏതായാലും 13-നെ ഒഴിവാക്കിയതിനുള്ള താത്വികാവലോകനം ഇടതു അണികള്‍ ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന കാറുകളാണ് ഈ സര്‍ക്കാരിന്റെ മന്ത്രിമാരും ഉപയോഗിക്കുന്നതെന്നും അന്നില്ലാത്ത 13-ാം നമ്പര്‍ ഇപ്പോഴെങ്ങനെയാ ഉണ്ടാക്കുകയെന്നുമാണ് ചോദ്യം. ഏതായാലും 13-ാം നമ്പറിന്റെ കാര്യത്തിലുണ്ടായ ഈ അന്തര്‍ധാര ഇരുസര്‍ക്കാരുകളും തമ്മില്‍ മറ്റൊരു വിഷയത്തിലും ഉണ്ടാകാതിരിക്കട്ടെ. മന്ത്രിസഭയിലെ മറ്റൊരു ബേബി ഈ നമ്പര്‍ സധൈര്യം മുന്നോട്ടു വരുമെന്നും പ്രതീക്ഷിക്കാം. ചെലവു ചുരുക്കലിന്റെ ഭാഗമായി പുതിയ കാറുകള്‍ വാങ്ങേണ്ടതില്ലെന്നും പഴയ കാറുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുമാണ് തീരുമാനമെന്നും ഇടതു അനുഭാവികള്‍ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റിടുന്നുണ്ട്.

13-ാം നമ്പറുമായി ബന്ധപ്പെട്ട അവിശ്വാസങ്ങള്‍ സയന്‍സിലുമുണ്ട്. 1970 ഏപ്രില്‍ 13-ന് വിക്ഷേപിച്ച അപ്പോളോ 13-ലെ ഓക്‌സിജന്‍ ടാങ്ക് ഏപ്രില്‍ 13-ന് പൊട്ടിത്തെറിച്ചു. പിന്നീട് അപ്പോളോ 13 ഏപ്രില്‍ 17-ന് സുരക്ഷിതമായി ഭൂമിയിലെത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍