UPDATES

ആറ് മാസത്തിനിടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ 15 റെയ്ഡുകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനോട് ധന മന്ത്രാലയത്തിന് കീഴില്‍ വരുന്ന റെവന്യു വകുപ്പ് മറുപടി നല്‍കിയത് നിഷ്പക്ഷമായാണ് റെയ്ഡുകള്‍ നടത്തുന്നത് എന്നാണ്. അതേസമയം കണക്കുകള്‍ പറയുന്നത് മറിച്ചാണ്.

റെയ്ഡുകള്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനപരമാകരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നിലവിലിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ ലക്ഷ്യം വച്ച് നടത്തുന്ന റെയ്ഡുകള്‍ നിര്‍ബാധം തുടരുകയാണ്. വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ധന മന്ത്രാലയത്തിന് കീഴില്‍ വരുന്ന റെവന്യു വകുപ്പ് മറുപടി നല്‍കിയത് നിഷ്പക്ഷമായാണ് റെയ്ഡുകള്‍ നടത്തുന്നത് എന്നാണ്. അതേസമയം കണക്കുകള്‍ പറയുന്നത് മറിച്ചാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 15 റെയ്ഡുകളാണ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ച് ആദായനികുതി വകുപ്പ് നടത്തിയത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയില്‍ അഞ്ച്, തമിഴ്‌നാട്ടില്‍ മൂന്ന്, ആന്ധ്രപ്രദേശില്‍ രണ്ട്, ഡല്‍ഹിയില്‍ രണ്ട്, മധ്യപ്രദേശിലും ജമ്മു കാശ്മീരിലും ഉത്തര്‍പ്രദേശിലും ഒരോന്ന് വീതം എന്നിങ്ങനെ. ഉത്തരാഖണ്ഡില്‍ ഒരു ബിജെപി നേതാവിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡുണ്ടായി. എന്നാല്‍ ഈ നേതാവുമായി ബിജെപി അകലം പാലിക്കുകയാണുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ടവര്‍ക്കെതിരായ റെയ്ഡ്, ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനും മിഡൂക്കര്‍ നിയമസഭ മണ്ഡലത്തിലെ ടിഡിപി സ്ഥാനാര്‍ത്ഥിയുമായ പുട്ട സുധാകര്‍ യാദവ്, ടിഡിപി നേതാവും ബിസിനസുകാരനുമായ സിഎം രമേഷ് എന്നിവരുടെ കേന്ദ്രങ്ങളില്‍ റെയ്ഡുണ്ടായി.

മാര്‍ച്ച് 29ന് തമിഴ്‌നാട്ടില്‍ ഡിഎംകെ ട്രഷററും കാട്പാടി എംഎല്‍എയുമായ ദുരൈമുരുകന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. മകന്‍ ഡിഎം കതിര്‍ ആനന്ദിന്റെ സ്ഥാപനങ്ങളിലും. മാര്‍ച്ച് 27നും 28നും കര്‍ണാടകയില്‍ ജെഡിഎസ് നേതാവും മന്ത്രിയുമായ സിഎസ് പുട്ടരാജുവിനെതിരെ റെയ്ഡുണ്ടായി. ഇതിനെതിരെ പ്രതിഷേധ ധര്‍ണയുമായി മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. കുമാരസ്വാമിയുടെ സഹോദരനും മന്ത്രിയുമായി എച്ച്ഡി രേവണ്ണയെ ലക്ഷ്യം വച്ചും റെയ്ഡുണ്ടായി. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ കൈലാഷ് ഗലോട്ടിനും നരേഷ് ഗല്യാനുമെതിരെ റെയ്ഡുകളുണ്ടായി. യുപിയില്‍ ബി എസ് പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ നേത് റാമിനെതിരെ കഴിഞ്ഞ മാസം റെയ്ഡുണ്ടായി. ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ റെയ്ഡ് ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട് എന്ന് നായിഡു ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍