UPDATES

വൈറല്‍

ഞാന്‍ ദളിത്; സഹപാഠികള്‍ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോയിലെ വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

ബീഹാറിലെ മുസാഫര്‍പൂരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരു കൂട്ടം സഹപാഠികളുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ ആ വിദ്യാര്‍ഥി ആരാണെന്നും എന്തിനായിരിക്കും ഇത്ര ക്രൂരമായ മര്‍ദ്ദനം ആ വിദ്യാര്‍ഥി നേരിടേണ്ടിവന്നതെന്നും ഉള്ള സംശയം വീഡിയോ കാണാനിടയായ ഓരോരുത്തരേയും അസ്വസ്ഥമാക്കിയിട്ടുണ്ടാകും. അതിനുള്ള ഉത്തരം ആ വിദ്യാര്‍ഥി തന്നെ വെളിപ്പെടുത്തുന്നു. 

ബീഹാറിലെ മുസാഫര്‍പൂരിലെ ഗവണ്‍മെന്‍റ്  സ്കൂളില്‍ പഠിക്കുന്ന 16 കാരനായ വിദ്യാര്‍ത്ഥിയാണ് ഞാന്‍. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്, എന്തുകൊണ്ടാണ് ഞാന്‍ ഇക്കാര്യത്തില്‍ നിശബ്ദനായിരിക്കുന്നത് എന്നൊക്കെയാണ്. 

പോലീസിനും സഹപാഠികളുടെയും മാധ്യമങ്ങളുടെയും മുന്‍പി‌ല്‍ ഈ കഥ ആവര്‍ത്തിച്ച് ഞാന്‍ മടുത്തു. ഞാന്‍ സംസാരിച്ച ചിലര്‍ ഈ വീഡിയോ ‘വൈറല്‍’ ആയി എന്നാണ് എന്നോടു പറഞ്ഞത്. 

എന്‍റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്. “ഏറ്റവും മികച്ച” എന്നര്‍ത്ഥം വരുന്ന പേരാണ് അദ്ദേഹം എനിക്കിട്ടത്. എല്ലാവരേക്കാള്‍ മികവ് എന്നില്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ എനിക്കു താഴെയുള്ള രണ്ടു സഹോദരിമാരും അച്ഛനും ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ താമസിച്ചപ്പോഴും പഠനത്തിനായി എന്നെ മുസഫര്‍പൂരിലുള്ള അമ്മൂമ്മയുടെ വീട്ടിലേയ്ക്കയച്ചു. എനിക്കു നല്ല വിദ്യാഭ്യാസം കിട്ടണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ആ പ്രതീക്ഷ നിറവേറ്റാന്‍ വേണ്ടി ഞാന്‍ നല്ലപോലെ പരിശ്രമിച്ചു.

എന്നാല്‍ പഠിത്തം മുന്നേറുകയും എന്‍റെ മാര്‍ക്കുകള്‍ മെച്ചപ്പെടുകയും ചെയ്തത് അച്ഛനെ ഏറെ സന്തോഷിപ്പിച്ചപ്പോള്‍ ക്ളാസ്സില്‍ അതെന്നെ ഒറ്റപ്പെടുത്താന്‍ തുടങ്ങി; ഞാന്‍ നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷണമായി അതു മാറി.

നോക്കൂ, ഞാന്‍ ഒരു ദളിതനാണ്. പഠിത്തത്തിലും പരീക്ഷകളിലും നല്ല വിജയം നേടുന്നത് വീട്ടില്‍ എല്ലാവര്‍ക്കും അഭിമാനമായെങ്കിലും ക്ലാസ്സ്മുറിയില്‍ അതെനിക്ക് പീഢനവും അപമാനവുമാണ് നേടിത്തന്നത്.

കേട്ടാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയേക്കാം; പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സ്കൂളിലെ രണ്ടു കുട്ടികള്‍ ദിവസവും എന്നെ മര്‍ദ്ദിക്കുമായിരുന്നു. അവര്‍ സഹോദരങ്ങളാണ്- ഒരാള്‍ എന്‍റെ ക്ലാസ്സിലും മറ്റെയാള്‍ ഒരു ക്ലാസ്സ് താഴെയും. അവരെന്‍റെ മുഖത്ത് തുപ്പുമായിരുന്നു; ആഴ്ചയില്‍ ഒരിക്കലെങ്കിലും അതാവര്‍ത്തിച്ചു. ഞങ്ങളുടെ ടീച്ചറോട് ഞാന്‍ സഹായമാഭ്യര്‍ത്ഥിച്ചു. എന്നോട് അനുകമ്പയുണ്ടായിരുന്നുവെങ്കിലും അദ്ദേഹം നിസ്സഹായനായിരുന്നു. ആ കുട്ടികളുടെ അച്ഛന്‍ സ്വാധീനമുള്ള ഒരു വലിയ ക്രിമിനല്‍ ആണെന്ന് ടീച്ചര്‍ പറഞ്ഞു. അതുകൊണ്ട് സ്കൂളിന് അവരുടെ നേരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ സാധ്യമല്ലെന്നും ഞാന്‍ പരാതിപ്പെട്ടാല്‍ പിന്നെ എനിക്കവിടെനിന്നു പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നെ ഉപദ്രവിക്കുന്ന കുട്ടികളുടെ പിതാവ് ഞങ്ങളുടെ കുടുംബത്തെ ദ്രോഹിച്ചേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു. അതുകൊണ്ടു തന്നെ പരാതിപ്പെടാതെ എല്ലാം സഹിക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ പോലീസ് കേസിന് കാരണമായ ആ വീഡിയോ ഓഗസ്റ്റ് 25നു എടുത്തതാണെന്നാണ് കരുതുന്നത്. എന്നെ ഉപദ്രവിക്കുന്നത് ഒരു ഹരമാണെന്ന് അവരിലൊരാള്‍ പറയുമായിരുന്നു. അങ്ങനെയാണ് അയാള്‍ തന്‍റെ കൂട്ടുകാരനെ കൊണ്ട് ആ വീഡിയോ എടുപ്പിച്ചത്.

ഇവരില്‍ എന്‍റെ സഹപാഠിയായിരുന്ന കുട്ടി പുറകിലെ ബെഞ്ചിലായിരുന്നു സ്ഥിരം; അവിടെയിരുന്നാല്‍ പരീക്ഷയില്‍ കോപ്പിയടി നടത്താന്‍ എളുപ്പമാണ്. ഞാന്‍ മുന്‍ബെഞ്ചിലാണ് ഇരിക്കാറ്. എന്നിട്ടും അയാള്‍ക്ക് മോശം മാര്‍ക്കുകളായിരുന്നു. എനിക്ക് നല്ല മാര്‍ക്കുകളും. അതും അയാളെ പ്രകോപിപ്പിച്ചു. ഞാന്‍ പട്ടിക ജാതിയില്‍ പെട്ടതാണെന്നുകൂടെ അറിഞ്ഞപ്പോള്‍ അയാള്‍ക്ക് പിന്നെ സഹിക്കാനായില്ല.

ഞാനെന്‍റെ കസേരയിലിരിക്കുമ്പോള്‍ അയാളെന്നെ അടിക്കുന്നത് ഈ വീഡിയോയില്‍ കാണാം. എന്‍റെ തലയ്ക്കിട്ടും അടിക്കുമായിരുന്നു, എന്നെ തൊഴിക്കുമായിരുന്നു. കസേരയില്‍ നിന്നെന്നെ താഴെയിട്ടിട്ട് ചുമരിനോട് കുത്തിപ്പിടിച്ചു നിര്‍ത്തുമായിരുന്നു. കരണത്തടിക്കുമായിരുന്നു. ആരും അയാളെയോ അനിയനെയോ തടയാന്‍ ശ്രമിക്കാറില്ല- എന്നെ സ്ഥിരം ഇങ്ങനെ പീഢിപ്പിക്കുമായിരുന്നു.

വീഡിയോയെ കുറിച്ചറിഞ്ഞപ്പോള്‍ എന്‍റെ മുത്തച്ഛന് സഹിക്കാനായില്ല; അദ്ദേഹം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമൂന്നു പേര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഞാന്‍ ഇപ്പോള്‍ സ്കൂളില്‍ പോകുന്നില്ല. മാര്‍ച്ചിലാണ് എന്‍റെ ഫൈനല്‍ പരീക്ഷകള്‍.

നിങ്ങള്‍ പറയൂ, ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും? എങ്ങനെ പരീക്ഷയ്ക്ക് തയ്യാറെടുക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍