UPDATES

ചരിത്രത്തില്‍ ഇന്ന്

1945 ജനുവരി 21: റാഷ് ബിഹാരി ബോസ് അന്തരിച്ചു

ബാങ്കോക്കില്‍ ചേര്‍ന്ന യോഗത്തില്‍, റാഷ് ബിഹാരി ബോസ് അദ്ധ്യക്ഷനായ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന് കീഴില്‍ ഐഎന്‍എ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. റാഷ് ബിഹാരി ഇങ്ങനെ എഴുതി: ‘ഗാന്ധിജിയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ അദ്ദേഹം ഒരു ഇന്ത്യന്‍ സന്യാസിയും ‘ഇന്നലെയുടെ ആളും’ ആണ്. സുഭാഷ് ചന്ദ്ര ബോസാണ് ‘ഇന്നിന്റെ ആള്‍”.

ബംഗാളിലെ ഒരു ഗ്രാമത്തില്‍ 1886ല്‍ ജനിച്ച റാഷ് ബിഹാരി ബോസ് വളര്‍ന്നത് അന്ന് ഫ്രഞ്ച് അധീനതയില്‍ ഉണ്ടായിരുന്ന ചന്ദന്‍നഗറിലായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം കരസേനയില്‍ ഒരു ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. അവസാനം, സിംലയ്ക്ക് സമീപം കൗസാലിയില്‍ ബോസിന് ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ പണി ലഭിക്കുകയും പിന്നീട് ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറുകയും ചെയ്തു.

ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ജോലിചെയ്യുമ്പോഴും ഒന്നാം ബംഗാള്‍ വിഭജനത്തിനെതിരായ പോരാട്ട സമയത്ത് ആര്‍ജ്ജിച്ച സാമ്രാജ്യത്വവിരുദ്ധ ആശയങ്ങളുടെ പേരില്‍ ബോസ് പുറത്താക്കപ്പെട്ടു. എങ്ങനെയാണ് രാസവസ്തുക്കള്‍ കൈകാര്യം ചെയ്യേണ്ടതെന്നും അവ എങ്ങനെ അപരിഷ്‌കൃത ബോംബുകളാക്കി പരിവര്‍ത്തിപ്പിക്കാമെന്നും എഫ്ആര്‍ഐയില്‍ ജോലി ചെയ്യുന്ന സമയത്ത് റാഷ് ബിഹാരി ബോസ് മനസിലാക്കി.

1912 ഡിസംബര്‍ ന്യൂഡല്‍ഹിയില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ പുതിയ തലസ്ഥാനം ഉല്‍ഘാടനം ചെയ്യപ്പെട്ട വേളയില്‍, ബോസ് നേരിട്ട് പങ്കെടുക്കുകയും ആഘോഷങ്ങള്‍ തടസപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. മറ്റൊരു ബംഗാളി പുരോഗമനവാദിയായിരുന്ന ബസന്ത് കുമാര്‍ ബിശ്വാസായിരുന്നു അദ്ദേഹത്തിന്റെ കൂട്ടാളി. ബോസ് കൈമാറിയ ബോംബ് വൈസ്രോയി ഹാര്‍ഡിംഗ് പ്രഭു സഞ്ചരിച്ചിരുന്ന ചമയങ്ങളണിഞ്ഞ ആനയ്ക്ക് നേരെ ബിശ്വാസ് വലിച്ചെറിഞ്ഞു. വലിയ സ്‌ഫോടനം നടക്കുകയും ഹാര്‍ഡിംഗ് കൊല്ലപ്പെട്ടതായി പലരും കരുതുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. അന്ന് വൈകിട്ട് ഡെറാഡൂണിലേക്കുള്ള തീവണ്ടി പിടിച്ച റാഷ് ബിഹാരി, എഫ്ആര്‍ഐയില്‍ തന്റെ ചുമതലകള്‍ തുടര്‍ന്നു. റാഷ് ബിഹാരിയുടെ ഇരട്ട ജീവിതം കലാപരമായി ഒളിച്ചുവെക്കപ്പെട്ടു. ഏതാനും മാസങ്ങള്‍ക്ക് ശേഷം വൈസ്രോയി ഡെറാഡൂണ്‍ സന്ദര്‍ശിച്ചപ്പോള്‍, സന്ദര്‍ശിക്കുന്ന വിശിഷ്ടവ്യക്തിക്ക് സ്വീകരണമൊരുക്കുന്നതിന് റാഷ് ബിഹാരി സഹായങ്ങള്‍ ചെയ്തു. ക്രൂരമായ ഭീകരാക്രമണത്തില്‍ നിന്നും വൈസ്രോയിയെ കഷ്ടിച്ച് രക്ഷപ്പെടുത്തിയ സര്‍വശക്തന് ആ യോഗത്തില്‍ വച്ച് നന്ദി രേഖപ്പെടുത്തപ്പെട്ടു.

എന്നാല്‍, ആ സമയമായപ്പോഴേക്കും സംശയത്തിന് മുന റാഷ് ബിഹാരിയുടെ നേരെ നീളാന്‍ തുടങ്ങി. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ചില വിപ്ലവകാരികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ അടുത്തത് താനായിരിക്കും എന്ന് തിരിച്ചറിഞ്ഞ ബോസ് ചന്ദന്‍നഗറിലേക്ക് രക്ഷപ്പെട്ടു. 1915 മേയില്‍, ഒരു വ്യാജപ്പേരില്‍ അദ്ദേഹം ജപ്പാനിലേക്ക് കടല്‍വഴി യാത്രയായി. 1915 ജൂണ്‍ അഞ്ചിന് തുറമുഖ നഗരമായ കോബെയില്‍ എത്തിയ റാഷ് ബിഹാരി, അവിടെ നിന്നും ട്രെയിനില്‍ ടോക്യോവിലേക്ക് തിരിച്ചു. സുണ്‍ ഷോങ്ഷാന്‍ എന്ന പേരില്‍ ആ സമയം ജപ്പാനില്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്ന ചൈനീസ് ദേശീയവാദി സുണ്‍ യെറ്റ്-സെന്നിനാണ് അദ്ദേഹം ആദ്യം പരിചയപ്പെട്ടവരില്‍ ഒരാള്‍. ഇന്ത്യയുടെ പോരാട്ടത്തോട് അനുഭാവമുണ്ടായിരുന്ന വിശാല ഏഷ്യന്‍വാദികളും മാധ്യമപ്രവര്‍ത്തകരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. എന്നാല്‍, റാഷ് ബിഹാരി ജപ്പാനിലുണ്ടെന്ന് ബ്രിട്ടീഷുകാര്‍ പെട്ടെന്ന് തിരിച്ചറിയുകയും അദ്ദേഹത്തെ മടക്കിയയ്ക്കാന്‍ ജപ്പാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു (ആ സമയത്ത് ഇരു രാജ്യങ്ങളും സഖ്യത്തിലായിരുന്നു). അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ റാഷ് ബിഹാരിയെ നകാമുറായ ബേക്കറിയുടെ ഉടമയുടെ വീട്ടില്‍ എത്തിക്കുകയും അവിടെ അദ്ദേഹം മാസങ്ങളോളം ഒളിവില്‍ പാര്‍ക്കുകയും ചെയ്തു.

അതേ സമയത്ത് പുറം ലോകത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. ജപ്പാന്റെ ഒരു വ്യാപാര വാഹിനിക്ക് നേരെ ബ്രട്ടീഷ് കപ്പല്‍ വെടിയുതിര്‍ത്തു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശിഥിലമായി. ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് റാഷ് ബിഹാരിയായിരുന്നു. അദ്ദേഹത്തെ ലക്ഷ്യം വച്ചിറക്കിയ നാടുകടത്തല്‍ ഉത്തരവ് പിന്‍വലിക്കപ്പെട്ടു. ഇതിനിടയില്‍ അദ്ദേഹത്തോട് ഇഷ്ടം തോന്നിയ നകാമുറയയുടെ ഉടമസ്ഥന്‍, തന്റെ മകള്‍ തോഷികോയെ വിവാഹം കഴിക്കാന്‍ റാഷ് ബിഹാരിയോട് ആവശ്യപ്പെട്ടു. ദമ്പതികള്‍ക്ക് ചെറിയ ഇടവേളയില്‍ രണ്ട് കുട്ടികള്‍ ഉണ്ടായി. 1925ല്‍ ന്യൂമോണിയ ബാധിച്ച് തോഷികോ അന്തരിച്ചു. തന്റെ ദുഖം റാഷ് ബിഹാരി രാഷ്ട്രീയത്തില്‍ അലിയിച്ചെടുത്തു.

പാന്‍-ഏഷ്യന്‍ വൃത്തങ്ങളില്‍ സജീവമായ അദ്ദേഹം ടോകിയോയില്‍ ‘ഇന്ത്യന്‍ ക്ലബ്’ രൂപീകരിക്കുകയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ അപകടങ്ങളെ കുറിച്ച് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ സമയം ആയപ്പോഴേക്കും അദ്ദേഹത്തിന് ജാപ്പനീസ് ഭാഷ ഒഴുക്കോടെ സംസാരിക്കാനും എഴുതാനും സാധിക്കുമായിരുന്നു. മറ്റ് പ്രസിദ്ധീകരണങ്ങളോടൊപ്പം അദ്ദേഹം ഗാന്ധിജിയുടെ യംങ് ഇന്ത്യയും വരുത്താന്‍ തുടങ്ങി; താന്‍ മനസിലാക്കിയടത്തോളം മഹാത്മാവിന്റെ യഥാര്‍ത്ഥ ശക്തി അദ്ദേഹത്തിന്റെ ആശയങ്ങളോ പ്രഭാഷണത്തിലുള്ള കഴിവോ അല്ല മറിച്ച് ‘ത്യാഗം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ’ ആണെന്ന് റാഷ് ബിഹാരി അഭിപ്രായപ്പെട്ടു. തന്റെ പേരിനോട് സാമ്യമുള്ള സുഭാഷ് ചന്ദ്ര ബോസ് എന്ന യുവകോണ്‍ഗ്രസ് നേതാവും അദ്ദേഹത്തില്‍ മതിപ്പുളവാക്കി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം റാഷ് ബിഹാരി ഇങ്ങനെ എഴുതി: ‘ഗാന്ധിജിയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ അദ്ദേഹം ഒരു ഇന്ത്യന്‍ സന്യാസിയും ‘ഇന്നലെയുടെ ആളും’ ആണ്. സുഭാഷ് ചന്ദ്ര ബോസാണ് ‘ഇന്നിന്റെ ആള്‍”.

1942 ഫെബ്രവരിയില്‍, സിഗംപ്പൂരിലുണ്ടായിരുന്നു ബ്രിട്ടീഷ് സൈനീകപാളയം ജപ്പാന്‍കാര്‍ തകര്‍ത്തു. കീഴടങ്ങിയ ഇന്ത്യന്‍ സൈനീകരില്‍ ഭൂരിപക്ഷവും മോഹന്‍ സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ നാഷണല്‍ ആര്‍മി,’ രൂപീകരിക്കുകയും തങ്ങളുടെ മാതൃരാജ്യത്തിന്റെ മോചനത്തിനായി ജപ്പാനോടൊപ്പം ചേര്‍ന്ന് പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് ജപ്പാന്റെ കീഴിലായിരുന്ന ബാങ്കോക്കില്‍ വച്ചു ചേര്‍ന്ന ഒരു യോഗത്തില്‍, റാഷ് ബിഹാരി ബോസ് അദ്ധ്യക്ഷനായുള്ള ഒരു ‘ഇന്ത്യന്‍ സ്വാതന്ത്ര്യ ലീഗ്,’ കീഴില്‍ ഐഎന്‍എ പ്രവര്‍ത്തിക്കും എന്ന് തീരുമാനമായി. ഐഎന്‍എയുടെ നേതൃത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആ സമയം ബര്‍ലിനിലായിരുന്ന സുഭാഷ് ചന്ദ്ര ബോസുമായി ജപ്പാന്‍ ബന്ധപ്പെട്ടു. 1943 മേയില്‍, ഒരു അന്തരവാഹിനിയില്‍ കയറി സുഭാഷ് ചന്ദ്ര ബോസ് ജപ്പാനിലെത്തി. രണ്ടു മാസത്തിന് ശേഷം ഇരുവരും കൂടിക്കണ്ട്. ബംഗാളിയില്‍ നടന്ന സംഭാഷണത്തിനിടയില്‍. ‘ഇന്ത്യന്‍ സ്വതന്ത്ര ലീഗ്’ ന്റെ നേതൃത്വം റാഷ് ബിഹാരി സുഭാഷിന് കൈമാറി. 1944 ഫെബ്രുവരിയില്‍ റാഷ് ബിഹാരിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ബാധിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യം അടിക്കടി ക്ഷയിക്കുകയും ചെയ്തു. 1945 ജനുവരി 21ന് 58-ാം വയസില്‍ റാഷ് ബിഹാരി ബോസ് അന്തരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍