UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോയത് ‘ജനപ്രിയ’ മോദിയുടെ പതനത്തിന്റെ വര്‍ഷം

കടുത്ത വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും  ഉന്‍മാദികളായ അനുയായികളെയും കണ്ണടച്ച് പിന്തുടരുന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞതാണ് 2015-ലെ ശ്രദ്ധേയമായ വശങ്ങളിലൊന്ന്. രാഷ്ട്രീയ സ്വയം സംഘത്തോടുള്ള അയാളുടെ വിധേയത്വം വെച്ചുനോക്കുമ്പോള്‍ തളര്‍ന്നുവീണ പ്രതിച്ഛായ വീണ്ടെടുക്കാന്‍ അയാള്‍ക്കാകുമോ എന്ന് കണ്ടറിയണം.

അന്താരാഷ്ട്രതലത്തിലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്ന തലം ആര്‍ജിക്കാനുള്ള ശ്രമങ്ങള്‍ക്കും ഭൂമിയിലെ ദേശരാഷ്ട്രങ്ങളില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സമുന്നതനായ നേതാവായി സ്വയം പ്രതിഷ്ഠിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെയുമെല്ലാം പിറകിലാക്കിക്കൊണ്ട് അയാളിലെ ആര്‍ എസ് എസ് പ്രചാരകന്‍ മുന്നിട്ടുനില്‍ക്കുന്നു. അയാളുടെ പൊതുപ്രസംഗങ്ങള്‍ നോക്കിയാല്‍ എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത മോദി തിരിച്ചറിയുന്നുണ്ട് എന്ന് കാണാം. പക്ഷേ അയാളുടെ സര്‍ക്കാരിന്റെ നടപടികള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ചും മുസ്ലീങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നവയല്ല.

സാമ്പത്തിക രംഗത്ത് അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യക്ക് വലിയ അനുഗ്രഹമായി. പക്ഷേ പുതു വര്‍ഷം ഒട്ടും ശാന്തമായിരിക്കില്ല. ലോക സമ്പദ് രംഗം അനിശ്ചിതത്വത്തിലാണ്. ആഭ്യന്തരമായി നിക്ഷേപങ്ങള്‍, പ്രത്യേകിച്ചും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നില്ല. കയറ്റുമതി ഇടിഞ്ഞിരിക്കുന്നു. പരിഷ്കരിച്ചതും അതോടൊപ്പം സംശയങ്ങള്‍ ഉയര്‍ത്തുന്നതുമായ മൊത്ത ആഭ്യന്തരോത്പാദന കണക്കുകള്‍ കാണിക്കുന്നത്, ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും എന്നാല്‍ ആ വളര്‍ച്ചാ നിരക്കുകള്‍ സാവധാനത്തിലാകാന്‍ പോവുകയാണെന്നുമാണ്.

ഫെബ്രുവരിയില്‍ സാമ്പത്തിക സര്‍വെ അവകാശപ്പെട്ടത് രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായ വളര്‍ച്ച നിരക്കിലേക്ക് ഒരു നിലയിലേക്ക് സമ്പദ് രംഗം എത്തിയെന്നാണ്. ഡിസംബറില്‍ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജി ഡി പി വളര്‍ച്ചയുടെ പ്രതീക്ഷകള്‍ 8.1%-8.5%-ത്തില്‍ നിന്നും 7-7.5% മാക്കി കുറച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പി വളര്‍ച്ച നിരക്ക് 6%-തിനും മേലെ പോയില്ലെങ്കിലും അധികമാരും അത്ഭുതപ്പെടാനിടയില്ല.

പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടങ്ങളുടെ ഭാരത്തില്‍ വലയുകയാണ്. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആവശ്യത്തില്‍ വന്ന കുറവുമൂലം ശേഷി വിപുലപ്പെടുത്താന്‍ കഴിയാതിരിക്കുന്നു. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ മഴക്കുറവ് മൂലം രാജ്യത്തിന്റെ ഏതാണ്ട് പകുതി ഭാഗത്തും വരള്‍ച്ച സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നു. ഇത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ രൂക്ഷമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കിക്കൊണ്ട് തൊഴിലവസരങ്ങളില്‍ ആവശ്യത്തിന് വര്‍ദ്ധനവുണ്ടാകുന്നില്ല. എണ്ണവില കുറഞ്ഞിട്ടും പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്.

എന്നിട്ടും, കച്ചവടത്തിലും  നിര്‍മ്മാണത്തിലും  കേന്ദ്രീകരിച്ച, ഉദാരരായ സ്വകാര്യ സംരംഭകര്‍ നയിക്കുന്ന ഗുജറാത്ത് മാതൃക വികസനം ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും ബാധകമല്ലെന്ന് സര്‍ക്കാരിലെ പലര്‍ക്കും ഇപ്പൊഴും ബോധ്യമായിട്ടില്ല. വടക്ക്, കിഴക്ക് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ‘കുറച്ചുമാത്രം സര്‍ക്കാര്‍’ എന്ന രീതി ദുരന്തസമാനമാണ്.  ഗുജറാത്ത് മാതൃക അത്ര ആകര്‍ഷണീയമാണെങ്കില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യം ബി ജെ പിയുടെ എന്‍ ഡി എ സഖ്യത്തെ ഇങ്ങനെ നിലംപരിശാക്കുമായിരുന്നില്ല.

2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിക്ക് അനുകൂലമായി പ്രവര്‍ത്തിച്ച രാഷ്ട്രീയത്തെ വ്യക്തി കേന്ദ്രീകൃതമാക്കുന്ന പരിപാടിയുടെ പരിമിതികളാണ് ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഏറ്റ നാണംകെട്ട തോല്‍വി വെളിപ്പെടുത്തിയത്. വ്യക്തികളെ അമാനുഷികരായി അവതരിപ്പിക്കുന്നത് ഇരുതലമൂര്‍ച്ചയുള്ള, ഇരുവശത്തും മുറിക്കുന്ന  ഒരു വാളാണ്. അങ്ങനെ മോദിയുമായുള്ള പോരാട്ടത്തില്‍ നിതീഷ് കുമാര്‍ എന്ന പോലെ കിരണ്‍ ബേദിയുമായുള്ള ഏറ്റുമുട്ടലില്‍ അരവിന്ദ് കേജ്രീവാള്‍ വിജയിച്ചു. ദേശീയ തലസ്ഥാനത്തെ തോല്‍വിയില്‍ നിന്നും ഒരു പാഠവും പഠിക്കാഞ്ഞ ബി ജെ പി അതേ അടവുകള്‍ ബിഹാറില്‍ പരീക്ഷിച്ച് വീണ്ടും നാണം കെട്ടു.

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം എന്നിവടങ്ങളില്‍ പാര്‍ട്ടി തീരെ അപ്രസക്തമാണ്. 2016-ല്‍ മെച്ചപ്പെട്ട ഒരു തെരഞ്ഞെടുപ്പ് പ്രകടനം കാഴ്ച്ചവെക്കും എന്ന് ബി ജെ പി പ്രതീക്ഷിക്കുന്ന ഏക സംസ്ഥാനം അസം മാത്രമാണ്. ഇവിടെ ബദ്രുദ്ദീന്‍ അജ്മലിന്റെ AIUDF-മായി ചേര്‍ന്ന് ബി ജെ പിക്കെതിരെ ഒരു അടവുസഖ്യം രൂപപ്പെടുത്താനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തരുണ്‍ ഗൊഗോയിയുടെ ശ്രമം. ഹിമാന്ത ബിശ്വാ ശര്‍മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതരുമായി ചേര്‍ന്നാണ് ബി ജെ പി ശക്തിയുറപ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ടി മുന്നേറ്റമുണ്ടാക്കുന്നുണ്ട്.

വിദേശ നയത്തില്‍, പാകിസ്ഥാനിലെ അപ്രഖ്യാപിത സന്ദര്‍ശനത്തോടെ നിഷേധാത്മക വാര്‍ത്തകളുടെ ചാക്രികതയെ ഭേദിക്കാന്‍ മോദിക്കായി. എന്നാല്‍ നേപ്പാളിലെ അനുദിനം ശക്തിപ്പെടുന്ന ഇന്ത്യ-വിരുദ്ധ വികാരത്തെ തടയുക എന്നത് വലിയ വെല്ലുവിളിയാകും. തന്റെ പ്രവാസി ഇന്ത്യന്‍ അനുയായികള്‍ നല്കിയ ഒരു സൂപ്പര്‍ താരത്തിനെന്നപോലുള്ള വരവേല്‍പ്പുകളൊന്നും നാട്ടിലെ പ്രശ്നങ്ങളെ അപ്രത്യക്ഷമാക്കുന്നില്ല. അയാള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം- 2016-ല്‍ രൂക്ഷമാകാന്‍ പോകുന്ന ഒന്ന്- ബി ജെ പിയിലെ വിമത സ്വരങ്ങളാണ്.

അരുണ്‍ ജെയ്റ്റ്ലിക്കും അമിത് ഷാക്കുമെതിരെ ഉള്ളില്‍ നിന്നും ഉയര്‍ന്ന ആക്രമണങ്ങള്‍ ശമിക്കാന്‍ പോകുന്നില്ല. രണ്ടു വ്യക്തികളുടെ കയ്യില്‍ ഭൂരിഭാഗം അധികാരവും കേന്ദ്രീകരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രത്യാഘാതമാണത്. ഡെല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍  ((DDCA)നടത്തിപ്പില്‍  ജെയ്റ്റ്ലിയുടെ പങ്കിനെ വിമര്‍ശിച്ച കീര്‍ത്തി ആസാദിനെ ബി ജെ പി താത്ക്കാലികമായി പുറത്താക്കി. പക്ഷേ ‘കുപിതരായ വൃദ്ധന്മാര്‍’ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്ത കുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവരുടെ കാര്യം പറയാതെ ശത്രുഘ്നന്‍ സിന്‍ഹ, ആര്‍ കെ സിങ്, ഭോല സിങ്, എന്നിവര്‍ക്കെതിരെ പാര്‍ടി നടപടിയെടുക്കുമോ? 

അതിലേറെ പ്രധാനമായി, ഇടക്കിടെ മഹേഷ് ശര്‍മ, സാദ്വി നിരഞ്ജന്‍ ജ്യോതി, യോഗി ആദിത്യനാഥ്, ഗിരിരാജ് സിങ് എന്നിങ്ങനെയുള്ള മന്ത്രിമാരും പാര്‍ടി നേതാക്കളും നടത്തുന്ന വിദ്വേഷജനകമായ പ്രസ്താവനകളോട്  പുലര്‍ത്തുന്ന മൌനം മോദി തുടരുമോ എന്നാണ് അറിയേണ്ടത്. വാചകമടിയില്‍ വിദഗ്ദ്ധനായ നമ്മുടെ പ്രധാനമന്ത്രിയുടെ തെരെഞ്ഞെടുത്ത നിശബ്ദത കാതടപ്പിക്കുന്നതാണ്. തന്റെ വിമര്‍ശകര്‍ എന്ന് മോദിക്ക് ആക്ഷേപിക്കാനാകാത്ത ആളുകളില്‍ നിന്നാണ്  ആവശ്യപ്പെടാത്ത രണ്ടു നല്ല ഉപദേശങ്ങള്‍ കിട്ടിയിരിക്കുന്നത്.

ഈയിടെ ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയില്‍ ‘ബീഫ്’ കഴിക്കാനുള്ള തന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ട പംക്തിയെഴുത്തുകാരി തവ്ലീന്‍ സിങ് പ്രധാനമന്ത്രിയോട് പറഞ്ഞത്,“മൊഹമ്മദ് അഖ്ലാക്കിന്റെ കൊലപാതകത്തിലുള്‍പ്പെട്ട ബന്ധുക്കളുള്ള ബി ജെ പി നേതാക്കള്‍ക്കെതിരെ അദ്ദേഹം പരസ്യമായി നടപടിക്കാവശ്യപ്പെടണം” എന്നാണ്. ജനപ്രിയനായ എഴുത്തുകാരന്‍ 2019-ലെ ബി ജെ പിയുടെ ഏറ്റവും മോശമായ പേടിസ്വപ്നം എന്തെന്ന് മുന്‍കൂട്ടി കാണുന്നു: ഒരു മഹാ ഫെഡറല്‍ മുന്നണിയോട് തോല്‍വി ഏറ്റുവാങ്ങുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു,“ഒരു കൊല്ലം മുമ്പ് ഇതൊരു യഥാര്‍ത്ഥ സാധ്യതയായിരുന്നില്ല, പക്ഷേ ഇപ്പോഴാണ്.”

ഇതില്‍ക്കൂടുതല്‍  പറയേണ്ടതില്ല. ചുമരെഴുത്ത് വ്യക്തമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, രാഷ്ട്രതന്ത്രജ്ഞനെ പോലുള്ള നേതാവായി ഒരു പ്രതിച്ഛായ മാറ്റത്തിന് 2016-ല്‍ മോദി ശ്രമിച്ചാലും, അയാള്‍ വിജയിക്കുന്ന കാര്യം ഒട്ടും തിളക്കമുള്ള സാധ്യതയായി കാണുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍