UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഷന്‍ ടി20 ലോകകപ്പ്; ഇന്ത്യ ‘ഓണ്‍ റൈറ്റ് ട്രാക്ക്’

Avatar

ആര്‍ ഉണ്ണികൃഷ്ണന്‍ 

‘ഇനി എന്റെ നേര്‍ക്ക് വിമര്‍ശന ശരങ്ങളെയ്യരുത്‌’ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ടി20 ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ നായകന്‍ ധോണി മനസിലെങ്കിലും പറഞ്ഞിരിക്കണം. ഏകദിന പരമ്പരയിലെ 4-1 എന്ന തോല്‍വിയെ തുടര്‍ന്ന്‌ തനിക്കെതിരെ നീണ്ട വിമര്‍ശനങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താന്‍ ഈ വിജയം ധോണിക്കും സംഘത്തിനും ഉപകരിക്കും. കംഗാരുക്കളെ അവരുടെ മണ്ണില്‍ വച്ച് തന്നെ നിഷ്‌കരുണം തകര്‍ത്ത് തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യ പരമ്പര നേടിയത്. ആശങ്കകള്‍ക്ക് ഒരു അകലം നല്‍കാന്‍ ഈ ജയം പ്രയോജനപ്പെട്ടു എന്ന് മാത്രമല്ല, നമ്മള്‍ ‘പുറത്താക്കപ്പെടവര്‍’ എന്ന് മുദ്ര കുത്തിയവര്‍ തിരിച്ചെത്തി അവരുടെ മൂല്യം കാണിക്കുന്നതിനും ഈ പരമ്പര സാക്ഷ്യം വഹിച്ചു. അത് കേവലം ഇന്ത്യന്‍ നിരയിലെ യുവരാജ് സിംഗോ ആശിഷ് നെഹ്രയോ മാത്രമല്ല. പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും ഓസീസ് നിരയിലും ഈ കാഴ്ച കണ്ടു. ഷെയിന്‍ വാട്‌സന്റെയും ഷോണ്‍ ടെയ്റ്റിന്റെയും തിരിച്ചു വരവിനും ഇന്ത്യ-ഓസ്‌ട്രേലിയ 20-ട്വന്റി പരമ്പര വേദിയായി. 

യുവരാജ് സിംഗ് എന്ന  2011 ലോകകപ്പ് വിജയത്തിലെ പ്രധാന കണ്ണിക്ക് ഇത്തരത്തിലൊരു അഗ്‌നി പരീക്ഷ നേരിടേണ്ടി വരുമെന്ന് ആരും തന്നെ കരുതിയിട്ടുണ്ടാവില്ല. അത്രമാത്രം നാടകീയത നിറഞ്ഞതായിരുന്നു യുവിയുടെ കരിയറും ജീവിതവും. ജീവിതത്തെ പോരാടി ജയിച്ചവന്‍ ആരെന്നു ചോദിച്ചാല്‍ യുവരാജ് ആദ്യ നിരയില്‍ തന്നെ സ്ഥാനം പിടിക്കും. ഈ തിരിച്ചു വരവ് യുവിയെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമാണ്. 2014 ടി 20 ലോകകപ്പിനുള്ള ടീമില്‍ എത്തുമ്പോള്‍ യുവിക്ക് കൂട്ടായി ഒരല്‍പം ‘സിമ്പതി’ ഉണ്ടായിരുന്നു. എന്നാല്‍ ഈ വരവില്‍ യുവിക്ക് കളിച്ചു കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ഇവിടെ പരാജയപ്പെട്ടാല്‍ ഒരു പക്ഷെ ഇനിയൊരു തിരിച്ചു വരവ് 34-കാരനായ യുവിക്ക് കയ്യെത്തും ദൂരെ ആകണമെന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയതിന്റെ ആത്മവിശാസം യുവിയുടെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിലെ നിരാശ ഇല്ലാതാക്കാന്‍ ദൈവം അദ്ദേഹത്തിന് ഇന്ത്യയെ ജയിപ്പിക്കുന്നതിനുള്ള അവസരം നല്‍കി. സിഡ്‌നിയിലെ മത്സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്ന അവസരത്തില്‍ താരതമ്യേനെ പുതുമുഖ താരമായ ആന്ദ്രേ ടൈയെ സിക്‌സറിനും ഫോറിനും പറത്തി യുവി ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. യുവിയുടെ ബാറ്റിംഗ് തുടക്കത്തില്‍ കണ്ട എല്ലാവരും ഒരു നിമിഷമെങ്കിലും 2014 ടി20 ലോകകപ്പ് ഫൈനല്‍ ഓര്‍ത്ത് പോകാതിരിക്കില്ല. തുടക്കം ഒരല്‍പം ആശങ്ക നിറച്ചുവെങ്കിലും പിന്നീട് ഇന്ത്യയുടെ ഈ വെറ്ററന്‍ യുവരാജാവ് കത്തിക്കയറി.

എന്തുകൊണ്ടും ധോണിയുടെ ഒട്ടുമിക്ക ആശങ്കകള്‍ക്കും വിരാമം കാണാന്‍ ഈ പരമ്പര സഹായകരമായി. മികച്ചൊരു മധ്യനിര ഇന്ത്യക്കുണ്ടെന്ന് തോന്നിയത് യുവിയുടെ പേര് ആ സ്ഥാനത്തു കണ്ടപ്പോള്‍ ആണ്. കൂട്ടിനു ധോണിയും റൈനയും ചേരുമ്പോള്‍ ഈ പ്രദേശത്ത് വിള്ളല്‍ ഉണ്ടാക്കുക എതിരാളികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല. വിരാട് കോഹ്ലിയുടെ ഫോമും ഇന്ത്യക്കു നിര്‍ണായകമാണ്. ആക്രമണവും ശ്രദ്ധയും ഒത്തിണക്കി കളിക്കുന്ന കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവര്‍ ഇന്ത്യന്‍ മധ്യനിരയുടെ മേലുള്ള സമ്മര്‍ദം ഒഴിവാക്കാന്‍ ശ്രദ്ധാലുക്കളാകുന്നു. 

ട്വന്റി 20 ലോകകപ്പ് വിളിപാടകലെ എത്തി നില്‍ക്കുമ്പോള്‍ ടി 20 റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യ എന്തുകൊണ്ടും  ആ കിരീടത്തിന്റെ അവകാശികളാവാന്‍ യോഗ്യരാണ്. മികച്ച ഓപ്പണിംഗ് സഖ്യം, മികച്ച മധ്യനിര, മികച്ച ബൗളിംഗ് നിര (ടി20 പരമ്പര മാത്രം ഈ വിശേഷണതിനാധാരം). ബൗളിംഗ് മെച്ചപ്പെട്ടു എന്ന് മാത്രമേ അവസാന വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ആശിഷ് നെഹ്ര എന്ന അനുഭവ സമ്പത്തുള്ള പേസര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി എന്നതു ഇന്ത്യക്കു നല്‍കുന്ന മുന്‍തൂക്കം ചെറുതൊന്നുമല്ല. തുടക്ക ഓവറുകളില്‍ റണ്‍ നിരക്ക് കുറയ്ക്കുവാന്‍ ഈ ഇടം കയ്യന്‍ ബോളര്‍ക്കു സാധിക്കുന്നു. മാത്രവുമല്ല യോര്‍ക്കര്‍ എന്ന വജ്രായുധവും ടി20 ക്കു ആവശ്യം വേണ്ട ഗതി മാറ്റവും നെഹ്ര ഫലപ്രദമായി ഉപയോഗിക്കുന്നു. ജസ്പ്രിത് ബുമ്ര എന്ന ഗുജറാത്തുകാരന്റെ വ്യത്യസ്ത ബൗളിംഗ് ശൈലി ബാറ്റ്‌സ്മാന്‍മാരുടെ ചിന്തകളെ നല്ല രീതിയില്‍ തന്നെ അലസോരപ്പെടുത്തും. ബുമ്രയുടെ ബൗളിംഗ് ആക്ഷനില്‍ നിന്ന് വരുന്ന യോര്‍ക്കറുകള്‍ വായിച്ചെടുക്കുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ച ഇന്ത്യന്‍ ആരാധകര്‍ക്ക് കണ്ണിനു കുളിര്‍മയേകുന്നതായിരുന്നു. ആദ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ കൂടി ഇവര്‍ മിടുക്ക് കാണിക്കുകയാണെങ്കില്‍, സംശയിക്കണ്ട ഇന്ത്യ മറ്റുള്ള രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകും. സ്വന്തം മണ്ണിലാണ് ലോകകപ്പ് നടക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുക്കണം.

ഏകദിന പരമ്പരയിലെ അശ്വിനും ജഡേജയുമായിരുന്നില്ല ഈ പരമ്പരയില്‍ കണ്ടത്. ഇരുവരും വിക്കറ്റുകള്‍ വീഴ്ത്തിയും റണ്‍ നിരക്ക് നിയന്ത്രിച്ചും കടിഞ്ഞാന്‍ കൈക്കലാക്കി. ഹര്‍ഭജനെ ‘പുറത്തിരുത്താന്‍’ പോന്ന പ്രകടനം ഇവര്‍ നടത്തുകയും ചെയ്തു. ഇന്ത്യയുടെ മുന്നേറ്റത്തിന്റെ മറ്റൊരു എടുത്തു പറയേണ്ട മേഖല ഫീല്‍ഡിംഗ് ആണ്. നൂറില്‍ നൂറു മാര്‍ക്കു കൊടുക്കലാവുന്നതാണ് ഇന്ത്യയുടെ ഈ വിഭാഗത്തിന്. അങ്ങിങ്ങ് ക്യാച്ചുകള്‍ നഷ്ടമായെങ്കിലും ഉന്നത നിലവാരം പുലര്‍ത്താന്‍ ഫീല്‍ഡിംഗിനു കഴിഞ്ഞു. 

ഇതൊക്കെയാണെങ്കിലും മധ്യനിര പൂര്‍ണ്ണമായി പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതും വസ്തുതയാണ്. ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍ റൗണ്ടര്‍ കേവലം ബോളിങ്ങില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. വിജയ തീക്ഷ്ണത പാണ്ഡ്യയില്‍ പ്രകടമാണെങ്കിലും ഒരുപാട് വിയര്‍പ്പോഴുക്കേണ്ടി വരും അദ്ദേഹം ചുമക്കുന്ന ആ വിശേഷണം സ്വന്തമാക്കാന്‍. യുവ താരമായ പാണ്ഡ്യ മാത്രമാണ് ഇന്ത്യയുടെ ‘ഫാസ്റ്റ് ബൌളിംഗ്’ ഓള്‍ റൗണ്ടര്‍. ശ്രീലങ്കക്കെതിരെ വരാനിരിക്കുന്ന പരമ്പര എല്ലാ ചോദ്യങ്ങളുടെയും മുനയൊടിക്കുന്നതായിരിക്കണം. അതിനാല്‍ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സെയ്ദ്‌ മുഷ്താഖ്‌ അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇര്‍ഫാന്‍ പത്താനെ പരീക്ഷിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഗുണമേ ചെയ്യുകയുള്ളൂ. പ്രത്യേകിച്ചും ‘അവഗണിക്കപ്പെട്ടവര്‍’ ഈ പരമ്പരയില്‍ തിളങ്ങി എന്ന വസ്തുത നിലനില്‍ക്കുന്നത് കൊണ്ട്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍