UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാളില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കി റിയോയിലെ കളിക്കുട്ടി

Avatar

അഴിമുഖം പ്രതിനിധി

ഗൗരിക സിങ്, വയസ് 13. നേപ്പാളില്‍ നിന്നും റിയോയിലേക്ക് പറന്ന ഈ കൊച്ചു മിടുക്കി ചരിത്രമെഴുതുകയാണ്. റിയോയില്‍ 100 മീറ്റല്‍ ബാക്ക്‌സ്‌ട്രോക്കില്‍ മത്സരിക്കുമ്പോള്‍ ഗൗരിക ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും.

ദേശീയ റെക്കോര്‍ഡുകള്‍ നിരവധി പേരിലുണ്ടെങ്കിലും റിയോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി എത്തുമ്പോള്‍ അത്ഭുതമാണ് ഗൗരികയ്ക്ക്. ഇത്രയും ചെറിയ പ്രായത്തില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഗൗരിക ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 9000 പേരുടെ മരണത്തിനിടയാക്കുകയും നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ത്ത ഭൂകമ്പം നടക്കുമ്പോള്‍ ഗൗരിക കാഠ്മണ്ഡുവിലുണ്ടായിരുന്നു. അമ്മയും സഹോദരിയോടും ഒപ്പം കഴിഞ്ഞ ഏപ്രിലില്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാനാണ് ലണ്ടനില്‍ ജീവിക്കുന്ന ഗൗരിക കാഠ്മണ്ഡുവിലെത്തിയത്.

ഏറെ ഭയപ്പെടുത്തുന്ന സംഭവങ്ങളായിരുന്നു അത്. ഞങ്ങള്‍ കാഠ്മണ്ഡുവിലെ ഒരു കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലായിരുന്നു. അതുകൊണ്ട് അവിടുന്ന് ഇറങ്ങാനും സാധിച്ചില്ല. എന്നാല്‍ ഭാഗ്യം കൊണ്ട് പരിസരത്തുള്ള മറ്റു കെട്ടിടങ്ങള്‍ തകര്‍ന്നപ്പോള്‍ ഞങ്ങള്‍ നിന്നിരുന്ന പുതിയ കെട്ടിടത്തിനു മാത്രം ഒന്നും സംഭവിച്ചില്ലെന്നു ബാര്‍നെറ്റ് കോപ്താള്‍ ക്ലബിന്റെ നീന്തല്‍ താരമായ ഗൗരിക പറയുന്നു.

ആ ഭൂകമ്പത്തിന്റെ ആഘാതം ഗൗരികയുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. അതു കൊണ്ട് അച്ഛന്റെ കൂട്ടുകാരന്‍ മുഖേന തനിക്ക് ചാംപ്യന്‍ഷിപ്പിലൂടെ ലഭിച്ചതെല്ലാം ഗൗരിക ദാനം ചെയ്തു. ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്റ്റപിറ്റലില്‍ യൂറോളജിസ്റ്റായ ഗൗരികയുടെ അച്ഛന്‍ പരാസ് എല്ലാ രാജ്യാന്തര മീറ്റുകളിലും ഗൗരികയുടെ കൂടെയുണ്ടാകും. എസ്എല്‍സി ബോര്‍ഡ് മുന്‍ ടോപ്പര്‍ കൂടിയായ അമ്മ ഗരിമയാണ് ഗൗരികയുടെ പരിശീലനത്തിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്.

പതിനായിരത്തിലധികം പേര്‍ മത്സരിക്കുന്ന ഗെയിംസില്‍ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള 13 വയസ്സും 235 ദിവസവും മാത്രം പ്രായമുള്ള ഗൗരികയാണ് ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് റിയോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടണില്‍ താമസിക്കുന്ന ഗൗരിക ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ എല്‍സ്ട്രീയിലുള്ള ഹാബര്‍ഡാഷേര്‍സ് ആസ്‌കേസ് സ്‌കൂളിലെ ഏട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. റൈസ് ഗോംലീ എന്ന ബ്രിട്ടീഷ് പരിശീലകന്റെ കീഴില്‍ വടക്കു പടിഞ്ഞാറന്‍ ലണ്ടണിലെ മില്‍ ഹില്ലിലുള്ള ബാര്‍നെറ്റ് കോപ്താള്‍ നീന്തല്‍ ക്ലബിലാണ് ഗൗരിക പരിശീലിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ആഴ്ചയില്‍ ഏട്ടും ഒമ്പതും സെഷന്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് ഗൗരിക നടത്തുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ലഭിക്കുന്ന ഉയര്‍ന്ന തലങ്ങളിലുള്ള മത്സരങ്ങള്‍ ഗൗരികയെ പക്വമതിയാക്കിയിട്ടുണ്ട്. ദുബായിയില്‍ നടന്ന ലോകകപ്പ്, കസാനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പും സൗത്ത് ഏഷ്യന്‍ ഗെയിംസും ഗൗരികയെ വളരാന്‍ സഹായിച്ചിട്ടുണ്ടെന്നും പരിശീലകനായ ഗോംലീ പറയുന്നു.

നീന്തലില്‍ ഒരു തിളങ്ങുന്ന ഭാവി ഗൗരികയ്ക്ക് ഉണ്ടാകുവാന്‍ ബ്രസീലില്‍ ആഗസ്റ്റ് 5ന് തുടങ്ങുന്ന ഒളിമ്പിക്‌സിലെ മത്സര പരിചയം മാത്രം മതിയെന്നാണ് ഗോംലീ പറയുന്നത്. അവള്‍ റിയോയിലേക്ക് പോകുന്നത് മത്സര പരിചയത്തിനാണ്. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ നേപ്പാള്‍ റെക്കോര്‍ഡായ 1:07 തകര്‍ക്കും. അത് 1:06 ആക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അടുത്ത ഒളിമ്പിക്‌സിനു മുമ്പ് 1:01 സമയമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പരിശീലകന്‍ പറയുന്നു.

നേപ്പാള്‍ ദേശീയ റെക്കോര്‍ഡായ 1:07:31 ഗൗരികയുടെ പേരിലാണ്. അത് പുരുഷന്മാരുടെ ഇതേ വിഭാഗത്തിലുള്ള ദേശീയ റെക്കോര്‍ഡിനേക്കാള്‍ അഞ്ച് സെക്കന്‍ഡ് മെച്ചപ്പെട്ട സമയമാണ്. ഒളിമ്പിക്‌സില്‍ ആദ്യ എട്ടു പേരിലോ പതിനാറു പേരിലോ എത്താമെന്നാണ് ഗോംലീ പ്രതീക്ഷിക്കുന്നത്. അടുത്ത സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടുകയാണ് ഗോംലീ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍