UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഖ് കലാപം: അഞ്ച് കേസുകള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കേസുകളില്‍ തിരക്ക് പിടിച്ചാണ് വിചാരണ അവസാനിപ്പിച്ചതെന്നും പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും ഹൈക്കോടതി വിലയിരുത്തി

1984ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ വീണ്ടും തുറക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം. 86ല്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളാണ് പുനരാരംഭിക്കുന്നത്. ഈ കേസുകളില്‍ തിരക്ക് പിടിച്ചാണ് വിചാരണ അവസാനിപ്പിച്ചതെന്നും പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും ഹൈക്കോടതി വിലയിരുത്തി.

ഗിത മിത്തല്‍, അനു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സത്യം പുറത്തുകൊണ്ടുവരാന്‍ പോലീസ് സഹകരിച്ചില്ലെന്നും കോടതി വിലയിരുത്തി. പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിചാരണ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. 1985 മാര്‍ച്ചില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാതികളൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഇത് പ്രതികളെ സഹായിക്കാനായിരുന്നെന്നാണ് വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനോ മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്താനോ ശ്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല. ദൃക്‌സാക്ഷി വിവരണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ വാദം കേള്‍ക്കെ സിബിഐ ആണ് ഈ കേസുകളുടെ വിചാരണ കോടതിയിലെ രേഖകള്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കിയത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഈ രേഖകള്‍ ഹാജരാക്കിയത്.

കേസ് വീണ്ടും തുറക്കാന്‍ തീരുമാനമായതോടെ പ്രതികളായിരുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വാന്‍ ഖോക്കര്‍, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്ര യാദവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വേദ് പ്രകാശ്, ധന്‍പത് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് വീണ്ടും അന്വേഷിച്ച് പരാതികള്‍ ഏപ്രില്‍ 20ന് കോടതിയില്‍ സമര്‍പ്പിക്കാനാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഡ്വ. സിദ്ധാര്‍ത്ഥ് അഗര്‍വാളിനെ കേസിലെ അമിക്കസ് ക്യൂറിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖ് വംശജരായ സുരക്ഷ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടതോടെയാണ് സിഖ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍