UPDATES

സിനിമ

ലൈഫ് ഓഫ് ജോസൂട്ടി; ജീവിതം കൊണ്ട് ചിലത് നമ്മളെ പഠിപ്പിച്ചുകളയും

അപര്‍ണ്ണ

അപര്‍ണ്ണ

എടുത്ത ഏഴു സിനിമകളും പല രീതികളിൽ ശ്രദ്ധേയമായി എന്നതാണ് ജീത്തു ജോസഫിനെ പ്രേക്ഷകർക്ക്‌ പ്രിയപ്പെട്ടവനാക്കുന്നത്. ഡിറ്റക്ടീവും മെമ്മറീസും ദൃശ്യവും സസ്പെന്‍സിന്റെ മലയാള സിനിമ അധികം പരിചയിച്ചിട്ടില്ലാത്ത ആഖ്യാന ശൈലികൾ അവതരിപ്പിച്ചപ്പോൾ മൈ ബോസ് ദിലീപിന്റെ ഹിറ്റ്‌ കോമഡി പടങ്ങളിൽ ഒന്നാണ്. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശം ആയിരുന്നു ജീത്തു ജോസഫിന്റെ അവസാന പടം. അതുകൊണ്ട് തന്നെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ആദ്യ അറിയിപ്പ് മുതൽ സസ്പെൻസ് ഇല്ല, ട്വിസ്റ്റ്‌ ഇല്ല ഒരൊറ്റ ജീവിതം മാത്രം എന്ന് സിനിമയുമായി ബന്ധപ്പെട്ടവർ ആവർത്തിച്ചിരുന്നു. ആ ടാഗ് ലൈൻ അക്ഷരംപ്രതി പാലിക്കുന്നുണ്ട് സിനിമ.

ദിലീപിന്റെ ജോസൂട്ടിയുടെ ജീവിതം തന്നെയാണ് പേര് സൂചിപ്പിക്കും പോലെ ഈ സിനിമ. ജോസൂട്ടി കട്ടപ്പനക്കാരനായ പ്രാരാബ്ധങ്ങളുടെ നടുക്ക് ജീവിക്കുന്ന ഒരു നിഷ്കളങ്ക ഗ്രാമീണനാണ്. വളരെ ചെറുപ്പത്തിൽ പഠിപ്പ് നിര്‍ത്തിയ കാര്യമായി ഒരു ജോലിയും ചെയ്യാൻ അറിയാത്ത ഒരാൾ. സ്കൂൾ കാലം മുതൽ 40 വയസ്സ് വരെ ഉള്ള അയാളുടെ ജീവിതം മാത്രമാണ് പൂർണ്ണമായും ലൈഫ് ഓഫ് ജോസൂട്ടി. കുട്ടിക്കാലത്തെ അയാളുടെ സ്കൂൾ ജീവിതം,  ബാല്യകാല സുഹൃത്തുമായുള്ള നഷ്ടപ്രണയം, കൂട്ടുകാർ, നന്മയുള്ള അച്ഛനമ്മമാർ ഇങ്ങനെയൊക്കെ ഒഴുകി നടക്കുന്ന ആദ്യ പകുതിയിൽ കുറെയൊക്കെ തമാശകളും നല്ല ഭംഗിയുള്ള ദൃശ്യങ്ങളും ഉണ്ട്. രണ്ടാം പകുതിയിലാണ് ജോസൂട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹിതനാകുന്നത്. വിവാഹ ശേഷം ന്യൂസീലാന്‍റിൽ എത്തിപ്പെടുന്നതും അവിടെ അയാൾക്ക് നേരിടേണ്ടി വരുന്ന വിചിത്രമായ ജീവിതാനുഭവങ്ങളുമാണ് രണ്ടാം പകുതി. ജീവിതം ഒരു പാഠപുസ്തകം, കണ്ടു മുട്ടുന്നവരെല്ലം പരീക്ഷകൾ തുടങ്ങി പരസ്യത്തിൽ കണ്ട പല ഭാഗങ്ങളുടെയും വിശദീകരണമാണ് സിനിമ.

വളരെ വ്യത്യസ്തമായ ഒരു ദൃശ്യഭാഷ സ്വന്തമായുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് മുതൽ ആഖ്യാനത്തിന്റെ പുതുവഴികൾ തേടിയിട്ടുണ്ട് അയാൾ. പക്ഷെ ചില യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്ക്കുന്ന രംഗങ്ങൾ ഒഴിച്ചാൽ ആവർത്തന വിരസതകളുടെ ഘോഷയാത്ര ആണ് സിനിമ. കെട്ട് പ്രായം കഴിഞ്ഞു നിൽക്കുന്ന പെങ്ങൾ, മറ്റൊരു പെങ്ങളുടെ സ്ത്രീധന ബാക്കിക്ക് വേണ്ടി കടി പിടി കൂടുന്ന അളിയൻ, ആദ്യ കാമുകിയുടെ ദുഷ്ടനായ അച്ഛൻ,  ഇവർക്ക് നടുവിൽ ചക്ര ശ്വാസം കഴിക്കുന്ന നായകൻ.. ഇവരൊക്കെ 70 കളുടെ അവസാനം മുതൽ എങ്കിലും മലയാള സിനിമയിലെ സജീവ സാന്നിധ്യങ്ങളാണ്. ദുഷ്ടനായ വട്ടിപലിശക്കാരനും ഉണ്ട് സിനിമയിൽ. ഇങ്ങനെയൊക്കെ ജീവിതങ്ങൾ ഉണ്ടാവില്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാവാം..പക്ഷെ അവരുടെ രൂപങ്ങൾ മാത്രമാണ് സിനിമയിൽ വ്യതസ്തമാകുന്നത് എന്നത് വളരെ വിചിത്രമാണ്.

എല്ലാം ഉപേക്ഷിച്ചു സ്വന്തം പ്രണയം തേടി പോകുന്നവളും, എന്തിനെയൊക്കെയോ പേടിച്ചു ഒന്നും ഉപേക്ഷിക്കാൻ സാധ്യമല്ലാതെ ജീവിക്കുന്നവളും അങ്ങനെ കുറെ മലയാള സിനിമ അധികം കാണാത്തവർ സിനിമയിൽ ഉണ്ട്. ഇവർ തമ്മിലുള്ള ബന്ധങ്ങളും വൈരുധ്യങ്ങളും പരമാവധി ജനാധിപത്യ പരമായി അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഭിന്നലിംഗക്കാരെ കുറിച്ചുള്ള തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബോധം വികലമാണ് എന്നു പറയേണ്ടിവരും. ചാന്തുപൊട്ടിന്റെ പരമാർശത്തിലൂടെയും ദിലീപിന്റെ തന്നെ ആ സംഭാഷങ്ങളുടെ ആവർത്തനത്തിലൂടെയും കിട്ടുന്ന കൈയടി എന്ന നിഷ്കളങ്ക ഉദ്ദേശത്തിലൂടെ ആവാമെങ്കിലും ക്രൂര ഫലിതങ്ങൾ ആയി പോകുന്നു പലതും. വീട്ടുജോലി എടുത്തു ജീവിക്കുന്ന സ്ത്രീയുടെ പിന്‍ഭാഗം നോക്കി ആരോ കമഴ്ത്തി വെച്ച ഓട്ടുരുളി പോലെ എന്ന് പാടുന്ന ആളെയും കേവല ഗ്രാമ കാഴ്ചയായി ചിരിച്ചു തള്ളാൻ വിഷമം ആണ്. സെക്സിനെ കുറിച്ചാണ് മിക്കവാറും എല്ലാ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും നായകൻ ചിന്തിക്കുന്നത്. ഇതൊക്കെ മടുപ്പിക്കുന്ന രംഗങ്ങൾ ആണ്. കല്യാണ വീട്ടിലെ ഭക്ഷണത്തിനായുള്ള കടിപിടിയും അമ്മാവന്മാരും പോലെ ചില സ്വാഭാവിക നർമങ്ങൾ സിനിമയിൽ ഉണ്ടാവുമ്പോഴും ഇതൊക്കെ മുഴച്ചു നിൽക്കുന്നു.

ജോസൂട്ടിയുടെ ജീവിതത്തിൽ നിന്ന് ശ്രദ്ധ വഴുതി മാറാതിരിക്കാനാവും മറ്റു കഥാപാത്രങ്ങളെ ഒന്നും സംവിധായകൻ ശ്രദ്ധിച്ചിട്ടില്ല. അച്ഛനായി അഭിനയിച്ച ഹരീഷ് പേരടിയുടെ റോൾ മാത്രമേ കുറച്ചെങ്കിലും നേരം സിനിമയിൽ ഉള്ളൂ. കുടുംബ കേന്ദീകൃത കഥകളാണ് ജീത്തു ജോസഫിന്റെ എല്ലാ സിനിമകളും. ഇവിടെയും ജോസൂട്ടിയുടെ ജീവിതം എപ്പോഴും, അകന്നു നിൽക്കുമ്പോഴും കുടുംബത്തിനൊപ്പമാണ്. കുടുംബത്തിനു വേണ്ടി പല കാലങ്ങളിൽ ചെയ്യുന്ന പല തരം ത്യാഗങ്ങൾ എന്ന് ആ ജീവിതത്തെ ചുരുക്കി എഴുതാം. നന്മ തിന്മകളെ കുറിച്ചുള്ള ബോധ്യങ്ങൾ ആണ് അയാളുടെ സിനിമകളിലെ മറ്റൊരു പ്രത്യേകത. പ്രേക്ഷകർക്കൊപ്പം ജോസുട്ടിയുടെ ജീവിതം കാണുന്ന നന്മ തിന്മകൾ അല്ലെങ്കിൽ പാപ പുണ്യങ്ങൾ ഈ സിനിമയുടെ ഒരു പുതുമ ആണ്. ദൃശ്യത്തിലെയും മെമ്മറീസിലെയും നായകന്മാർ നിയമം കയ്യിലെടുത്തു എന്നതാണ് ആ സിനിമകൾക്ക്‌ കിട്ടിയ വിമർശനം. എന്നാൽ ജോസൂട്ടി ഒരു സാധാരണ മനുഷ്യനാണ്. കൂടെ ഇറങ്ങി വന്ന പെണ്ണിനെ ആട്ടിയിറക്കുന്ന, സാമ്പത്തിക ലാഭങ്ങൾക്ക് വേണ്ടി കല്യാണം കഴിക്കുന്ന, പണമുണ്ടാക്കുന്ന ഒരാളാണ് അയാൾ സിനിമയിൽ. ഒരൊറ്റ ആക്ഷൻ രംഗവും സിനിമയിൽ ഇല്ല. പാട്ടുകളെ പലപ്പോഴും എവിടെ ആണ് ചേർക്കേണ്ടത് എന്ന് സംവിധായകനും ആശയക്കുഴപ്പം ഉള്ളതുപോലെ തോന്നി.

ഹിറ്റ്‌ മേക്കർ എന്ന അമിത പ്രതീക്ഷ ഭാരത്തെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ സാധാരണക്കാരനായ ഒരാളുടെ പിറകെ പോകുന്ന രീതിയിൽ ആണ് ഈ സിനിമയുടെ മേക്കിംഗ്. ഒരു ആത്മകഥ എന്ന സിനിമ തുടക്കത്തിൽ തന്ന വിശദീകരണത്തോട് പൂർണമായും നീതി പുലർത്തുമ്പോഴും, അത്ര അതിശയോക്തി ഇല്ലാത്ത ജീവിതമാകുമ്പോഴും ആവർത്തന വിരസതകളെ രണ്ടേ മുക്കാൽ മണിക്കൂർ വലിച്ചു നീട്ടുന്ന അനുഭവമാണ് ലൈഫ് ഓഫ് ജോസുട്ടി തരുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍