UPDATES

വിദേശം

ജനാധിപത്യം സംരക്ഷിക്കാന്‍ 20 വഴികള്‍; ഇന്ത്യയ്ക്കും ബാധകമാണ്

Avatar

ട്രംപ് കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നമ്മള്‍ എന്ത് ചെയ്യേണ്ടി വരും? യേല്‍ സര്‍വകലാശാലയിലെ ഈ പ്രൊഫസര്‍ നിര്‍ദ്ദേശിക്കുന്ന 20 മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കൂ. ഏകാധിപത്യ പ്രവണതകള്‍ക്ക് വളരെയധികം സാംഗത്യം ലഭിക്കുന്ന നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളിലും യേല്‍ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസര്‍ തിമോത്തി സ്‌നൈഡറുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നു.

ഫാസിസത്തിനോ നാസിസത്തിനോ അല്ലെങ്കില്‍ കമ്മ്യൂണിസത്തിനോ ജനാധിപത്യം കീഴ്‌പ്പെടുമെന്ന് പറയുന്ന യൂറോപ്യന്മാരെക്കാള്‍ ഒട്ടും ബുദ്ധിശാലികളല്ല അമേരിക്കക്കാര്‍. എന്നാല്‍ അമേരിക്കക്കാര്‍ അവരുടെ അനുഭവങ്ങളില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കുന്നു എന്നത് നല്ല കാര്യമാണ്. അത്തരം ചില പാഠങ്ങള്‍ പഠിച്ചിരിക്കേണ്ട സമയമാണിത്. 20-ാം നൂറ്റാണ്ടിലെ ചില അനുഭവങ്ങളില്‍ നിന്നും അവലംബിച്ച, ഇപ്പോഴത്തെ സാഹചര്യങ്ങളുമായി ഇണങ്ങുന്ന 20 പാഠങ്ങള്‍ ഇതാ:

1. മുന്‍കൂട്ടി അനുസരിക്കരുത്
ഇതില്‍ കൂടുതല്‍ എന്ത് അടിച്ചമര്‍ത്തലാണ് വരാന്‍ പോകുന്നതെന്ന് ആലോചിക്കുന്ന പൗരന്മാര്‍, സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിന് മുമ്പേ അങ്ങനെ പെരുമാറാന്‍ തുടങ്ങും. മുന്‍കൂട്ടിയുള്ള ഇത്തരം അനുസരണകള്‍ സര്‍ക്കാരിന് സാധ്യതകള്‍ തുറന്നു കൊടുക്കുകയും അസ്വാനതന്ത്ര്യത്തെ വിളിച്ചുവരുത്തുകയും ചെയ്യും.

2. ഒരു സ്ഥാപനത്തെ സംരക്ഷിക്കുക
കോടതികളെയും മാധ്യമങ്ങളെയും പിന്തുടരുകയോ അല്ലെങ്കില്‍ ഒരു കോടതിയെയോ ഒരു മാധ്യമത്തെയോ പിന്തുണയ്ക്കുകയോ ചെയ്യുക. ഒരു സ്ഥാപനവും സ്വയം സംരക്ഷിക്കില്ല. തുടക്കം മുതല്‍ അവയെ സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ശിരോവസ്ത്രം അഴിഞ്ഞുപോകുന്നത് പോലെ അത് താഴേക്ക് പതിക്കും.

3. തൊഴില്‍പരമായ നൈതികത ഉറപ്പാക്കുക
ഒരു ഭരണാധികാരി തെറ്റ് ചെയ്യുമ്പോള്‍, ശരിയായ നടപടികള്‍ക്ക് വേണ്ടിയുള്ള തൊഴില്‍പരമായ നൈതികതയ്ക്ക് പ്രാധാന്യം കൈവരിക്കുന്നു. അഭിഭാഷകരുടെ പിന്തുണയില്ലാതെ നിയമങ്ങള്‍ ലംഘിക്കാനും ജഡ്ജിമാരില്ലാതെ വിചാരണ നടത്താനും ബുദ്ധിമുട്ടാണ്.

4. രാഷ്ട്രീയക്കാരെ ശ്രവിക്കുമ്പോള്‍, ചില വാക്കുകള്‍ വേര്‍തിരിച്ച് മനസിലാക്കുക
‘ഭീകരവാദം,’ ‘തീവ്രവാദം’ തുടങ്ങിയ വാക്കുകളുടെ ആവര്‍ത്തിച്ച ഉപയോഗം ശ്രദ്ധിക്കുക. ‘അപവാദം,’ ‘അടിയന്തിരാവസ്ഥ’ തുടങ്ങിയ നിര്‍ണായക സൂചനകളെ കുറിച്ച് ബോധവാന്മാരാവുക. ദേശസ്‌നേഹ ശബ്ദകോശത്തിന്റെ വഞ്ചനാപരമായ ഉപയോഗത്തില്‍ രോഷം കൊള്ളുക.

5. അചിന്ത്യമായത് സംഭവിക്കുമ്പോള്‍ ശാന്തരായിരിക്കുക
ഒരു തീവ്രവാദ ആക്രമണം സംഭവിക്കുമ്പോള്‍, എല്ലാ അധികാരികളും കാത്തിരിക്കുകയോ അല്ലെങ്കില്‍ അധികാരം ബലപ്പെടുത്തുകയോ ചെയ്യാനാണ് അത്തരം സംഭവങ്ങളെ എല്ലാ കാലത്തും ഉപയോഗിച്ചിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കുക. റെയ്ഷ്‌സ്റ്റാഗ് അഗ്നിബാധയെ കുറിച്ച് ആലോചിക്കൂ. അധികാരത്തിന്റെ സന്തുലിതാവസ്ഥ അവസാനിപ്പിക്കാന്‍, പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ ഒക്കെ ഇത്തരം ദുരന്തങ്ങള്‍ ആവശ്യമാണെന്നത് ഹിറ്റ്‌ലറിന്റെ പുസ്തകത്തിലെ പഴയ തന്ത്രമാണ്. അതിന്റെ കെണിയില്‍ വീഴാതിരിക്കുക.

6. നമ്മുടെ ഭാഷയോട് അനുകമ്പയുള്ളവരായിരിക്കുക
മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ ഉച്ചരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സംസാരരീതിയെ കുറിച്ച് ആലോചിക്കുക. അത് മറ്റുള്ളവരെല്ലാം പറയുന്നു എന്ന് നിങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ വേണ്ടി മാത്രമാണെങ്കില്‍ പോലും. (ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക. കിടക്കമുറിയുടെ പുറത്ത് വച്ച് മാത്രം ഗാഡ്ജറ്റുകള്‍ ചാര്‍ജ്ജ് ചെയ്യുക, എന്നിട്ട് വായിക്കുക.)

7. ഒറ്റയ്ക്ക് നില്‍ക്കുക
ആരെങ്കിലും ഇത് ചെയ്യണം. വാക്കുകളിലും പ്രവര്‍ത്തികളും അത് പിന്തുടരാന്‍ എളുപ്പമാണ്. വ്യത്യസ്തമായി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യുന്നത് അസ്ഥമായി തോന്നാം. പക്ഷെ അസ്വസ്ഥത ഇല്ലെങ്കില്‍ സ്വാതന്ത്ര്യവും ഇല്ല. മാത്രമല്ല, നിങ്ങള്‍ ഒരു ഉദാഹരണം സൃഷ്ടിക്കുന്ന നിമിഷത്തില്‍ തന്നെ നിലനില്‍ക്കുന്ന അവസ്ഥ തകര്‍ക്കപ്പെടുകയും മറ്റുള്ളവര്‍ നിങ്ങളെ പിന്തുടരുകയും ചെയ്യും.

8. സത്യത്തില്‍ വിശ്വസിക്കുക
യാഥാര്‍ത്ഥ്യങ്ങളെ ഉപേക്ഷിക്കുന്നത് സ്വാതന്ത്ര്യത്തെ ഉപേക്ഷിക്കലാണ്. ഒന്നും സത്യമല്ലെങ്കില്‍ അധികാരത്തെ വിമര്‍ശിക്കാനാവില്ല. ഒന്നും സത്യമല്ലെങ്കില്‍ എല്ലാം അത്ഭുതം മാത്രമായി മാറും.

9. അന്വേഷിക്കുക
സ്വയം കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ശ്രമിക്കുക. നീണ്ട ലേഖനങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കുക. അച്ചടി മാധ്യമങ്ങള്‍ വാങ്ങിക്കൊണ്ട് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ സഹായിക്കുക. സ്‌ക്രീനില്‍ കാണുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നവയാണെന്ന് തിരിച്ചറിയുക.

10. പ്രാപഞ്ചിക രാഷ്ട്രീയം പരിശീലിക്കുക
കസേരകളില്‍ മടിപിടിച്ചിരിക്കുകയും വികാരങ്ങള്‍ സ്‌ക്രീനുകളിലേക്ക് അഴിച്ചു വിടുകയും ചെയ്യുന്ന മൃദു ശരീരങ്ങളെയാണ് അധികാരം ആവശ്യപ്പെടുന്നത്. വെളിയിലിറങ്ങുക. പരിചിതരല്ലാത്ത സ്ഥലങ്ങളില്‍, പരിചിതരല്ലാത്ത ആളുകളുമായി ഇടപഴകുക. പുതിയ കൂട്ടുകാരെ സമ്പാദിക്കുകയും അവരുമായി മുന്നോട്ട് നീങ്ങുകയും ചെയ്യുക.

11. കണ്ണുകള്‍ വഴി ബന്ധപ്പെടുകയും സംഭാഷണങ്ങള്‍ ചുരുക്കുകയും ചെയ്യുക
ഇത് വിനയത്തിന്റെ പ്രശ്‌നമല്ല. നിങ്ങളുടെ ചുറ്റുപാടുകളുമായി ബന്ധപ്പെടാനും അനാവശ്യമായ സാമൂഹിക വിലക്കുകള്‍ മറികടക്കാനും ആരെ വിശ്വസിക്കണമെന്നും ആരെ അവിശ്വസിക്കണമെന്നും നിങ്ങള്‍ക്ക് മനസിലാകാന്‍ സാധിക്കുന്നതിനുമുള്ള ഒരു മാര്‍ഗ്ഗമാണിത്. ആക്ഷേപത്തിന്റെ ഒരു സംസ്‌കാരത്തിലേക്ക് നമ്മള്‍ പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ മനഃശാസ്ത്ര ഭൂമികയെ കുറിച്ചറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യം തോന്നും.

12. ലോകത്തിന്റെ മുഖത്തിനായി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുക
സ്വസ്തികയും അതുപോലയുള്ള വിദ്വേഷത്തിന്റെ ചിഹ്നങ്ങളും ശ്രദ്ധിക്കുക. അതില്‍ നോക്കതിരിക്കുകയോ അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുകയോ ചെയ്യുക. നിങ്ങള്‍ തന്നെ അത് നീക്കം ചെയ്യുകയും മറ്റുള്ളവര്‍ക്ക് ഒരു ഉദാഹരണമായി മാറുകയും ചെയ്യുക.

13. ഏകക്ഷി രാഷ്ട്രവാദത്തെ ചെറുക്കുക
രാജ്യങ്ങളെ ഏറ്റെടുത്ത രാഷ്ട്രീയകക്ഷികള്‍ ഒരിക്കല്‍ മറ്റൊന്നായിരുന്നു. തങ്ങളുടെ എതിരാളികളുടെ രാഷ്ട്രീയ ജീവിതം നിഷ്പ്രഭമാക്കുന്നതിനായി ഒരു ചരിത്ര നിമിഷത്തെ അവര്‍ ചൂഷണം ചെയ്യുന്നു. പറ്റുമ്പോഴൊക്കെ, പ്രാദേശിക, ദേശീയ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുക.

14. പറ്റുമെങ്കില്‍ നല്ല കാര്യങ്ങള്‍ക്കായി നിരന്തരം ഇടപെടുക
ദീനാനുകമ്പാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അപ്പോള്‍ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് പൗരസമൂഹത്തെ പിന്തുണയ്ക്കാനുള്ള സ്വതന്ത്രമായ തീരുമാനം നിങ്ങള്‍ കൈക്കൊണ്ടതായി തിരിച്ചറിയും.

15. ഒരു സ്വകാര്യ ജീവിതം സ്ഥാപിച്ചെടുക്കുക
നിങ്ങളെ കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ അപകടകാരികളായ ഭരണാധികാരികള്‍ ശ്രമിക്കും. കമ്പ്യൂട്ടറുകളിലെ മാല്‍വെയറുകള്‍ ഒഴിവാക്കുക. ആകാശത്തിലെ എഴുത്താണ് ഇ-മെയിലുകള്‍ എന്ന് ഓര്‍മ്മിക്കുക. ഇന്റര്‍നെറ്റിന്റെ ബദല്‍രൂപങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയോ അല്ലെങ്കില്‍ ഉപയോഗം തന്നെ കുറയ്ക്കുകയോ ചെയ്യുക. വ്യക്തിപരമായ ആശയവിനിമയങ്ങള്‍ വ്യക്തിപരമായി തന്നെ കൈമാറുക. നിങ്ങളെ കുരുക്കാനുള്ള ഒരു കൊളുത്ത് അന്വേഷിക്കുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ എപ്പോഴും ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് പയറ്റുക. ഒരു കൊളുത്തുകള്‍ ഉണ്ടാവാതിരിക്കാന്‍ സൂക്ഷിക്കുക.

16. മറ്റ് രാജ്യങ്ങളിലുള്ള മറ്റുള്ളവരില്‍ നിന്നും പഠിക്കുക
നിങ്ങളുടെ സൗഹൃദങ്ങള്‍ വൈദേശികമാക്കാനും വിദേശങ്ങളില്‍ നിന്നും കൂടുതല്‍ സൗഹൃദങ്ങള്‍ കണ്ടെത്താനും ശ്രമിക്കുക. ഒരു പൊതുതരംഗത്തിന്റെ അംശമാണ് ഇവിടെ കാണുന്ന പ്രതിസന്ധികള്‍. ഒരു രാജ്യവും ഇതിനൊരു പരിഹാരം കാണാന്‍ പോകുന്നില്ല. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പാസ്‌പോര്‍ട്ട് ഉണ്ടെന്ന് ഉറപ്പുവരുത്തുക.

17. അര്‍ദ്ധ സൈനീകരെ ശ്രദ്ധിക്കുക
സംവിധാനത്തിനെതിരാണ് എന്ന് അവകാശപ്പെടുന്ന തോക്കുധാരികളായ ആളുകള്‍ യൂണിഫോമുകള്‍ ധരിച്ച് ടോര്‍ച്ചുകളുമായി നേതാവിന്റെ ചിത്രവും വഹിച്ച് മാര്‍ച്ച് ചെയ്യുമ്പോള്‍ അവസാനം ആസന്നമായി എന്ന് തിരിച്ചറിയിക. നേതാവിനെ അനുകൂലിക്കുന്ന അര്‍ദ്ധസൈനീകരും ഔദ്ധ്യോഗിക പോലീസും സൈന്യവും ഒത്തുചേരുന്നതോടെ കാര്യങ്ങള്‍ അവസാനിച്ചു എന്ന് തീര്‍ച്ചയാക്കാം.

18. നിങ്ങള്‍ ആയുധധാരിയാണെങ്കില്‍ ആലോചനാനിരതനായിരിക്കുക
പൊതുസേവനത്തിനായി ആയുധം ധരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, ദൈവം നിങ്ങളെ രക്ഷിക്കട്ടെ. ഒരു ദിവസം മുമ്പ് ചെയ്തത് തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്ന പോലീസുകാരും സൈനീകരും ഭൂതകാലത്തെ ദുരന്തങ്ങളില്‍ പങ്കാളികളായിരുന്നു എന്ന് ഓര്‍ക്കുക. സാധ്യമല്ല എന്ന് പറയാന്‍ തയ്യാറാവുക (ഇതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയവുമായി ബന്ധപ്പെടുകയും തൊഴില്‍പരമായ ധാര്‍മ്മികതയെ കുറിച്ച് പരിശീലനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക).

19. നിങ്ങള്‍ക്ക് പറ്റുന്നിടത്തോളം ധൈര്യശാലിയായിരിക്കുക
നമ്മളിലാരും സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായില്ലെങ്കിലും എല്ലാവരും അസ്വാതന്ത്ര്യത്തില്‍ കൊല്ലപ്പെടും.

20. ഒരു ദേശാഭിമാനി ആയിരിക്കുക
വരാന്‍ പോകുന്ന പ്രസിഡന്റ് അതല്ല. വരാന്‍ പോകുന്ന തലമുറകള്‍ക്ക് അമേരിക്ക എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് നല്ല ഉദാഹരണങ്ങള്‍ മുന്നോട്ട് വയ്ക്കുക. അവര്‍ക്ക് അത് ആവശ്യമായി വരും.

(ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ ക്വാര്‍ട്സ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര സംക്ഷിപ്ത പരിഭാഷ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍