UPDATES

ചരിത്രത്തില്‍ ഇന്ന്

1950 ഏപ്രില്‍ 08: ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നെഹ്രു-ലിയാഖത്ത് കരാര്‍ ഒപ്പിട്ടു

1994 ഏപ്രില്‍ 08: റോക്ക് സ്റ്റാര്‍ കുര്‍ട്ട് കൊബെയ്‌നെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യ

വിഭജനകാലത്തെ രക്തച്ചൊരിച്ചില്‍ സൃഷ്ടിച്ച തീരാപ്പകയ്ക്ക് ശമനം ഉണ്ടാക്കാം എന്ന പ്രതീക്ഷയോടെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു കരാറില്‍ ഇരുരാജ്യങ്ങളും 1950 ഏപ്രില്‍ എട്ടിന് ഒപ്പിട്ടു. ഏപ്രില്‍ ആദ്യവാരം ന്യൂഡല്‍ഹിയിലേക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ പറന്നെത്തുകയും ഏപ്രില്‍ എട്ടിന് കരാറില്‍ ഒപ്പിടുകയുമായിരുന്നു. നെഹ്രു-ലിയാഖത്ത് കരാറെന്നും ഡല്‍ഹി കരാറെന്നും ഇത് അറിയപ്പെട്ടു. വിഭജനം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ശത്രുത നിലനിന്നിരുന്നു. എന്നാല്‍ മറ്റൊരു യുദ്ധത്തിലേക്ക് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. വ്യാപാര, കരാറുകള്‍ പോലും 1949 ഡിസംബറില്‍ ഉപേക്ഷിക്കുന്നതിന് ഈ ശത്രുത കാരണമായിരുന്നു. കിഴക്കന്‍ പാകിസ്ഥാനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്. ബംഗാള്‍ പ്രദേശത്തുള്ള ഈ ഭാഗം 1955 മുതല്‍ 1971 വരെ പാകിസ്ഥാന്റെ ഒരു പ്രവിശ്യ സംസ്ഥാനമായിരുന്നു) നിന്നുള്ള ഹിന്ദുക്കളും പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലീങ്ങളും അടക്കം ഒരു ദശലക്ഷം ജനങ്ങള്‍ അതിര്‍ത്തി കടന്ന് അങ്ങോട്ടുമിങ്ങോട്ടും പോയതായി 1950-ല്‍ കണക്കാക്കപ്പെട്ടിരുന്നു. ആറ് ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം, എല്ലാ ഭരണഘടനാപരമായ അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങളിലെയും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാമെന്ന് രണ്ട് കക്ഷികളും സമ്മതിച്ചു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകള്‍ നിലവില്‍ വന്നു.

ലോകം

1994 ഏപ്രില്‍ 08: റോക്ക് സ്റ്റാര്‍ കുര്‍ട്ട് കൊബെയ്‌നെ മരിച്ച നിലയില്‍ കണ്ടെത്തി


1994 ഏപ്രില്‍ എട്ടിന് പ്രശസ്ത റോക്ക് ഗായകനായ കുര്‍ട്ട് കൊബെയ്‌നെ സീയറ്റിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയ്ക്ക് പരിക്കേല്‍പിച്ച ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. തോക്കും ആത്മഹത്യാക്കുറിപ്പും അദ്ദേഹത്തിന്റെ ശവശരീരത്തിന്റെ സമീപത്ത് നിന്നും കണ്ടെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ഇലക്ട്രീഷ്യന്‍ മൃതദേഹം കണ്ടെത്തുന്നതിന് 34 മണിക്കൂറുകള്‍ക്ക് മുമ്പ് കുര്‍ട്ട് കൊബെയ്ന്‍ മരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. നിര്‍വാണ എന്ന അമേരിക്കന്‍ റോക്ക് സംഗീതസംഘത്തിലെ പ്രധാന ഗായകനായിരുന്നു കുര്‍ട്ട് കൊബെയ്ന്‍. ഗിത്താര്‍ ഉച്ചത്തില്‍ വായിക്കുകയും ആലസ്യമാര്‍ന്ന ശബ്ദത്തില്‍ പാടുകയും ചെയ്യുന്ന ശൈലിയ്ക്ക് പ്രസിദ്ധരായിരുന്നു നിര്‍വാണ ഗായകസംഘം. ‘നെവര്‍മൈന്റ്’ എന്ന നിര്‍വാണയുടെ ആല്‍ബം വലിയ വിജയമായതിനെ തുടര്‍ന്ന് ജനറേഷന്‍ എക്‌സിന്റെ ‘പ്രധാന ബാന്റായി’ നിര്‍വാണ അറിയപ്പെടുകയും ‘തലമുറയുടെ വക്താവ്’ എന്ന് കുര്‍ട്ട് കൊബെയ്ന്‍ വാഴ്ത്തപ്പെടുകയും ചെയ്തു. ജീവിത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഹെറോയിന്‍ അടിമയും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുകയും ചെയ്തിരുന്ന കുര്‍ട്ട് കൊബെയ്‌ന് വലിയ രീതിയില്‍ വിഷാദ രോഗവുമുണ്ടായിരുന്നു. തന്റെ പ്രശസ്തിയും പൊതുപ്രതിച്ഛായയുമായി പൊരുത്തപ്പെട്ടു പോകാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. ഭാര്യയും സംഗീതജ്ഞയുമായ കോര്‍ട്ട്‌നി ലൗവിനും തനിക്കും ചുറ്റും വളര്‍ന്നവന്ന തൊഴില്‍പരവും വ്യക്തിപരവുമായ സമ്മര്‍ദങ്ങള്‍ താങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 27-ാം വയസില്‍ അദ്ദേഹം മരിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് വലിയ രീതിയിലുള്ള സംവാദങ്ങള്‍ക്കും പൊതുജനശ്രദ്ധയ്ക്കും കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍