UPDATES

ഓക്‌സിജന്‍ കിട്ടിയില്ല, ചെന്നൈയില്‍ 18 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

അഴിമുഖം പ്രതിനിധി

കനത്ത മഴയില്‍ ദുരിതം അനുഭവിക്കുന്ന ചെന്നൈയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 18 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. നന്ദംപാക്കത്തെ എംഒടി ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ (മിയോട്ട്‌) ഐസിയുവിലാണ് ദുരന്തം ഉണ്ടായത്. മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓക്‌സിജന്‍ സംവിധാനം തകരാറിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് ദുരന്തം. മൂന്ന് ദിവസമായി ഈ ഭാഗത്ത് വൈദ്യുതി ലഭ്യമായിരുന്നു. പെട്രോള്‍, ഡീസല്‍ ക്ഷാമം നഗരത്തെ ബാധിച്ചിരുന്നതിനാല്‍ ആശുപത്രിയിലെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി സിഎന്‍എന്‍ ഐബിഎന്നിനോട് പറഞ്ഞു. വൈദ്യുതി ഇല്ലാത്തതാണ് ദുരന്ത കാരണം എന്ന വാദം അദ്ദേഹം നിരാകരിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം അതാകാം മരണകാരണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. വൈദ്യുതി ഇല്ലാത്തത് ഓക്‌സിജന്‍ വിതരണത്തെ ബാധിച്ചുവെങ്കില്‍ മറ്റു 57 രോഗികള്‍ കൂടെ മരിക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടറി ചൂണ്ടിക്കാണിച്ചു. രണ്ട് ദിവസം മുമ്പ് മരണം സംഭവിച്ചുവെന്നും ആശുപത്രി അധികൃതര്‍ മരണം മറച്ചുവച്ചുവെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചതായി ഇന്ത്യന്‍എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ജനാര്‍ദ്ധനന്‍ ട്വീറ്റ് ചെയ്തു. രാത്രി ആയിരുന്നിട്ടും മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും അരുണ്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മഴ ശമനം വന്നതിനെ തുടര്‍ന്ന് നദികളില്‍ വെള്ളം കുറഞ്ഞു തുടങ്ങി എങ്കിലും നഗരം അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് ആറക്കോണത്തെ രാജാജി നേവല്‍ ബേസിലെ റണ്‍വേയില്‍ നിന്ന് എയര്‍ഇന്ത്യയും ചില സ്വകാര്യ എയര്‍ലൈന്‍സുകളും ഏഴ് സര്‍വ്വീസുകള്‍ നടത്തും. വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ചയേ തുറക്കുകയുള്ളൂ. ട്രെയിന്‍ സര്‍വീസുകളും നാളെ വരെ നിര്‍ത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെന്നൈ വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് പൂര്‍ണമായും ഒഴിപ്പിക്കും. 

ചെമ്പരപ്പാക്കം, പോണ്ടി, പുഴല്‍ അണക്കെട്ടുകളില്‍ നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് അഡയാര്‍, കൂവം നദികളിലെ ജലനിരപ്പില്‍ കുറവ് വന്നിട്ടുണ്ട്. 

ഇതുവരെ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും 7000-ത്തില്‍ അധികം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും ഇനിയും അനവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.

ചെന്നൈയിലെ കനത്ത മഴ കാരണം റോഡ് മാര്‍ഗം കൊണ്ടു വരാന്‍ സാധിക്കാത്തതിനാല്‍ കൊച്ചി മെട്രോയുടെ കോച്ചുകള്‍ എത്തുന്നത് വൈകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍