UPDATES

ട്രെന്‍ഡിങ്ങ്

ആനന്ദ്പാല്‍ സിംഗിന്റെ മൃതദേഹം ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം ദഹിപ്പിച്ചു

സംസ്‌കാര ചടങ്ങുകള്‍ക്കായി ഏതാനും മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്തെ കര്‍ഫ്യൂവിന് അയവുവരുത്തി

ജയ്പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട അധോലോക നായകന്‍ ആനന്ദ്പാല്‍ സിംഗിന്റെ മൃതദേഹം കനത്ത പോലീസ് സുരക്ഷയ്ക്കിടെ ദഹിപ്പിച്ചു. കൊല്ലപ്പെട്ട് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് നഗൗര്‍ ജില്ലയിലെ സന്‍വരാദ് ഗ്രാമത്തില്‍ മൃതദേഹം ദഹിപ്പിച്ചത്.

ജൂണ്‍ 24ന് പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ആനന്ദ്പാലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല. ആനന്ദ്പാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് രജ്പുത് സമുദായക്കാര്‍ക്കിടയില്‍ കലാപമുണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആനന്ദിന്റെ ജന്മദേശമായ സന്‍വരാദില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഇന്നലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായത്. സംസ്‌കാര ചടങ്ങുകള്‍ക്കായി ഏതാനും മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്തെ കര്‍ഫ്യൂവിന് അയവുവരുത്തി.

കലാപങ്ങളില്‍ സമുദായ നേതാക്കള്‍ക്കും സാമൂഹിക വിരുദ്ധരായ 200ലേറെ പേര്‍ക്കുമെതിരെ പോലീസ് രണ്ട് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഗ്രാമത്തിലെ കര്‍ഫ്യൂ ഇപ്പോഴും തുടരുന്നുണ്ടെന്ന് എഡിജിപി എന്‍ആര്‍കെ റെഡ്ഡി അറിയിച്ചു. 200ഓളം പേര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഇവരെല്ലാം പോലീസ് ആയുധങ്ങള്‍ മോഷ്ടിച്ചതിനും കലാപമുണ്ടാക്കിയതിനും ഉടന്‍ തന്നെ അറസ്റ്റിലാകുമെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

അഞ്ച് സാമുദായിക നേതാക്കള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ദിദ്‌വാന ബ്ലോക്കില്‍ രജ്പുത് സമുദായക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ആയുധങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു. നഷ്ടപ്പെട്ട എകെ-47 തോക്കിനും മൂന്ന് പിസ്റ്റളുകള്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍