UPDATES

ആ 15 പൊലീസുകാര്‍ക്ക് നന്ദി; പശുവിന്റെ പേരില്‍ നടക്കുമായിരുന്ന മറ്റൊരു മനുഷ്യക്കുരുതി തടഞ്ഞതിന്

അക്രമാസക്തരായ ആയിരത്തോളംപേരില്‍ നിന്നും ഉസ്മാന്‍ എന്ന കര്‍ഷകന്റെ ജീവന്‍ രക്ഷിച്ചത് ഝാര്‍ഖണ്ഡ് പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍

പ്രായമായതും രോഗം ബാധിച്ചതുമായ പശുക്കളെ കാലിച്ചന്തയില്‍ വില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, പശു വീട്ടില്‍ കിടന്ന് ചത്താല്‍ ഉടമയെ തല്ലിക്കൊല്ലുക, വീട് കത്തിക്കുക. ഇതാണ് ഇപ്പോള്‍ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പശുസംരക്ഷണത്തിന്റെ പുതിയ നിയമം. പശുഭീകരാക്രമണത്തിന്റെ അവസാന ഉദാഹരണമാണ് ചൊവ്വാഴ്ച ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ ബര്‍വാബാദ് ഗ്രാമത്തില്‍ ക്ഷീരകര്‍ഷകനായ 60 കാരന്‍ മുഹമ്മദ് ഉസ്മാന് നേരെ നടന്നത്. ആയിരത്തോളം പേര്‍ വീടാക്രമിക്കുകയും കത്തിക്കുകയും ഉസ്മാനെ മര്‍ദ്ദിക്കുകയും ചെയ്‌തെങ്കിലും മറ്റ് പശുഭീകരാക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി പോലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും പോലീസ് ഇത്തരം ജനക്കൂട്ട ആക്രമണങ്ങളില്‍ ദൃക്‌സാക്ഷികളാണ് നില്‍ക്കാറാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി സംഭവത്തില്‍ ഇടപെടുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു കൊണ്ട് തങ്ങളില്‍ നിക്ഷിപ്തമായ ചുമതല കൃത്യമായി നിര്‍വഹിച്ചതുകൊണ്ടാണ് ഒരു കര്‍ഷകന്‍ ‘വീരമൃത്യുവില്‍’ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ഉസ്മാന്റെ വീടിന് തീയിടുകയും ഉസ്മാനെ തന്നെ കത്തിക്കുമെന്ന് ആക്രോശിച്ചുകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ തന്നെ പോലീസ് എത്തുകയും അദ്ദേഹത്തെ പോലീസ് ജീപ്പിലേക്ക് മാറ്റുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

15 പോലീസുകാര്‍ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ പശുവിനെ കൊന്നുവെന്ന കിംവദന്തി പരന്നതോടെ ആഴ്ച ചന്തയ്ക്കായി എത്തിയ ജനക്കൂട്ടം സംഭവസ്ഥലത്തേക്ക് പാഞ്ഞു. പെട്ടെന്ന് തന്നെ ജനക്കൂട്ടം ആയിരക്കണക്കിന് ആളുകളായി മാറിയെന്ന് പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ പ്രഭാത് രാജന്‍ ബര്‍വാര്‍ പറഞ്ഞു. കൂടുതല്‍ സേനയുമായി ഗിരിധ് ഡപ്യൂട്ടി കമ്മീഷണര്‍ ഉമ ശങ്കര്‍ സിംഗ് എത്തിയതോടെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായത്. കൂടാതെ അദ്ദേഹം സമീപത്ത് ക്യാമ്പ് ചെയ്തിരുന്ന സിആര്‍പിഎഫുകാരെയും വിളിച്ചുവരുത്തി. എന്നാല്‍ ആദ്യ പോലീസ് സംഘം കൃത്യസമയത്ത് സംഭവ സ്ഥലത്ത് എത്തിയതുകൊണ്ടാണ് കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഉമ ശങ്കര്‍ സിംഗ് വ്യക്തമാക്കി.

"</p

ഉസ്മാനെ പോലീസ് ജീപ്പിലേക്ക് മാറ്റിയ ശേഷം വീട്ടില്‍ ഒളിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും രക്ഷിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ ഉസ്മാന്‍ ബോധരഹിതനായിരുന്നുവെന്നും ബര്‍വാര്‍ പറഞ്ഞു. പോലീസിന്റെ ഭാഷ്യം സത്യമാണെന്ന് കസ്‌ഗോഡി ഗ്രാമത്തിന്റെ കാവല്‍ക്കാരന്‍ ജാവേദ് അന്‍സാരി, മറ്റൊരു കാവല്‍ക്കാരനായ നിസാമുദ്ദീന്‍, ബര്‍വാദ ഗ്രാമ പ്രധാന്‍ മന്‍സൂര്‍ ആലം എന്നിവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ബുധാനഴ്ച ഗ്രാമം ശ്മശാന തുല്യമായി മാറിയിരുന്നു. വളരെ കുറച്ചു കടകള്‍ മാത്രമേ തുറന്നിരുന്നുള്ളു. ബിസിസിഎല്‍ കേന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാനോടൊപ്പമാണ് അദ്ദേഹത്തിന്റെ കുടുംബം. ഉസ്മാന്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ആഴ്ച ചന്തയില്‍ തിരക്കേറിയ സമയമായിരുന്നുവെന്നും താന്‍ ഷേവ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും അന്‍സാരി പറയുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പോയി. സത്യം അറിഞ്ഞശേഷം പോലീസിനെ അറിയിക്കാം എന്ന് വിചാരിച്ചുവെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. അന്‍സാരി എത്തുമ്പോഴേക്കും ജനക്കൂട്ടം ഉസ്മാനെ വളഞ്ഞുകഴിഞ്ഞിരുന്നു.

ബര്‍വാദ് ഗ്രാമത്തിലെ ഏക ക്ഷീര കര്‍ഷകനാണ് മുഹമ്മദ് ഉസ്മാന്‍. ബര്‍വാദ്, മന്‍ദ്രോ ഗ്രാമങ്ങളിലേക്ക് പാല് വിതരണം ചെയ്യുന്നത് അദ്ദേഹമാണ്. മൊത്തമുണ്ടായിരുന്ന എട്ട് പശുക്കളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചത്തത്. ശനിയാഴ്ച രാത്രിയാണ് പശു രോഗം ബാധിച്ച് ചത്തതെന്ന് ഉസ്ാന്റെ ഭാര്യ അമ്‌ന ഖാത്തൂണ്‍ പറഞ്ഞു. ചത്ത പശുവിനെ കുഴിച്ചിടുന്ന ആളുകള്‍ മറ്റൊരു ഗ്രാമത്തിലായിരുന്നതിനാല്‍ ഞായറാഴ്ച ഇതിനെ മറവുചെയ്യാന്‍ കഴിഞ്ഞില്ല. ശവം അഴുകാന്‍ തുടങ്ങിയതിനാല്‍ ഞായറാഴ്ച രാത്രി ഇവര്‍ അതിനെ ഒരു ഒഴിഞ്ഞ കോണിലേക്ക് മാറ്റിയിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ശവം തെരുവ് പട്ടികള്‍ ആക്രമിച്ചതായി കണ്ടിരുന്നു. ചൊവ്വാഴ്ച പെട്ടെന്നെത്തിയ ജനക്കൂട്ടം ഈ പശു നിങ്ങളുടേതാണോ എന്ന് ഉസ്മാനോട് ചോദിച്ചുവെന്ന് അമ്‌ന പറയുന്നു. തങ്ങള്‍ പശുവിനെ കൊന്നിട്ടില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിശ്വസിക്കാന്‍ തയ്യാറാവാതെ ആക്രമണത്തിലേക്ക് തിരിയുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

"</p

തുടര്‍ന്ന് വീടിന് മുമ്പില്‍ ഇവരുടെ പുത്രന്‍ സലീം നടത്തുന്ന റേഷന്‍ കടയ്ക്ക് തീയിടുകയായിരുന്നു. പിന്‍വാതില്‍ തുറന്ന് അമ്‌നയെയും മക്കളായ സലീമിനെയും ആലത്തെയും സലീമിന്റെ ഭാര്യയെയും തങ്ങളാണ് രക്ഷിച്ചതെന്ന് ഗ്രാമ കാവല്‍ക്കാരനായ അന്‍സാരി പറഞ്ഞു. അമ്‌ന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ പ്രതികളില്‍ ഒരാളായ കൃഷ്ണ പണ്ഡിറ്റ് അപകടനില തരണം ചെയ്തിട്ടുണ്ട്.

രോഗം ബാധിച്ചാണ് പശു ചത്തതെന്ന് തെളിഞ്ഞതായി ഉമ ശങ്കര്‍ സിംഗ് പറഞ്ഞു. നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. വര്‍ഗ്ഗീയ കലാപങ്ങള്‍ സാധാരണ നടക്കാറില്ലാത്ത പ്രദേശമാണിതെന്ന് ഗിരിധ് എസ്പി അഖിലേഷ് ബി വെറിയോര്‍ പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഒരു ചെറിയ പ്രശ്‌നം ഉണ്ടായതൊഴിച്ചാല്‍ ദിയോരി പ്രദേശം പൊതുവില്‍ ശാന്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാവും. വൈകിട്ട് അഞ്ചു മണിക്ക് വിവരം ലഭിച്ച ഉടനെ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടുകയായിരുന്നുവെന്ന് എഡിജിപിയും സംസ്ഥാന പോലീസ് വക്താവുമായ ആര്‍ കെ മുല്ലിക് പറഞ്ഞു. പോലീസിന്റെയും സിആര്‍പിഎഫിന്റെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് ഒരു കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്നും എസ്പി ചൂണ്ടിക്കാട്ടി. തുടരന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് കൊണ്ടുവരാന്‍ സാധിക്കുക കൂടി ചെയ്താല്‍ അത് ഝാര്‍ഖണ്ഡ് പോലീസിന്റെ തൊപ്പിയിലെ തൂവലായി മാറും. ഇന്ത്യയില്‍ എമ്പാടും നടക്കുന്ന പശുഭീകരാക്രമണങ്ങള്‍ക്ക് നേരെ ഇത്തരം നടപടികള്‍ തന്നെയാണ് രാജ്യത്തെ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ഇന്നലെ നടന്ന ‘എന്റെ പേരില്‍ വേണ്ട’ എന്ന പ്രതിഷേധം പഠിപ്പിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍