UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

മാനം നഷ്ടപ്പെടുന്ന ജനാധിപത്യം

രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അസഹിഷ്ണുതയുടെ കിരാത നൃത്തത്തെക്കുറിച്ചാണല്ലോ നാമിപ്പോള്‍ വ്യാകുലപ്പെടുന്നത്. എന്നാല്‍ അതിന്റെ വിഷവിത്തുകള്‍ പടര്‍ന്നു പിടിക്കുകയും ജനാധിപത്യത്തിന്റെ അടിവേരുകള്‍ കാര്‍ന്നു തിന്നുതീര്‍ക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനമുണ്ട് ഈ മഹാരാജ്യത്ത്. അതെ, പുരട്ചിത്തലൈവി എന്ന വിപ്ലവനായിക ജയലളിത ഭരിക്കുന്ന തമിഴ്‌നാട്. ഭരണകൂടം കെട്ടി ഉയര്‍ത്തുന്ന അസഹിഷ്ണുതയുടെ മതിലുകള്‍ ദ്രാവിഡ ചരിത്രത്തിന്റെ ഉര്‍വരതകൊണ്ട് സമ്പുഷ്ടമായ വിളനിലങ്ങളെ വിഷലിപ്തമാക്കുകയാണ്. സര്‍ക്കാരിനേയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കോടതികളില്‍ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തും ജയിലുകളില്‍ അടച്ചും പ്രതികാരം തീര്‍ക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യാ മഹാരാജ്യത്ത്‌ വേറെ കണ്ടെത്താനാവില്ല. മഹാരാഷ്ട്രയും പശ്ചിമബംഗാളും തമിഴ്‌നാടിന്റെ മുന്നില്‍ മുട്ടുമടക്കുകയാണ്.

ഡിഎംഡികെ നേതാവ്‌ വിജയകാന്തിനും ബിജെപി നേതാവ്‌ സുബ്രഹ്മണ്യസ്വാമിക്കും എതിരെ നിലവിലുള്ള നിരവധി കേസുകള്‍ പരിഗണിക്കുമ്പോള്‍ അടുത്തിടെ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിലെ ജസ്റ്റിസുമാരായ ദീപക് മിശ്രയും ഫ്രഭുല്ല സി പന്തും ചോദിച്ചു, ‘എന്തുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നു മാത്രം ഇത്രയും മാനനഷ്ടക്കേസുകള്‍ ഇവിടെ വരുന്നു? ‘ഇത്തരം മാനനഷ്ടക്കേസുകള്‍’ ഭരണഘടനാവിരുദ്ധ’മായി പ്രഖ്യാപിക്കണമെന്ന്‌ സുബ്രഹ്മണ്യസ്വാമി ആവശ്യപ്പെട്ടപ്പോള്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അഭിഭാഷകനെ ലക്ഷ്യമാക്കി കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. ‘ഭരണമെന്ന ആശയത്തെ വിമര്‍ശിക്കുന്ന അഭിപ്രായങ്ങളാണ്ഇവയെല്ലാം. വ്യക്തികളെക്കുറിച്ചുള്ളതല്ല ഇതൊന്നും. ഇക്കാര്യം എന്തുകൊണ്ട് തമിഴ്‌നാട്‌ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല.’

തനിക്കെതിരെ, തന്റെ ഭരണത്തിനെതിരെ ശബ്ദിക്കുന്നവരെ മാനനഷ്ടക്കേസുകള്‍ ഉള്‍പ്പെടെയുള്ള ബുള്‍ഡോസറുകള്‍ പ്രയോഗിച്ച്‌ സമൂഹത്തില്‍ നിന്ന് പിഴുതെറിയുക എന്ന സിദ്ധാന്തമാണ് ഏതാനും വര്‍ഷങ്ങളായി വിപ്ലവനായിക ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ അസഹിഷ്ണുതയുടെ രുചി അറിഞ്ഞവരാണ് തമിഴകത്തെ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമൊക്കെ. അഭിപ്രായസ്വാതന്ത്ര്യമെന്നത്‌ സ്വന്തം കീശയില്‍ക്കിടക്കുന്ന കാലഹരണപ്പെട്ട നാണയമാണെന്ന്‌ വിശ്വസിക്കുന്ന ഭരണകൂടമാണ് ഇവിടെ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണകാലത്ത് അച്ചടി-ദൃശ്യ മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ 190 മാനനഷ്ടക്കേസുകളാണ് ജയ സര്‍ക്കാര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന്‌ ടെലിഗ്രാഫ് പത്രം 2015 ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. ഒക്‌ടോബറില്‍ നടന്ന അവസാനത്തെ നിയമസഭാ സെഷനില്‍ മുഖ്യമന്ത്രി 182 പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന്‌സ്പീക്കര്‍ പറയുന്നു. പക്ഷേ അവര്‍ മാധ്യമങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെയും 190 മാനനഷ്ടക്കേസ്സുകള്‍ ഫയല്‍ചെയ്തകാര്യം പറഞ്ഞിരുന്നില്ല എന്ന്‌ ടെലിഗ്രാഫ് പത്രം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം മാനനഷ്ടക്കേസ്സുകള്‍ ഫയല്‍ ചെയ്ത സംസ്ഥാനം എന്ന ‘ബഹുമതി’എന്തായാലും തമിഴ്‌നാടിനു തന്നെ.

 
ജയാമ്മയുടെ അസഹിഷ്ണുതയെക്കുറിച്ച് അവരുടെ പാളയത്തില്‍ നിന്നു തന്നെയാണ് പുതിയ ശബ്ദങ്ങള്‍ ഉയരുന്നത്. ജയലളിതയുടെ പ്രിയങ്കരനും തുഗ്ലക്ക് പത്രാധിപരുമായ ചോരാമസ്വാമി തമിഴകത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിതന്നെ അത്ഭുതപ്പെട്ടിരിക്കണം. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ്‌ ചോ തുഗ്ലക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് പരസ്യമായിവിമര്‍ശിച്ചത്. അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനം ഒന്നാംസ്ഥാനത്താണെന്ന ചോയുടെ ഏറ്റുപറച്ചില്‍ ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പോകുന്ന പുകിലുകള്‍ ചില്ലറയല്ല. മുഖ്യമന്ത്രിയുടെ മുന്നില്‍ താറുടുത്തു ഓച്ചാനിച്ചു നില്‍ക്കുന്ന മന്ത്രിമാര്‍ക്കോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കോ തിരുവായ്ക്ക് എതിര്‍വായില്ല. ഏകാധിപതിയുടെ മനസ്സില്‍ ജനാധിപത്യത്തിന്റെ ദിവ്യനക്ഷത്രം ഉദിച്ചുയരാന്‍ സാധ്യമല്ലെന്ന സന്ദേശമാണ്ജയലളിതയുടെ ഭരണകൂടം വെളിപ്പെടുത്തുന്നത്. കാര്യമായ പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്ത് ജനങ്ങളെ പിന്തുണക്കാന്‍ ആര്‍ക്കാണു കഴിയുക? മുത്തുവേല്‍ കരുണാനിധിയുടെ ഡിഎംകെ നേതൃത്വമാകട്ടെ അഴിമതിക്കുരുക്കില്‍പ്പെട്ട് നട്ടം തിരിയുകയുമാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പു പോലും അവര്‍ക്ക് പേടിസ്വപ്നമാണ്. കുടുംബക്കാര്‍ക്കു അഴിമതി നടത്താന്‍ വേണ്ടി ഒത്താശ ചെയ്തതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ വീര്‍ച്ചെയറില്‍ ഇരുന്നു നരകിക്കാനാണ് കലൈജ്ഞറുടെ വിധി. മോചനം എന്ന പദം അവരുടെ നിഘണ്ടുവില്‍ നിന്ന്‌ രക്ഷപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി സമൂഹത്തിലെ അനീതിക്കെതിരെ പാട്ടുപാടിയും തെരുവു നാടകം കളിച്ചും നിരന്തരം പോരാടിയ കോവന്‍ മദ്യനിരോധനം നടപ്പിലാക്കണമെന്ന്‌ വാദിച്ചപ്പോള്‍ അയാളെ രാജ്യദ്രോഹ കുറ്റം ചുമത്തി അകത്താക്കിയ നടപടി മാത്രം മതി ഭരണകൂടത്തിന്റെ ജനാധിപത്യധ്വംസനം വ്യക്തമാകാന്‍. എഐഎഡിഎംകെയുടെ ജനറല്‍കൗണ്‍സില്‍ യോഗം പ്രമാണിച്ച്‌ ചെന്നൈ നഗരത്തിലെ നിരത്തുകളില്‍ പൊങ്ങിയ അനധികൃതമായ ആയിരക്കണക്കിനു കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കുമെതിരെ ജനരോക്ഷം ഉയര്‍ന്നപ്പോള്‍ പ്രതിക്കൂട്ടിലായത് സാധാരണ യാത്രക്കാരായിരുന്നു. എന്നും ഗതാഗതക്കുരുക്കില്‍പ്പെട്ട് ഉഴലുന്ന നഗരത്തില്‍ പാര്‍ട്ടിയുടെ അഹന്ത പ്രകടിപ്പിക്കുന്ന കട്ടൗട്ടുകളും ബാനറുകളുംമാറ്റാന്‍ ശ്രമിച്ച യാത്രക്കാരെ 14 ദിവസം റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ചാണ് ജയാമ്മ പകരം വീട്ടിയത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ്‌ കേസ്സെടുത്തത്. പാര്‍ട്ടി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ സ്ഥാപിച്ച കട്ടൗട്ടുകളും ബാനറുകളും എങ്ങനെ പൊതു മുതലാകും? അതാണ് റിമാന്‍ഡിലായവര്‍ മജിസ്‌ട്രേട്ടിനോടു ചോദിച്ചത്. എന്നാല്‍ യാത്രക്കാരെ കൈയേറി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു. 350 ബാനറുകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്റെ അനുവാദം വാങ്ങിയശേഷം 1500 ല്‍ പരം കട്ടൗട്ടുകളും ബാനറുകളുമാണ് നഗരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ജനാധിപത്യത്തെ തകിടംമറിച്ചെങ്കിലും വീണ്ടും ഭരണത്തിലെത്തണമെന്ന ചിന്താഗതിയാണ് ജയലളിതയെക്കൊണ്ട് ഇത്തരം ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. 

1991- 96 കാലഘട്ടത്തില്‍ ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ നൂറുകണക്കിനു മാനനഷ്ടക്കേസുകളാണ്‌ രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ഫയല്‍ചെയ്തത്. 2001- 06 -ല്‍ ജയാമ്മ രണ്ടാം തവണ മുഖ്യമന്ത്രി ആയപ്പോള്‍ കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷിക്കെതിരെ പോലും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ മടിച്ചില്ല. അക്കാലത്ത് 120 ല്‍ പരം കേസ്സുകളാണ്‌ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തത്. 2006-11 ല്‍ നാല്‍പ്പതോളം മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. 2011 ല്‍ മൂന്നാംതവണ മുഖ്യമന്ത്രി ആയി വന്നപ്പോഴും ജയലളിത മാധ്യമങ്ങളെ വെറുതേ വിട്ടില്ല. ഫയല്‍ചെയ്ത മാനനഷ്ടക്കേസുകള്‍ക്കൊന്നും കുറവു വന്നില്ലന്നു മാത്രമല്ല എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ക്കെതിരെ എണ്‍പതോളം മാനനഷ്ടക്കേസുകളാണ് ഫയല്‍ ചെയ്തിരുന്നത്.

എംഡിഎംകെ നേതാവിവ് നാഞ്ചില്‍ സമ്പത്തിനെതിരെ സര്‍ക്കാര്‍ 26 കേസ്സുകളാണ് ഫയല്‍ ചെയ്തിരുന്നത്. സമ്പത്ത് എംഡിഎംകെയില്‍ നിന്നു കാലുമാറി വന്നപ്പോള്‍ കേസ്സുകള്‍ പിന്‍വലിക്കാന്‍ ജയാ സര്‍ക്കാര്‍ ഉത്തരവിട്ടു. ജയലളിതയെ വിമര്‍ശിച്ച വിജയകാന്തിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഹിന്ദു പത്രത്തിനെതിരെ സര്‍ക്കാര്‍ കേസ്‌ കൊടുത്തത്. തമിഴ്‌നാട്ടിലെ പത്രമുത്തശ്ശിയായ ആനന്ദവികടനെതിരെ 20 മാനഷ്ടക്കേസ്സുകളാണ് ഫയല്‍ചെയ്തത്. ജയാമ്മയുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയതിനാണ് അവസാനമായി കേസ്ഫയല്‍ചെയ്തത്. ജൂനിയര്‍ വികടന്‍ എഡിറ്റര്‍ തിരുമവേലന് എതിരെ 18 കേസ്സുകളാണ് നിലവിലുള്ളത്. ഡിഎംകെ മുഖപത്രമായ മുരശ്ശൊലിക്കെതിരെയും പാര്‍ട്ടി നേതാവ് കരുണാനിധിക്കെതിരെയും നിരവധി കേസുകള്‍ കോടതികളിലാണ്.

എന്തായാലും അസഹിഷ്ണുതയുടെ താണ്ഡവം തമിഴകത്തിന്റെ ഭാവിയെ തകര്‍ക്കുകയാണ്. സ്വേച്ഛാധിപതിയുടെ കൂരമ്പുകള്‍ സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തെയാണ്‌ ലക്ഷ്യമിടുന്നത്. അധികാരത്തിന്റെ മുള്‍മുനയില്‍ തമിഴകത്തെ ഓരോ പൗരനും നിലവിളിക്കുകയാണ്. പകരംവയ്ക്കാനില്ലാതെ, ദുഷ്പ്രഭുത്വത്തിന്റെ ബലിപീഠത്തില്‍ അവന്‍ സ്വന്തംശിരസ്സ് അമര്‍ത്തി നല്‍ക്കുന്നു-അസഹിഷ്ണുതയുടെ കഠാര വീഴുന്നതും കാത്ത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍