UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഝോത ട്രെയിന്‍ സ്‌ഫോടനം: ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ തെളിവുണ്ടെന്ന് റായ്

Avatar

അഴിമുഖം പ്രതിനിധി

സംഝോത ട്രെയിന്‍ സ്‌ഫോടന കേസില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് യുടേണ്‍ എടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍ തലവന്‍ രംഗത്ത്. 2007 ഫെബ്രുവരിയില്‍ പാകിസ്താന്‍കാരടക്കം 68 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ ഇന്‍ഡോറിലെ ഹിന്ദുത്വ ഭീകര സംഘടനകളുടെ പങ്കിനെ കുറിച്ച് മതിയായ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് 2007 മുതല്‍ 2010 വരെ എസ് ഐ ടി തലവനായിരുന്ന വികാഷ് നാരായണ്‍ റായ് പറയുന്നു.

ട്രെയിനില്‍ നിന്നും പൊട്ടാത്ത ബോംബുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയിരിക്കുന്നത് ആര്‍ എസ് എസുമായോ സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമുള്ള ഇന്‍ഡോറുകാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റായ് വെളിപ്പെടുത്തി. ആര്‍ എസ് എസുകാരനായ സുനില്‍ ജോഷിക്കും രണ്ട് സഹായികള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജോഷിയിലേക്ക് അന്വേഷണം നീളും മുമ്പ് ജോഷി കൊല്ലപ്പെടുകയായിരുന്നു.

കേസില്‍ ഹിന്ദുത്വ ഭീകരരര്‍ക്ക് പങ്കുണ്ടെന്നതിനെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ തള്ളിക്കളയുകയും ദേശീയ അന്വേഷണ ഏജന്‍സി, സ്‌ഫോടനത്തില്‍ പാകിസ്താനിലെ ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്യബയുടെ പങ്കിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്ത വേളയിലാണ് റായുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഹിന്ദുത്വ ഭീകര കേസുകളില്‍ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍ഐഎ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മാലേഗാവ് സ്‌ഫോടന കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. 2006-നും 2008-നും ഇടയില്‍ ഹിന്ദുത്വ ഭീകര സംഘടനകള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് എന്‍ഐഎ തലവന്‍ ശരദ് കുമാറിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയതെന്ന് ആരോപണവും ചില മുന്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. സംഝോതയടക്കമുള്ള കേസുകളിലെ ഹിന്ദുത്വ ഭീകരരുടെ പങ്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രൊപ്പഗാണ്ടയാണെന്നാണ് ബിജെപിയും മാതൃസംഘടനയായ ആര്‍ എസ് എസും ആരോപിക്കുന്നത്. എന്നാല്‍ റായുടെ വെളിപ്പെടുത്തലുകള്‍ ഇരുസംഘടനകളേയും പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

ട്രെയിന്‍ ഹരിയാനയിലെ പാനിപ്പത്തില്ലെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. മൂന്നു ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. സ്യൂട്ട് കേസില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി രണ്ട് ബോഗികള്‍ക്ക് തീപിടിക്കുകയും 68 പേരുടെ ജീവനെടുക്കുകയുമായിരുന്നു.

ട്രെയിനില്‍ നിന്നും കണ്ടെത്തിയ ബോംബില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ എവിടെ നിന്നാണ് വാങ്ങിച്ചതെന്ന അന്വേഷണമാണ് സംഘത്തെ ഹിന്ദുത്വ സംഘടനകളിലേക്ക് എത്തിച്ചത്. അവ നിര്‍മ്മിച്ച സ്ഥാപനങ്ങളിലൂടേയും സ്റ്റോക്ക് ചെയ്തിരുന്നവരിലൂടേയും വില്‍പന നടത്തിയവരിലൂടേയും അന്വേഷണ സംഘം കടന്നു പോയി. അവസാനം അവര്‍ ഇന്‍ഡോറിലെത്തുകയായിരുന്നു. ബോറ മുസ്ലീം ഉടമസ്ഥനായിരുന്ന രഘുനന്ദന്‍ ഐറ്റാച്ചി എന്ന കടയില്‍ നിന്നുമാണ് ബോബ് നിര്‍മ്മാണത്തിനുള്ള സ്യൂട്ട് കേസ് വാങ്ങിയിരുന്നത്. ഒരു ഹിന്ദുവും ഒരു മുസ്ലിമുമായിരുന്നു സെയില്‍സ്മാന്‍മാരായി ഉണ്ടായിരുന്നത്. യുവാക്കളായ രണ്ടുപേരാണ് സ്യൂട്ട് കേസ് വാങ്ങിയതെന്ന് അവര്‍ ഓര്‍ത്തെടുത്തു. ഹിന്ദിയുടെ ഇന്‍ഡോര്‍ വകഭേദമാണ് അവര്‍ സംസാരിച്ചിരുന്നതെന്ന് സെയില്‍സ്മാന്‍മാര്‍ പറഞ്ഞു. സ്യൂട്ട്‌കേസ് വാങ്ങിയത് മുസ്ലിമല്ല ഹിന്ദുക്കളാണ് എന്ന് ഉറപ്പാണെന്ന് അവര്‍ തങ്ങളോട് ഉറപ്പിച്ചു പറഞ്ഞുവെന്ന് റായ് പറയുന്നു.

 അവര്‍ നല്‍കിയ മൊഴികള്‍ കേസിന്റെ തുടക്കത്തിലെ വഴിത്തിരിവായി കണക്കാക്കിയെങ്കിലും പ്രത്യേക അന്വേഷണ സംഘം അതിനെ ഉറപ്പിച്ച തെളിവായി കണക്കാക്കിയിരുന്നില്ല. സെയില്‍സ്മാന്‍മാരുടെ സഹായത്തോടെ സ്യൂട്ട് കേസ് വാങ്ങിയവരുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. എന്നാല്‍ കേസിലെ പ്രധാനപ്പെട്ട വഴിത്തിരിവുണ്ടായത് ഇന്‍ഡോറില്‍ സ്യൂട്ട് കേസ് വില്‍പന നടത്തിയ കടയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയപ്പോഴാണ്. ബോംബ് ഇന്‍ഡോറിലാണ് നിര്‍മ്മിച്ചതെന്ന് ഇത് തെളിയിക്കുന്നുവെന്ന് റായ് പറയുന്നു.

എല്ലാ സ്‌ഫോടനക്കേസുകളിലേയും പോലെ എസ് ഐ ടിയും ആദ്യം സംശയിച്ചത് പാകിസ്താനിലെ ഭീകരവാദ സംഘടനകളേയും സിമിയേയുമാണ്. എന്നാല്‍ അന്വേഷണം പുരോഗിക്കവേ ഒരു കാര്യം വ്യക്തമായി, ഈ സംഘടനകള്‍ക്കൊന്നും സ്‌ഫോടനവുമായി ബന്ധമില്ല. അക്കാലത്ത് ജയിലില്‍ കഴിഞ്ഞിരുന്ന അനവധി ഇസ്ലാമിക ഭീകരരേയും സിമിയുടെ തലവന്‍ സഫ്ദര്‍ നഗോരിയേയും ചോദ്യം ചെയ്തിരുന്നുവെന്ന് റായ് കൂട്ടിച്ചേര്‍ത്തു. ഈ ചോദ്യം ചെയ്യലുകളും അന്വേഷണവും എസ് ഐ ടിയെ നയിച്ചത് സ്‌ഫോടനം നടത്തിയത് ഹിന്ദുത്വ ഭീകര സംഘടനയാണ് എന്നതിലേക്കാണ്. സിമിയുമായി ബന്ധപ്പെട്ടു മാത്രമല്ല ഹിന്ദുത്വ പ്രവര്‍ത്തകരുമായും ഇന്‍ഡോറിനുള്ള ബന്ധം കുപ്രസിദ്ധമാണ്.

സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരരാണ് എന്നതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആ വഴിക്ക് പുരോഗമിച്ചപ്പോള്‍ മധ്യപ്രദേശ് പൊലീസില്‍ നിന്നും വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്നും റായ് ആരോപിക്കുന്നുണ്ട്. പക്ഷേ, എസ് ഐ ടി ശരിയായ ദിശയിലാണ് ചരിക്കുന്നതെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഔദ്യോഗികമായി വലിയ സഹായം ലഭിച്ചില്ലെന്നും റായ് കൂട്ടിച്ചേര്‍ത്തു.

അന്വേഷണം എത്തിച്ചേര്‍ന്ന്ത് ആര്‍ എസ് എസ് അംഗമായ സുനില്‍ ജോഷിയുടെ ഹിന്ദുത്വ ഭീകര സംഘടനയിലാണ്. എന്നാല്‍ കേസിന്റെ ആ വശത്തിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ 2007-ല്‍ സുനില്‍ ജോഷി കൊല്ലപ്പെടുകയാണുണ്ടായത്. കൊലപാതക കേസില്‍ മഹാരാഷ്ട്ര പൊലീസ് ഒരാളെ പിടികൂടിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. സുനില്‍ ജോഷിയുടേയും സഹായികളായ കല്‍സംഗരേയുടേയും അങ്കരേയുടേയും പങ്കാണ് എസ് ഐ ടി അന്വേഷിച്ചത്. ഇരുവരേയും ഇതുവരേയും കണ്ടെത്താനായിട്ടില്ല. എന്‍ ഐ എയ്ക്കുപോലും പിടികൂടാനിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുമ്പ് ഹിന്ദുത്വ ഭീകര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കേസിലെ കണ്ടെത്തല്‍ ടീമംഗങ്ങളെ മുഴുവന്‍ അമ്പരിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പോലും ജിജ്ഞാസ ഉണര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. സ്‌ഫോടന കേസുകള്‍ പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സിബിഐയും എന്‍ഐഎയും സംയുക്ത യോഗം ചേരാറുണ്ടായിരുന്നു. ഇത്തരമൊരു യോഗത്തിലാണ് 2007-ലെ മെക്കാ മസ്ജിദ്, അജ്മീര്‍ ഷെറീഫ്, 2006-ലെ മാലേഗാവ് സ്‌ഫോടനങ്ങള്‍ തമ്മിലൊരു ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. ഒരേ വസ്തുക്കളും ഒരേ പ്രവര്‍ത്തനരീതിയുമാണ് ഈ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെല്ലാം ഉണ്ടായിരുന്നത്.

മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായ ഹേമന്ത് കര്‍ക്കറെയുമായും റായ് ഹിന്ദുത്വ ഭീകരതയെ കുറിച്ച് സംസാരിച്ചിരുന്നു. 2008-ല്‍ മാലേഗാവില്‍ വീണ്ടും സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നാണിത്. ഇതിനെക്കുറിച്ച് നിര്‍ണായമായ സൂചനകള്‍ കര്‍ക്കറെയ്ക്ക് ലഭിച്ചിരുന്നതായി റായ് പറയുന്നു. ആ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും തമ്മില്‍ സംസാരിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളിന്റെ ഉടമയായ പ്രഗ്യാ സിംഗ് താക്കൂറിലൂടെ ഹിന്ദുത്വ ഭീകര ശൃംഖലയിലെ കേണല്‍ പുരോഹിതിലേക്കും അസീമാനന്ദയിലേക്കും എത്താനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വീണ്ടും കാണാമെന്ന് പിരിഞ്ഞുവെങ്കിലും നവംബര്‍ 26-ന് നടന്ന മുംബൈ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

സ്‌ഫോടനങ്ങളില്‍ പാകിസ്താന്റെ പങ്ക് യുപിഎ ആഗ്രഹിച്ചിരുന്നുവെന്ന് റായ് പറഞ്ഞു. പാകിസ്താന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ആ തെളിവ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. എന്നാല്‍ തങ്ങളുടെ മേല്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ല.

സംഝോത സ്‌ഫോടന കേസിനെ കുറിച്ച് ന്യൂസ് എക്സ് ചാനലിന് റായ് നല്‍കിയ അഭിമുഖം ചാനല്‍ സംപ്രേക്ഷണം ചെയ്യാതിരുന്നത് വിവാദമായിരുന്നു. പകരം സിമിയിലേക്ക് അന്വേഷണം നടത്തിയതിനെ ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഝോത സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക ഭീകരര്‍ ആണെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റശേഷമാണ് ഈ ചുവടുമാറ്റം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍