UPDATES

ഓഫ് ബീറ്റ്

ആര്‍ത്തവ ദിനത്തില്‍ ഒറ്റക്ക് മാറ്റിപാര്‍പ്പിച്ച 15-കാരി കൊടുംതണുപ്പില്‍ വിറങ്ങലിച്ചു മരിച്ചു

ആര്‍ത്തവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനാചരങ്ങളുടെ അവസാനത്തെ ഇരയാണ് റോഷ്‌നി റാവത്ത് എന്ന 15 കാരി. തലേ ദിവസം രാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പെണ്‍കുട്ടി കൊടും തണുപ്പ് മൂലം മരിച്ചത് രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്

ആര്‍ത്തവ ദിനത്തില്‍ ഒറ്റക്ക് ഒരു കുടിലിലേക്ക് മാറ്റിപാര്‍പ്പിച്ച 15-കാരിയായ നേപ്പാളി പെണ്‍കുട്ടി കൊടുംതണുപ്പില്‍ വിറങ്ങലിച്ചു മരിച്ചു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനാചരങ്ങളുടെ അവസാനത്തെ ഇരയാണ് റോഷ്‌നി റാവത്ത് എന്ന 15 കാരി. തലേ ദിവസം രാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പെണ്‍കുട്ടി കൊടും തണുപ്പ് മൂലം മരിച്ചത് രാവിലെയാണ് ശ്രദ്ധയില്‍ പെട്ടതെന്ന് പെണ്‍കുട്ടിയുടെ പിതാവ് നേപ്പാളി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ തണുപ്പില്‍ നിന്നും മോചനം നേടാനായി കത്തിച്ച ആഴിയില്‍ നിന്നുള്ള പുകയേറ്റ് റോഷ്‌നി ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. സമീപഗ്രാമത്തിലുള്ള ഒരു 21-കാരി ഇതേ കാരണത്താല്‍ കഴിഞ്ഞ മാസം മരിച്ചിരുന്നു. നേപ്പാളില്‍ നിലനില്‍ക്കുന്ന ചൗപടി എന്ന ഈ ആചാരം നിറുത്തണമെന്ന് പ്രധാന മന്ത്രി പുഷ്പ കമല്‍ ദഹാല്‍ അന്ന് ആഹ്വാനം ചെയ്തിരുന്നു. നിരവധി സ്ത്രീകള്‍ ഇത്തരത്തില്‍ മരിച്ചതിനെ കുറിച്ചുള്ള യുഎന്‍ മുന്നറിയിപ്പുകള്‍ക്കും തുടര്‍ന്നുണ്ടായ നിരോധനങ്ങള്‍ക്കും ശേഷവും നേപ്പാളിലെ ചില പ്രദേശങ്ങള്‍ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ഈ അനാചാരം ഇപ്പോഴും തുടരുകയാണ്.

2005-ല്‍ നേപ്പാള്‍ ചൗപടി നിയമം മൂലം നിരോധിച്ചതാണ്. ഇതിന് ശേഷവും റോഷ്‌നിയുടെ ജില്ലയിലെ മിക്കവാറും എല്ലാ സ്്ത്രീകളും ഈ ആചാരം അനുഷ്ടിക്കേണ്ടി വരാറുണ്ടെന്ന് യുഎന്‍ കണ്ടെത്തിയിരുന്നു. മിക്കവരെയും വീടിനോട് ചേര്‍ന്നുള്ള തൊഴുത്തുകളിലാണ് ആര്‍ത്തവ ദിവസങ്ങളില്‍ താമസിപ്പിക്കുക. ആര്‍ത്തവം വലിയ അശുദ്ധിയായാണ് ഇത്തരം സമൂഹങ്ങള്‍ ഇപ്പോഴും കാണുന്നത്.

നേപ്പാളില്‍ മാത്രമല്ല ഇന്ത്യയിലെ മിക്ക ഗ്രാമ പ്രദേശങ്ങളിലും ഈ അനാചാരം ഇപ്പോഴും വിവിധ പേരുകളില്‍ നിലനില്‍ക്കുന്നുണ്ട്. വനാതിര്‍ത്തിയിലുള്ള ഒരു കുടിലിലേക്ക് ആര്‍ത്തവം വന്ന സ്ത്രീകളെ മാറ്റുന്ന മധ്യ ഇന്ത്യയിലെ ഒരു ഗ്രാമത്തിന്റെ കഥ 2013-ല്‍ ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ പത്ത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ആര്‍ത്തവകാലത്ത് സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്നതെന്ന് 2011-ല്‍ നടത്തിയ ഒരു സര്‍വെയില്‍ ടൈംസ് ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍