UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ മോദിക്കും സംഘത്തിനും വീണ്ടും തിരിച്ചടി

Avatar

ടീം അഴിമുഖം

ഗുജറാത്ത് കലാപത്തിന് എതിരെ നിന്ന ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഓഫിസര്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ (സിഎടി) അഹമ്മദാബാദ് ബെഞ്ച് തള്ളി.

2002ലെ കലാപസമയത്ത് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പലരുടെയും ടെലിഫോണ്‍ സംഭാഷണം അടങ്ങിയ രണ്ടു സിഡികള്‍ കൈവശം വച്ചു എന്നാരോപിച്ചായിരുന്നു കേസ്. കുറ്റപത്രം ‘ ദുഷ്ടത നിറഞ്ഞതും പകയും വഞ്ചനയും കൊണ്ട് നിറംപിടിപ്പിച്ചതു’മാണെന്ന് സിഎടി പറഞ്ഞു.

ശര്‍മ അഹമ്മദാബാദില്‍ പൊലീസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്താണ് ഈ സിഡികള്‍ തയാറാക്കിയത്. ചില ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സംഭാഷണങ്ങളും സംഭവസമയത്ത് അവര്‍ എവിടെയായിരുന്നു എന്നും കാണിക്കുന്ന ഈ സിഡികള്‍ കലാപകാരികളുമായി രാഷ്ട്രീയക്കാര്‍ക്കുണ്ടായിരുന്ന ബന്ധം പുറത്തുകൊണ്ടുവന്നു.

2011ല്‍ അന്നത്തെ നരേന്ദ്രമോദി സര്‍ക്കാരാണ് ശര്‍മയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അഹമ്മദാബാദില്‍നിന്നു സ്ഥലംമാറ്റപ്പെട്ടപ്പോള്‍ സിഡികള്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാതെ സ്വന്തം കയ്യില്‍ സൂക്ഷിച്ചു എന്നതായിരുന്നു കുറ്റം.

ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മിഷനു മുന്നില്‍ ഹാജരായ ശര്‍മ സിഡികള്‍ ഹാജരാക്കി. ജസ്റ്റിസ് ജി ടി നാനാവതിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ ഇവ തെളിവായി സ്വീകരിച്ചു.

സത്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഓഫിസര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സംസ്ഥാനഭരണകൂടത്തിന്റെ നടപടിയെ ബഞ്ച് കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ‘ കുറ്റപത്രം നിയമവിരുദ്ധവും ഏകപക്ഷീയവും ദുഷ്ടതയും പകയും കൊണ്ട് കളങ്കപ്പെട്ടതുമാണ്. സിഡിയിലെ മൊബൈല്‍ ട്രാക്കിങ് വിവരങ്ങളുടെ പൂഴ്ത്തിവയ്പ് ആത്യന്തികമായി സഹായിച്ചത് നൂറുകണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ നിഷ്ഠൂരരായ അക്രമികളെയാണ്, ‘ കലാപത്തെ സംബന്ധിച്ച് സിഡിയിലുള്ള വിവരങ്ങള്‍ പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ച സംസ്ഥാനഭരണകൂടത്തെ വിമര്‍ശിച്ച് ഉത്തരവില്‍ സിഎടി പറയുന്നു.

ട്രിബ്യൂണല്‍ ശര്‍മയോട് പക്ഷപാതം കാണിക്കുന്നുവെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആരോപണത്തെപ്പറ്റി  ബെഞ്ച് രൂക്ഷമായി പ്രതികരിച്ചു. ‘ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ധാര്‍മികവും നൈതികവുമായ മൂല്യങ്ങളെപ്പറ്റിയുള്ള ബോധ്യം അനുപേക്ഷണീയമാണ്. ഇവയോട് പക്ഷപാതം കാണിക്കുന്നില്ലെങ്കില്‍ ഗുജറാത്തിലെ തെരുവുകളെ ചുവപ്പിച്ച രക്തം പാഴാകും.’

നിരവധി കുറ്റപത്രങ്ങളും കാരണം കാണിക്കല്‍ നോട്ടീസുകളും കൊണ്ട് വേട്ടയാടപ്പെട്ട ശര്‍മ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍