UPDATES

ട്രെന്‍ഡിങ്ങ്

ഒറ്റദിവസം പുറത്തായത് രണ്ട് എസ്‌ഐമാര്‍; എന്തൊരു തോല്‍വിയാണ് കേരളാ പോലീസ്?

തുടര്‍ച്ചയായി വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് പിന്നാലെയാണ് ഇത്രയേറെ പോലീസുകാര്‍ക്കെതിരെ ഇന്നലെ ഒറ്റദിവസം കൊണ്ട് വകുപ്പ് തല നടപടിയുണ്ടായിരിക്കുന്നത്

ഇന്നലെ ഒറ്റദിവസം കൊണ്ട് കേരളത്തില്‍ പുറത്താക്കപ്പെട്ടത് രണ്ട് എസ്‌ഐമാര്‍. എട്ട് പോലീസുകാരെ സ്ഥലം മാറ്റിയപ്പോള്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. കേരള പോലീസിനെ സംബന്ധിച്ച് ഒറ്റദിവസം തന്നെ ഇത്രയേറെ പോലീസുകാര്‍ നടപടിക്ക് വിധേയരാകുകയോ ശുപാര്‍ശ ചെയ്യപ്പെടുകയോ ചെയ്യുന്നത് അപൂര്‍വമായ സംഭവമാണ്.

വാളയാറില്‍ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഒരു എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വാളയാര്‍ എസ്‌ഐ പി സി ചാക്കോയാണ് നടപടിക്ക് വിധേയനായത്. ഇയാള്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് അന്വേഷണം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഇതേകേസില്‍ കസബ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസ്, ഡിവൈഎസ്പിയുടെ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാലക്കാട് എസ്പിയുടെ കൂടി ചുമതലയുള്ള മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് മാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പതിനൊന്ന് വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്നെ തെളിഞ്ഞിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലെത്തി പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പ്രദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇന്നലെ കൊച്ചിയില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിന് കുടപിടിച്ച സംഭവത്തിലാണ് ഇന്നലെയുണ്ടായ രണ്ടാമത്തെ നടപടി. അതിക്രമം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം സെന്‍ട്രല്‍ എസ്‌ഐ ആണ് ഇവിടെ സസ്‌പെന്‍ഷനിലായത്. ഇവിടുത്തെ എട്ട് പോലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുകയും ചെയ്യും. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേണം നടക്കുക. മറൈന്‍ ഡ്രൈവിലുണ്ടായ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇന്റലിജന്‍സും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര പോലീസുകാരെ ഇവിടേക്ക് വിന്യസിച്ചില്ലെന്നും ഇവിടെയുണ്ടായിരുന്ന പോലീസുകാര്‍ ശിവസേന അതിക്രമം നടത്തുമ്പോള്‍ കാഴചക്കാരായിരുന്നുവെന്നുമാണ് ആരോപണം.

സമീകാലത്തായി തുടര്‍ച്ചയായി വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് പിന്നാലെയാണ് ഇത്രയേറെ പോലീസുകാര്‍ക്കെതിരെ ഇന്നലെ ഒറ്റദിവസം കൊണ്ട് വകുപ്പ് തല നടപടിയുണ്ടായിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും പ്രതിരോധത്തിലായിരിക്കുകയാണ്. മറൈന്‍ഡ്രൈവില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്ന് നിയമസഭയില്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്ന കേരള പോലീസ് നാണക്കേട് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍