UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

1984 തീര്‍പ്പാക്കാന്‍ സമയമായി-ഹരീഷ് ഖരെ എഴുതുന്നു

ചരിത്രം ഒരു ലളിതമായ വസ്തുത പറയുന്നുണ്ട്; വാക്കുകളിലെ ഹിംസ തെരുവുകളിലെ ഹിംസയിലേക്ക് നയിക്കുമെന്ന്.

ഹരീഷ് ഖരെ

ഇപ്പോള്‍ മുതല്‍ മാര്‍ച്ച് 11-വരെ മാത്രമാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കേണ്ടതിനെക്കുറിച്ച് പറയാനുള്ള സാധ്യമായ സമയം. മാര്‍ച്ച് 11 വരെ പഞ്ചാബ് സമാധാനപരമായ ഒരവസ്ഥയിലാണ്, കാരണം രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിത അവധിയിലാണ്. ഇനിയിപ്പോള്‍ എത്ര ബഹളം കൂട്ടിയാലും ഫലമൊന്നുമില്ലെന്ന് അവര്‍ക്കറിയാം. സിഖുകാരുടെയും പഞ്ചാബിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലെ വേദനാജനകമായ ഈ അധ്യായം ‘അടച്ചുപൂട്ടുന്നതില്‍’ നിന്നും തടയിടാന്‍ രാഷ്ട്രീയക്കാര്‍ക്ക് എത്ര സമയം വേണ്ടിവരും എന്നു ചോദിക്കാന്‍ സമയമായി.

ഇങ്ങനെ പറയാനുള്ള പെട്ടെന്നുള്ള പ്രകോപനം കഴിഞ്ഞ വെള്ളിയാഴ്ച്ച വന്ന ഒരു വാര്‍ത്തയാണ്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടു ജഗദീഷ് ടൈട്ലരോട് നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ സി ബി ഐ ആവശ്യപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത. 33 കൊല്ലത്തിന് ശേഷം! എന്തൊരു കാപട്യം, നീതിയുടെ വികൃതരൂപം, രാജ്യത്തെ കേള്‍വി കേട്ട അന്വേഷണ ഏജന്‍സിയുടെ അന്വേഷണമെന്ന തട്ടിപ്പ്!

1984- ഭീകരമായ ലജ്ജയുടെ നിമിഷമാണ്. നിരവധി മനുഷ്യര്‍ക്ക് ജീവനും അഭിമാനവും നഷ്ടപ്പെട്ട അന്ന് ന്യായത്തെയും നീതിയെയും കുറിച്ചുള്ള നമ്മുടെ കൂട്ടായ ബോധം ആക്രമിക്കപ്പെട്ടു. ഇന്നും അത് തന്നെ സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിനുശേഷം പലതവണ ശിക്ഷിക്കപ്പെട്ടു. 2005-ല്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞു. എങ്കിലും ‘അടച്ചുപൂട്ടല്‍’ അനുവദിച്ചില്ല.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നാണ് ആവശ്യമെങ്കില്‍, മുപ്പതു കൊല്ലങ്ങള്‍ക്ക് ശേഷവും ഒരു ചോദ്യം പ്രസക്തമാണ്: എന്തുകൊണ്ടാണ് നമുക്കവരെ ശിക്ഷിക്കാന്‍ കഴിയാതെ പോയത്? ജഗദീഷ് ടൈട്ലറെ പോലുള്ളവര്‍ നിയമപ്രക്രിയയെ അട്ടിമറിച്ചതുകൊണ്ടാണെന്ന് എളുപ്പം ആരോപിക്കാം. പക്ഷേ 1984-നു ശേഷം കേന്ദ്രത്തിലും സംസ്ഥാനത്തുമൊക്കെ കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ വന്നു എന്ന കാര്യം നമുക്കറിയാം . പല കമ്മീഷനുകളും പ്രഖ്യാപിക്കുകയും നിയമിക്കുകയും ചെയ്തു. എന്നിട്ടും ഒന്നും ഇരകള്‍ക്ക് ‘നീതി’ നല്‍കിയില്ല. സിഖ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയക്കാര്‍ ഇതൊക്കെയെടുത്ത് ഇടയ്ക്കായുധമാക്കും. ചരിത്രപരമായ ഒരു തെറ്റിന് കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമത്തിന് പകരം, നീതിക്കായുള്ള അന്വേഷണം വെറും രാഷ്ട്രീയ തര്‍ക്കമായി ചുരുക്കപ്പെട്ടു-കക്ഷിരാഷ്ട്രീയ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വളച്ചൊടിക്കപ്പെട്ടു.

ഏതു തരത്തിലുള്ള ‘നീതി’യാണെന്ന് ആരും കൃത്യമായി പറഞ്ഞില്ല, എന്താണ് സ്വീകാര്യമായ ഒരു അവസാനിപ്പിക്കല്‍ എന്നും. മാധ്യമപ്രവര്‍ത്തകരും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരുടെ കളികളില്‍ വീണു. എല്ലാ ലോക്സഭാ തേരഞ്ഞെടുപ്പിന്റെ തലേന്നും എന്തെങ്കിലും ‘പുതിയ തെളിവുമായി’ ചില ‘അന്വേഷണാത്മക’ മാധ്യമപ്രവര്‍ത്തകര്‍ പ്രത്യക്ഷപ്പെടും. അത് രാഷ്ട്രീയക്കാര്‍ക്ക് ഗുണം ചെയ്യും. അകാലി ദളും കൂട്ടരും ഇരകള്‍ക്ക് നീതി ആവശ്യപ്പെടും. കോണ്‍ഗ്രസിനേ അടിക്കാനുള്ള ഒരു നല്ല വടിയായാണ് അകാലി ദള്‍ ഇതിനെ കാണുന്നത്. പക്ഷേ ആ കളി മറ്റുള്ളവരും കളിയ്ക്കാന്‍ പഠിച്ചു. ഇരകള്‍ക്ക് ‘നീതി’ കിട്ടാത്തതിന് പുതിയ സംഘടനകള്‍ അകാലി നേതാക്കളെ കുറ്റപ്പെടുത്താന്‍ തുടങ്ങി.

ഫൂല്‍ക്കയെ പോലുള്ള അഭിഭാഷകര്‍ ഈ ‘നീതിതേടല്‍ കളിയില്‍’ നിന്നും ഒരു തൊഴില്‍ജീവിതവും ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഭാഗ്യവും ഉണ്ടാക്കുന്നു. വടക്കേ അമേരിക്കയിലെ തത്പരകക്ഷികള്‍ ഈ ‘അനീതി’ പരിപാടിയെ മൊത്തമായി അപകടകരമായ തിരിവിലെത്തിക്കുന്നു.

ഈ പ്രക്രിയക്കിടയില്‍ മഹാഭൂരിപക്ഷം വരുന്ന സിഖ് സമുദായത്തിനടക്കം, മൊത്തം പഞ്ചാബിനും ഇത് വലിയ അപകടമാണ് വരുത്തിവെച്ചിരിക്കുന്നത്. ഇരവാദത്തിന്റെ രാഷ്ട്രീയം അകാലി ദളിനെയും സഖ്യകക്ഷി ബി ജെ പിയെയും മികച്ച ഭരണനിര്‍വ്വഹണത്തില്‍ നിന്നും ഒളിച്ചോടാന്‍ അനുവദിച്ചു.

ഒരു അറിയപ്പെടാത്ത മാധ്യമപ്രവര്‍ത്തകന്‍ 1984-ലെ കലാപത്തിലെ ഇരകളുടെ പേരില്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് നേരെ ഷൂസ് വലിച്ചെറിഞ്ഞു പ്രശസ്തനായി. അതേ മനുഷ്യനു ലാംബിയില്‍ ബാദല്‍ കോട്ട പൊളിക്കാന്‍ കഴിഞ്ഞാല്‍ അത് അകാലികള്‍ക്ക് തികഞ്ഞ ശിക്ഷയാകും.

കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഞാന്‍ ദിയോബന്ദില്‍ (പശ്ചിമ ഉത്തര്‍പ്രദേശിലെ സഹ്റാന്‍പൂര്‍ ജില്ലയില്‍) പോയപ്പോള്‍ ഇസ്ളാമിക രീതിയില്‍ വായ്പക്ക് പലിശ ഈടാക്കാത്ത മുസ്ലീം ഫണ്ട് ട്രസ്റ്റ് എന്ന ബാങ്കിംഗ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ ഹസീബ് സിദ്ദിക്കിയെ കാണാന്‍ എനിക്കവസരം കിട്ടി. 1961 മുതല്‍ ഈ സ്ഥാപനമുണ്ട്. അന്ന് മുതല്‍ ഒപ്പമുള്ള ജനാബ് ഹസീബ് സിദ്ദിക്കി ഈ 78-ആം വയസിലും ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയോടെ പ്രവര്‍ത്തിക്കുന്നു.

സിദ്ദിക്കി സാഹബ് ഒരു പൌരപ്രമുഖനാണ്. നിരവധി വിദ്യാലയങ്ങള്‍, ഒരു കണ്ണാശുപത്രി, വായനശാല, ചില പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നടത്തുന്നു. ഇസ്ളാമിക ബാങ്ക് തുടങ്ങുമ്പോള്‍ കയ്യിലൊരു പേന മാത്രമാണു ഉണ്ടായിരുന്നതെന്നും സമര്‍പ്പണവും വിശ്വാസവുമാണ് അതിനെ വളര്‍ത്തിയതെന്നും അദ്ദേഹം അഭിമാനത്തോടെ എന്നോടു പറഞ്ഞു. ഭരണകൂടം ഒഴിഞ്ഞുനില്‍ക്കുന്ന പല മേഖലകളിലും പൌരസമൂഹത്തിന് എങ്ങനെയൊക്കെ ഇടപെടാന്‍ കഴിയും എന്നതിന്റെ തെളിവുകൂടിയാണ് ഇത്.

മുസ്ലീം ഫണ്ട് ട്രസ്റ്റ് സന്ദര്‍ശനത്തിലും അതിന്റെ നടത്തിപ്പുകാരനുമായി സംസാരിച്ചതിലും നിന്ന് ഇടറാത്ത ദിശാബോധമാണ് എനിക്കു മനസിലായത്. പരമ്പരാഗത വേഷമാണ് അദ്ദേഹം ധരിച്ചിരുന്നതെങ്കിലും യാഥാസ്ഥിതികമായി ഒന്നും അദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ല. തികഞ്ഞ ആധുനികവും പ്രായോഗികവുമായ മനസോടെയുള്ള പ്രവര്‍ത്തനം.

ചണ്ഡീഗഡ് സെക്ടര്‍ 9-ല്‍ നിന്നും ഭീകരമായ ഒരു മരണവാര്‍ത്തയാ അറിയുന്നത്. 18 മാസങ്ങള്‍ക്ക് മുമ്പ് ഞാനീ നഗരത്തില്‍ വന്നപ്പോള്‍ സെക്ടര്‍ 9 ഉന്നത ജീവിതരീതിയുടെ ഒരാലയമായാണ് അറിയപ്പെട്ടത്. സുന്ദര നഗരത്തിലെ സമ്പന്ന പ്രദേശമാണ് അത്. ഇപ്പോള്‍ ഒരു ആഡംബര കാര്‍ ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ചാണ് നാം കേള്‍ക്കുന്നത്. കുറ്റാരോപിതര്‍ ‘ഉന്നതബന്ധങ്ങള്‍’ ഉള്ളവരായതുകൊണ്ട് പോലീസ് അന്വേഷണം ഇഴയുകയാണ് എന്നാണറിയുന്നത്. ഇരകളുടെ കുടുംബവും അതുപോലെ ‘ഉന്നതബന്ധം’ ഉള്ളവരായതുകൊണ്ടാണ് പോലീസ് ഇപ്പോള്‍ അനങ്ങാന്‍ തുടങ്ങിയത്.

ഈ ഭീകരമായ മരണം നമ്മോടു ചിലത് പറയുന്നുണ്ട്: നമ്മുടെ സമൂഹത്തില്‍ ഭയാനകമായ രീതിയിലാണ് ചില കാര്യങ്ങള്‍ പോകുന്നത്. നാം വേഗത്തില്‍ ദേഷ്യം പിടിക്കുന്നവരും അസഹിഷ്ണുക്കളും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ആയി മാറുന്നു. നമ്മുടെ ജനപ്രിയ സംസ്കാരം-സിനിമ, ടെലിവിഷന്‍, പോപ് സംഗീതം- പരുക്കനായ മൂല്യങ്ങളും പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്നു.

ഇതിന്റെ എതിര്‍വശം കാണാനില്ല. തങ്ങളുടെ പൌരാണിക നാഗരികതയില്‍ അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തില്‍ മികച്ച മാതൃകകള്‍ അപൂര്‍വമാകുന്നു. വിദ്യാലയങ്ങള്‍ മൂല്യബോധം പകര്‍ന്നുകൊടുക്കുന്നതില്‍ നിന്നും പിറകിലാകുന്നു. മതനേതാക്കള്‍ പോലും വ്യാപാരികളാണ്. ആത്മീയതയുടെ വില്‍പ്പന. പരസ്യങ്ങള്‍ എല്ലാ മൂല്യങ്ങളെയും തങ്ങളുടെ ഉത്പന്നങ്ങള്‍ക്കൊത്ത് ചേര്‍ത്ത് അര്‍ത്ഥച്യുതി വരുത്തുന്നു.

അന്തരീക്ഷത്തില്‍ ഹിംസയുടെ വികാരമാണ്. പ്രധാനമന്ത്രി തന്നെ ഇതിന് വഴികാട്ടുന്നു. ഓരോ ദിവസവും അദ്ദേഹം ആക്രമാണോത്സുകമായ വാക്കുകള്‍ കുത്തിവെക്കുന്നു, മാത്രവുമല്ല അതൊക്കെ നല്ലതാണെന്ന് തോന്നണമെന്ന് നമ്മോടു പറയുകയും ചെയ്യുന്നു.

പിന്നെ നമുക്കീ അത്ഭുതാനുഗ്രഹമായ സാമൂഹ്യ മാധ്യമങ്ങളുണ്ട്. നമ്മള്‍ ചീത്തവിളിക്കുന്നു, ചീത്തവിളി കേള്‍ക്കുന്നു, അധിക്ഷേപത്തില്‍ മനംനിറയുന്നു. അജ്ഞാതാവസ്ഥ നമ്മെ അപരിഷ്കൃതരും മര്യാദകെട്ടവരുമാക്കുന്നു.

ചരിത്രം ഒരു ലളിതമായ വസ്തുത പറയുന്നുണ്ട്: വാക്കുകളിലെ ഹിംസ തെരുവുകളിലെ ഹിംസയിലേക്ക് നയിക്കുമെന്ന്. ഞാന്‍ ഭയപ്പെടുന്നതു, അടുത്തുതന്നെ പാര്‍ലമെന്റിലും നാം ഈ അക്രമം കാണും എന്നാണ്.

കഴിഞ്ഞയാഴ്ച്ച ഞാന്‍ ദിയോബന്ദിലെ ദാറുല്‍ ഉലൂമില്‍ എത്തി. ദിയോബന്ദ് നിങ്ങളെ പൊടുന്നനെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന് മുഖാമുഖം നിര്‍ത്തുന്നു. തെരഞ്ഞെടുപ്പ് രസതന്ത്രം എന്താണെന്ന് അറിയാനായിരുന്നു ഞാന്‍ അവിടെ എത്തിയത്. പിടിപാടുള്ള ആളുകളെയാണ് കാണേണ്ടത്. ഞങ്ങളുടെ എസ്‌യു‌വി കടന്നുപോകാന്‍ കഴിയാത്തത്ര ഇടുങ്ങിയതായിരുന്നു തെരുവുകള്‍ എന്നതായിരുന്നു പ്രശ്നം.

കാലാവസ്ഥ നല്ലതായിരുന്നു. എങ്കിലും ഒരു ദ്വിഭാഷിയില്‍ നിന്നും മറ്റൊരാളുടെ അടുത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. അവിടുത്തുകാരനായ ഞങ്ങളുടെ സഹായി പരിഹാരം കണ്ടു; സ്കൂട്ടറിന് പിറകില്‍ ഇരുന്നോളൂ. അതായത് 30 കൊല്ലത്തിന് ശേഷമാണ് ഞാന്‍ ഒരു ഇരുചക്ര വാഹനത്തില്‍ ഇരിക്കുന്നത്.

വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഞങ്ങള്‍ മൂന്നു പേര്‍, ഹെല്‍മറ്റൊന്നുമില്ല. ഇത്തിരി പേടിപ്പെടുത്തി. മനസിലേക്ക് പലതും ഓടിവന്നു. Robert Pirsig-ന്റെ പുസ്തകം Zen and the Art of Motorcycle Maintenance. ബോബ് ഡിലന്റെ മോട്ടോര്‍ബൈക്ക് ഇടിക്കുന്നത്. ആ നിമിഷങ്ങളില്‍ ഞാന്‍ സെന്‍ ധ്യാനാനുഭവത്തിനായിരുന്നു ശ്രമിച്ചത്. ഒന്നും നടന്നില്ല എന്നത് വേറെ കാര്യം.
നടക്കാനാവുന്ന ഏക സംഗതി നല്ല ചൂടുള്ള ഒരു കപ്പ് കാപ്പി കുടിക്കുക എന്നതാണ്. ഒന്നു ശ്രമിച്ചു നോക്കൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍