UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2015: വരേണ്യതയുടെ വര്‍ഷം

Avatar

ടീം അഴിമുഖം

2015-ല്‍ ഇന്ത്യയിലെ  പ്രബലമായ പ്രവണത എന്തായിരുന്നു?

രാജ്യത്തെ നിരക്ഷരരും ദരിദ്രരുമായ ജനങ്ങളുടെ നിരവധി അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ സ്ഥാപനങ്ങളും വരേണ്യ, ഉപരിവര്‍ഗ പ്രഭുജനാധിപത്യസമൂഹമായി ഉരുത്തിരിയുന്നതിനുള്ള നിരവധി നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നു.

ധനികര്‍ കൂടുതല്‍ സാമൂഹ്യ മര്യാദകളുള്ളവരാണെന്ന്, സാക്ഷരര്‍ നിരക്ഷരരേക്കാള്‍ ബോധമുള്ളവരാണെന്ന്, കക്കൂസുള്ളവര്‍ പഞ്ചായത്ത് ഭരിക്കാന്‍ കൂടുതല്‍ യോഗ്യരാണെന്ന്, പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പോകാന്‍ ശേഷിയുള്ളവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കുടിക്കുന്നവരാണെന്ന് അവര്‍ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. വ്യക്തി സ്വാതന്ത്ര്യം ഉറപ്പായ ഒന്നല്ലെന്നും, ഭൂരിപക്ഷാഭിപ്രായങ്ങളെ മാനിക്കുകയാണ് പ്രധാനമെന്നും.

നിര്‍ഭാഗ്യവശാല്‍ ഈ തീരുമാനങ്ങളില്‍ മിക്കതും സുപ്രീം കോടതി ശരിവെച്ചതും, പുറപ്പെടുവിച്ചതുമാണ്. ഇന്ത്യ ഒരുദാര ജനാധിപത്യമായി പക്വതയാര്‍ജിക്കാനുള്ള യാത്രയെയാണ് ഈ തീരുമാനങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതെന്ന് പൂര്‍ണമായി തിരിച്ചറിയാതെയുള്ള വിധികള്‍.

ഉദാഹരണത്തിന്, കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പിയാല്‍ മതിയെന്ന തീരുമാനം സര്‍വെക്കുന്ന സുപ്രീം കോടതി ഉത്തരവ് നോക്കാം. സംസ്ഥാനത്തെ 24 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ കോടതി പറയുന്നു,“ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യമായ കളങ്കം എന്ന വസ്തുതയോട്, പ്രത്യേകിച്ചും കുടുംബങ്ങളെ കണക്കിലെടുക്കുമ്പോഴെങ്കിലും, കോടതിക്ക് കണ്ണടക്കാനാകില്ല. നിയന്ത്രണങ്ങളില്ലാത്ത മദ്യവ്യാപാരം കുടുംബത്തിന്റെ വരുമാനത്തെയും സമ്പാദ്യത്തെയും ഇല്ലാതാക്കുന്നു, സ്ത്രീകളും കുട്ടികളുമാണ് അതിന്റെ ഏറ്റവും നിസഹായരായ ഇരകള്‍.”

അതുകൊണ്ടു, ധനികരെ മാത്രമേ സ്വതന്ത്രമായുള്ള സാമൂഹ്യ  മദ്യപാനത്തിന് അനുവദിക്കാവൂ. കാരണം അവര്‍ ഉത്തരവാദിതമുള്ളവരും മദ്യപാനത്തിന് സാമ്പത്തിക ശേഷിയുള്ളവരുമാണ്. ധനികര്‍ കൂടുതല്‍ പണം മദ്യത്തിനായി ചെലവാക്കുന്നുവെന്നും അതുകൊണ്ടു നിയന്ത്രണം മേലെത്തട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും എന്തുകൊണ്ടാണ് പരമ്മോന്നത കോടതി പറയാതിരുന്നത്? ഒരു ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം ദരിദ്രര്‍ക്ക് മദ്യം ആയാസരഹിതമായ ആശ്വാസം നല്‍കുന്നുവെന്ന് എന്തുകൊണ്ട് കോടതി പറഞ്ഞില്ല?

എന്നാല്‍ വളര്‍ന്നുവരുന്ന വരേണ്യ അധീശത്വത്തെ സഹായിക്കുന്ന സുപ്രീം കോടതിയുടെ ആദ്യ ഉത്തരവല്ല ഇത്.

ഒരു നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെങ്കിലും നേടിയവര്‍ക്ക്  മാത്രമേ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയുള്ളൂ എന്ന ഹരിയാന സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തെ ഡിസംബര്‍ 10-ന്റെ വിധിയില്‍ ശരിവെച്ച സുപ്രീം കോടതി, ജനാധിപത്യത്തിന്റെ അടിത്തറയില്‍ നിന്നും ദശലക്ഷക്കണക്കിന് നിരക്ഷരരെയാണ്  ഒറ്റയടിക്ക് പുറത്താക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഉപരിവര്‍ഗത്തിന് പിന്തുടരാവുന്ന വഴി തുറന്നിട്ടിരിക്കുകകൂടി ചെയ്തിരിക്കുന്നു കോടതി.

ഹരിയാന പഞ്ചായത്തി രാജ് ഭേദഗതി നിയമം,2015, അനുസരിച്ച് കാര്‍ഷിക സഹകരണ ബാങ്കുകളിലെ കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയവര്‍, വൈദ്യുതി തീരുവ കുടിശികയുള്ളവര്‍, വീട്ടില്‍ പ്രവര്‍ത്തനക്ഷമായ കക്കൂസില്ലാത്തവര്‍ എന്നിവര്‍ക്കൊന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൊതുസീറ്റുകളില്‍ മത്സരിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം തരം പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ്; സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കും എട്ടാം തരം മതി;‘പഞ്ച്’ സ്ഥാനത്തേക്ക് മത്സരിക്കുന്ന പട്ടികജാതി സ്ത്രീകള്‍ക്ക് അഞ്ചാം തരം പൂര്‍ത്തിയാക്കിയാല്‍ മതി.

പുതിയ നിയമം ഹരിയാനയിലെ 68% പട്ടികജാതി സ്ത്രീകളെയും, 41% പട്ടികജാതി പുരുഷന്മാരെയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുന്നു. തങ്ങളുടെ നിയമങ്ങളും ഇതേ മാര്‍ഗം പിന്തുടര്‍ന്ന് ഭേദഗതി ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഈ വിധി.

ഹരിയാന നിയമം ‘രണ്ടുതരം സമ്മതിദായകരെ’ സൃഷ്ടിക്കുന്നു എന്നു ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും, അഭയ് മനോഹര്‍ സാപ്രെയും അടങ്ങിയ ബഞ്ച് നല്കിയ വിധിയില്‍ സമ്മതിക്കുന്നുണ്ട്. “വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരായവരും അല്ലാത്തവരുമെന്ന്.”

പക്ഷേ, ജനാധിപത്യത്തിലെ പങ്കാളിത്തത്തിന്, ഓരോരുത്തരും എന്തു ഭക്ഷണം കഴിക്കണമെന്ന് നിശ്ചയിക്കുന്നതിന്, ഗ്രാമത്തിലേക്കുള്ള പാത ഏതിലൂടെ ഉണ്ടാക്കണമെന്ന് ഒക്കെ തീരുമാനിക്കുന്നതിനുള്ള യുക്തി ഒരു ഗുമസ്തനോ IAS ഉദ്യോഗസ്ഥനോ ആകുന്നതിനുള്ള അതേ യുക്തിയല്ല എന്നു സുപ്രീം കോടതിക്ക് മനസിലാകുന്നില്ല. ആദ്യത്തേത് ജനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പും രണ്ടാമത്തേത് ചില പ്രത്യേക യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ജോലിക്കുള്ള നിയമനവും ആണ്. കോടതിയും ഹരിയാന സര്‍ക്കാരും രണ്ടിനെയും തെറ്റായി കൂട്ടിക്കുഴച്ചിരിക്കുന്നു. ഒറ്റയടിക്ക് ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തത്തിനുള്ള അവകാശം നിഷേധിച്ചിരിക്കുന്നു.

അറിഞ്ഞോ അറിയാതെയോ വിവിധ സ്ഥാപനങ്ങളിലൂടെ വരേണ്യത ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് കടന്നുകയറുകയാണ്. ഇതാണ് 2015-ലെ ശക്തമായ പ്രവണത. ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള ആരെയും ഇത് ആശങ്കപ്പെടുത്തേണ്ടതുണ്ട്.

ധനികരും വിദ്യാഭ്യാസമുള്ളവരും സംസ്കാരസമ്പന്നമായി പെരുമാറുമെന്നോ, ഉത്തരവാദിത്തമുള്ളവരാണെന്നോ ഉള്ള ധാരണകള്‍ നാം മാറ്റേണ്ടതുണ്ട്. ചുറ്റുമുള്ള ലോകത്തെക്കൊന്നു കണ്ണുതുറന്ന് നോക്കിയാല്‍ മതി, വിദ്യാസമ്പന്നരായ ധനികര്‍ ഈ രാജ്യത്തെ കൊള്ളയടിക്കുന്നതും, അതിന്റെ സംവാദങ്ങളെ വഴിതെറ്റിക്കുന്നതും, ദരിദ്രന്റെ ചട്ടിയിലെ അവസാന വറ്റും പിടിച്ചുപറിക്കുന്നതും കാണാന്‍.

ദരിദ്രര്‍ക്ക് ഉത്തരവാദിത്തമില്ല എന്നു മനസിലാക്കാന്‍ എപ്പോഴാണ് ദരിദ്രര്‍ക്കും നിരക്ഷരര്‍ക്കും ഈ രാജ്യം ഭരിക്കാനുള്ള അവസരം നാം  നല്കിയിട്ടുള്ളത്? വ്യവസ്ഥയെ വഴിതിരിച്ച് കാര്യസാധ്യത്തിനുള്ള  ശേഷി നിരുത്തരവാദിത്തം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അവരിതിനോടകം ധനികരും ശക്തരും ആയേനെ, അല്ലേ?

ഈ രാജ്യത്തിന്റെ ഭാവിയും വിധിയും നിര്‍ണയിക്കാന്‍ അവര്‍ക്ക് കിട്ടിയ അത്യപൂര്‍വമായ അവസരങ്ങളിലൊക്കെ ഇവിടുത്തെ വിദ്യാസമ്പന്നരായ ധനികരെക്കാള്‍ എത്രയോ വിവേകവും യുക്തിയും ഉള്ളവരാണ് തങ്ങളെന്ന് ദരിദ്രരും നിരക്ഷരരുമായ ജനവിഭാഗം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്.  നിങ്ങള്‍ യോജിക്കുന്നില്ലെങ്കില്‍ പറയൂ, അടിയന്തരാവസ്ഥക്ക് ശേഷം കേരളത്തിലെ ജനത എങ്ങനെയാണ് വോട്ട് ചെയ്തതെന്ന്. അതേസമയം ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും നിരക്ഷരര്‍ എങ്ങനെയാണ് വോട്ട് ചെയ്തതെന്ന്? ആരാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ധ്വാനിച്ചതും ത്യാഗം ചെയ്തതും? ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ആരാണ് ക്ഷമയോടെ നോക്കിയിരുന്നത്? തങ്ങള്‍ക്ക് ലഭിക്കാന്‍ എല്ലാ അവകാശങ്ങളുമുള്ളതിനുവേണ്ടിപ്പോലും   മടുപ്പുകൂടാതെ അനന്തമായി വരികളില്‍ നിന്നുകഴിച്ചവര്‍ ആരൊക്കെയാണ്?

2016-ല്‍, നമ്മുടെ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കുന്ന വരേണ്യതയെ എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കുത്തനെയുള്ള പതനമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അത് താങ്ങാവുന്നതിലും വലിയൊരു ദുരന്തവുമായിരിക്കും.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍