UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

2015 ല്‍ ഇവര്‍ക്കെന്തു സംഭവിക്കും?

നരേന്ദ്ര മോദി: കുളിച്ചു വൃത്തിയായി, ചന്ദനലേപ സുഗന്ധം പൂശി, ആദ്യ ഭാര്യയായ, യശോദബെന്നിന്‍റെ അടുത്തേക്ക് പോകുന്നു. ഘര്‍ വാപസി.

രാഹുല്‍ ഗാന്ധി: വിവാഹിതനാകുന്നു. ‘വൈഫിംഗ്’ അല്ലാതെ മറ്റൊന്നും ക്ലച്ചുപിടിക്കുന്നില്ല.

സോണിയാ ഗാന്ധി: മരുമകളുമായി അമ്മായിയമ്മ പോര് തുടങ്ങുന്നു. സമയം പോകണ്ടേ?

മന്‍മോഹന്‍സിംഗ്: കല്‍ക്കരി കേസില്‍ മുഖ്യപ്രതി. ചീക്ക് റിട്രാക്ടര്‍ ഉപയോഗിച്ച് വായ് തുറപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുന്നു.

റോബര്‍ട്ട് വദ്ര: പ്രിയങ്കയോടൊപ്പം നടക്കുമ്പോഴുള്ള പൊക്കക്കുറവാണ് തന്റെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം എന്ന് തിരിച്ചറിയുന്നു. ശിഷ്ട ജീവിതം കുതിരപ്പുറത്തേയ്ക്കാക്കാന്‍ തീരുമാനിക്കുന്നു. (പഴയ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെപ്പോലെ)

മോഹന്‍ ഭാഗവത്: കാക്കി നിക്കര്‍ മാറ്റി പാന്റ്‌സ് ആക്കുന്നു. (ചിലരുടെ തുളച്ചുകയറുന്ന നോട്ടം സഹിക്കാന്‍ വയ്യ)

ശ്രീ ശ്രീ രവിശങ്കര്‍: താന്‍ കഴിഞ്ഞ ജന്മം രാധയായിരുന്നു എന്ന പരമസത്യം തിരിച്ചറിഞ്ഞതോടെ ഈ ജന്മം ഒരു കൃഷ്ണനെ വരിയ്ക്കുന്നു.

അമൃതാനന്ദമയി: ഏറ്റവും കൂടുതല്‍ പുരുഷന്‍മാരെ നെഞ്ചോട് അമര്‍ത്തിപ്പിടിച്ച് ഉമ്മ വച്ചതിനുള്ള സര്‍വ്വകാല – സാര്‍വ്വദേശീയ അവാര്‍ഡ് ഐക്യരാഷ്ട്രസഭ സമ്മാനിക്കുന്നു. (കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ വീരാംഗനയുടെ ചിത്രം തങ്ങളുടെ കൊടി അടയാളമാക്കുന്നു.)

ഉമ്മന്‍ചാണ്ടി: പൊതുജീവിതത്തില്‍ ഒരിയ്ക്കല്‍ പോലും സത്യം പറയുന്നില്ല എന്‌ന പരാതി ഒഴിവാക്കാനായി ഒരു സത്യം തുറന്നു പറയുന്നു: ”എന്റെ പേര് ഉമ്മന്‍ചാണ്ടി എന്നാണ്.”

വി.എം.സുധീരന്‍: വെള്ളാപ്പള്ളിയുടെ ബാറില്‍പ്പോയി, അടിച്ചുവാറായി, ഉറക്കെ പാടുന്നു.
”ഗ്രൂപ്പു ഭേദം, മുന്നണിവൈരം
ഏതുമില്ലാതെ ഏവരും
സോദരരായി വാഴുന്ന
മാതൃകാസ്ഥാനമാണിവിടം.”

പിണറായി വിജയന്‍: പുതിയ കേരള മുഖ്യമന്ത്രി. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള എല്ലാ കരാറുകളും ലാവ്‌ലിന്‍ കമ്പനിയ്ക്കു മാത്രമായി നല്‍കാന്‍ ആദ്യത്തെ മന്ത്രിസഭയില്‍ തന്നെ തീരുമാനിക്കുന്നു.

പ്രകാശ് കാരാട്ട്: പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുന്നു (പഴയ പണി തന്നെ)

എസ്.രാമചന്ദ്രന്‍പിള്ള: സി.പി.ഐ. (എം)ന്റെ പുതിയ ജനറല്‍ സെക്രട്ടറിയായശേഷമുള്ള ആദ്യ പത്രസമ്മേളനം നടത്തുന്നു. ”ലോകരാഷ്ട്രങ്ങളുടെയും ഇന്ത്യയുടെയും കേരളത്തിന്റെയും പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഉടനടി ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് മുമ്പ് ആ ചര്‍ച്ച വേണമോ എന്ന് ചര്‍ച്ച ചെയ്യും. അങ്ങനെ നടത്തുന്ന ചര്‍ച്ചയുടെ നാനാവശങ്ങളും വീണ്ടും ചര്‍ച്ചയ്ക്കു വിധേയമാക്കും. ചര്‍ച്ചയില്‍ തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. തിരുത്തിയ കാര്യങ്ങളെകുറിച്ച് കമ്പോട് കമ്പ് ചര്‍ച്ച ചെയ്യും. ചര്‍ച്ച ചെയ്യും. ചര്‍ച്ച ചെയ്യും. ചര്‍ച്ച… ചര്‍ച്ച…”

പന്ന്യന്‍ രവീന്ദ്രന്‍: പടവലം കൃഷിയുടെ ഗുഡ്‌വില്‍ അംബാസിഡറായി കൃഷിവകുപ്പ് തിരഞ്ഞെടുത്തു.

കെ.എം.മാണി: ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. അവതരണത്തിന് ഒരു മാസം മുമ്പുതന്നെ, പതിവുതെറ്റിയ്ക്കാതെ, പ്രി ബഡ്ജറ്റ് കൗണ്ടര്‍ പാലായിലെ സ്വഗൃഹത്തില്‍ തുറക്കുന്നു. ഇത്തവണ മൊബൈല്‍ ജാമര്‍ ഉണ്ട്.  സ്റ്റിംഗ് ഓപ്പറേഷന് ഉള്ള ഉപകരണങ്ങള്‍ സന്ദര്‍ശകരുടെ പക്കല്‍ ഉണ്ടോയെന്ന് കുട്ടിയമ്മ  നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ  കൗണ്ടറില്‍ എത്തിക്കുകയുള്ളു.

പി.കെ.കുഞ്ഞാലിക്കുട്ടി: എളമരം കരീമുമൊത്ത്  വ്യവസായ വകുപ്പ് ഭരിക്കുന്നു. വേര്‍പെട്ടുപോയ സയാമീസ് ഇരട്ടകള്‍ ഒന്നിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്തുണ്ട്.

കെ.ബി.ഗണേഷ് കുമാര്‍: ഗാര്‍ഹിക പീഢന നിയമമനുസരിച്ച് പുതിയ ഭാര്യ കേസുകൊടുക്കുന്നു. പണം കൊടുത്ത് കേസ് ഒതുക്കുന്നു. വിവാഹമോചനം നേടുന്നു. അന്നു തന്നെ അടുത്ത വിവാഹം കഴിക്കുന്നു.

ആര്‍.ബാലകൃഷ്ണപിള്ള: മൂന്നാമത്തെ കല്യാണസദ്യയും മൃഷ്ടാന്നെ ഭുജിക്കുന്നു. അടപ്രഥമന് ഉപ്പുകൂടിപ്പോയത് ഗണേശന്‍ പാര്‍ട്ടിയ്ക്ക് വഴങ്ങാത്തതുകൊണ്ടാണെന്ന് പത്രസമ്മേളനം നടത്തിപ്പറയുന്നു.

കെ.സി.ജോസഫ്: സരിത നായരുടെ അടുത്ത ഐറ്റം. ‘വാട്ട്‌സ് ആപ്പി’ലൂടെ ജനഹൃദയങ്ങളിലേക്ക്. ഒപ്പം നടിച്ച കെ.സി.ജോസഫിന്റെ പ്രകടനം ഗംഭീരമായിരുന്നു. എന്തൊരു സാംസ്‌കാരികത്തനിമ!

വി.എസ്.അച്യുതാനന്ദന്‍: ങേ! അതാര്?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍: അന്താരാഷ്ട്ര ഓലപ്പന്ത് കളി ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കുന്നു. ടീമിന്റെ പേര്, ബാള്‍ ബ്ലാസ്റ്റേഴ്‌സ്.

എന്‍.ശ്രീനിവാസന്‍: ബി.സി.സി.ഐ. തന്റെ അച്ഛന് സ്ത്രീധനമായി കിട്ടിയതാണന്നും അതാര്‍ക്കും വില്‍ക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന തനിക്കു നല്‍കിയിട്ടുണ്ടെന്നും കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നു.

എം.എസ്.ധോണി: വില്‍പ്പന നടത്തുന്നതിനു വേണ്ടിയുള്ള ശ്രീനിവാസന്റെ അംഗീകൃത ബ്രോക്കറായി നിയമിതനാകുന്നു. കൂള്‍ ഗയ് വളരെ കൂള്‍ ആയിട്ട് പണി ചെയ്യുന്നു.

അര്‍ണോബ് ഗോസ്വാമി: ടൈംസ് നൌവിലെ ടി.വി. ഷോയിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ആയിരം പേരില്‍ ഒരാളെ,  പരീക്ഷണാര്‍ത്ഥം,  ഒരു വാചകം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നു.

യേശുദാസ്: ജീന്‍സ് ധരിച്ചുവന്ന ഒരു സ്ത്രീയെ കയറിപ്പിടിക്കുന്നു. ജീന്‍സിട്ടു നടക്കുന്ന ഓരോ സ്ത്രീയുടെയും തുടകളില്‍ ആരൊക്കെ കയറി പിടിയ്ക്കണമെന്ന് സര്‍വ്വേശ്വരന്‍ നേരത്തെ തന്നെ എഴുതിവച്ചിട്ടുണ്ടെന്നു പറയുന്നു.

വെള്ളാപ്പള്ളി നടേശന്‍: ചില്ലിട്ട പലഹാരപ്പെട്ടിയില്‍ നിന്ന് നാരായണഗുരുവിന്റെ പ്രതിമകള്‍ മാറ്റി പകരം സ്വന്തം പ്രതിമകള്‍ സ്ഥാപിയ്ക്കുന്നു. ”ചെത്തണം, വാറ്റണം, കുടിയ്ക്കണം, കുടിപ്പിക്കണം” എന്ന മഹദ്‌വചനം പ്രതിമയ്ക്ക് താഴെ കൊത്തിവയ്ക്കുന്നു.

സുകുമാരന്‍ നായര്‍: ഔദ്യോഗിക ചടങ്ങിലൂടെ നായന്‍മാരുടെ ‘പോപ്പ്’ ആയി വാഴ്ത്തപ്പെടുന്നു.  എല്ലാ ദിവസവും പാപ്പ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. പിന്നെ, പൊട്ടിപ്പൊട്ടിച്ചിരിയ്ക്കും. നിര്‍ത്താതെ..

ഡോ. തോമസ് ഐസക്ക്: കേരളത്തില്‍ ആകെ എത്ര കുഴികള്‍ ഉണ്ടെന്ന് കണ്ടെത്താനും അവയുടെ വലിപ്പം തിരിച്ചുള്ള ഗവേഷണ ഗ്രന്ഥം തയ്യാറാക്കാനും ചുമതലപ്പെട്ട മന്ത്രി.

രമേശ് ചെന്നിത്തല: അഴിമതി നടത്താത്ത, കൈക്കൂലി വാങ്ങാത്ത എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് കേസിന് ശുപാര്‍ശ ചെയ്യുന്നു.

നാഥുറാം ഗോഡ്‌സെ: പുതിയ രാഷ്ട്രപിതാവ്. തോക്കും ചൂണ്ടി നില്‍ക്കുന്ന രാഷ്ട്രപിതാവിന്റെ പ്രതിമയോ ചിത്രമോ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമായും ഉണ്ടാകണമെന്ന് മോഹന്‍ ഭഗവത് ദൂരദര്‍ശനിലൂടെ ആവശ്യപ്പെടുന്നു.

ഷാരൂഖ് ഖാന്‍: സിക്‌സ് പാക്ക് കത്തികൊണ്ട് മുറിച്ച് 12 പാക്ക് ആക്കുന്നു. കള്ളുമോന്തിയ കുരങ്ങനെ തേളുകുത്തിയതുപോലുള്ള തകര്‍പ്പന്‍ അഭിനയം തുടരുന്നു.

ആമീര്‍ഖാന്‍: പി.കെ.യിലെ മറച്ചുപിടിച്ചിരിക്കുന്ന ആ ടേപ്പ് റിക്കോര്‍ഡര്‍ മാറ്റുന്നു. ശൂന്യം.

ദീപിക പദുകോണ്‍: ഉള്ള കോണകം കൂടി വലിച്ചെറിഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്യുന്നു.””Yes I am a woman. I have two cleavages. You got a problem!!??”

രജനീകാന്ത്: ലിംഗയുടെ രണ്ടാം ഭാഗം. ഡാം പൊട്ടുന്നു. രജനിസാര്‍ പൊട്ടുന്ന ഡാമില്‍ ചാരി നിന്ന് വന്‍ ദുരന്തം ഒഴിവാക്കുന്നു. ഭാവിയില്‍ ഡാം പൊട്ടാതിരിക്കാന്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ കുറ്റികൊണ്ട് ഡാമിന് മുട്ടുകൊടുക്കുന്നു. പിന്നെ, അര അനക്കി ഡാന്‍സ് ചെയ്യുന്നു.

മമ്മൂട്ടി: പുതിയ സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്റെ അനിയനായി വേഷമിടുന്നു. നായികയ്ക്ക് 15 വയസ്സെങ്കിലും ആകണമെന്ന് നിബന്ധന വയ്ക്കുന്നു.

മോഹന്‍ലാല്‍: അമൃത ടി.വി.യുടെ പുതിയ ചെയര്‍മാന്‍. അമൃതാനന്ദമയിയുടെ അവതാരങ്ങളാണ് ബ്രഹ്മാവും വിഷ്ണുവും ശിവനും താനുമെന്ന് ബ്ലോഗില്‍ എഴുതുന്നു.

ശ്വേതാ മേനോന്‍: മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തുവരുന്നു. ടി.വി.ഷോയ്ക്കിടയില്‍ തന്റെ അനുവാദമില്ലാതെ തന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അവയവങ്ങള്‍ക്ക് കേടുപാടും തനിയ്ക്കു മാനഹാനിയും ഉണ്ടാക്കിയെന്നു കാണിച്ച് ഒരു പുരുഷന്‍ കൊടുത്ത പരാതിയിലാണ് ശ്വേതാമേനോന് ജാമ്യം എടുക്കേണ്ടി വന്നത്.

രഞ്ജിനി ഹരിദാസ്: മലയാളം സര്‍വ്വകലാശാലയുടെ പുതിയ വൈസ്ചാന്‍സലര്‍.

ബി.ഉണ്ണികൃഷ്ണന്‍: ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്.

സരിതാ നായര്‍: കുടുംബശ്രീയുടെ ചാര്‍ജ്ജുള്ള  മന്ത്രി. ഒടുവില്‍, യഥാര്‍ത്ഥ സ്ത്രീശാക്തീകരണം നടപ്പിലായി. അര്‍ഹതയ്ക്ക് അംഗീകാരം.

ഐ.എഫ്.എഫ്.കെ: മേളയിലെ ചിത്രങ്ങള്‍ക്ക് മലയാളം സബ്‌ടൈറ്റില്‍ നിര്‍ബന്ധമാക്കുന്നു. മോഷ്ടാക്കള്‍ക്ക് പലര്‍ക്കും ഇംഗ്ലീഷ് വശമില്ല. കഥയുടെ സാരാംശം ചോര്‍ന്നുപോകുന്നു.

ന്യൂജനറേഷന്‍ സിനിമ: സകല പ്രിന്റും നെഗറ്റീവും കണ്ടെടുത്ത് കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിടുന്നു.  ഡബ്ല്യു.എച്ച്.ഒ.യുടെ സുപ്രധാന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പടം പിടിച്ചവര്‍ക്ക് നെഗറ്റീവിന്റെ തൂക്കം നോക്കി നഷ്ടപരിഹാരം നല്‍കുന്നു. മേലില്‍ സിനിമ എടുത്താല്‍ വിചാരണ കൂടാതെ തൂക്കിക്കൊല്ലും എന്ന് അറിയിക്കുന്നു.

കിസ് ഓഫ് ലവ്: രണ്ടാം ഘട്ട സമരവും മൂന്നാംഘട്ട സമരവും പ്രഖ്യാപിക്കുന്നു. ഒന്നാംഘട്ട സമരത്തില്‍ പങ്കെടുത്ത സാംസ്‌കാരിക നായകരുടേയും ആക്ടിവിസ്റ്റുകളുടെയും സഹകരണത്തോടെയായിരിക്കും രണ്ടും മൂന്നും ഘട്ട സമരങ്ങള്‍. ഇത്തവണ എതിര്‍പ്പുകളൊന്നും വേണ്ട എന്നും, സഹകരിയ്ക്കാമെന്നും സംയുക്തവാനരസേന ഉറപ്പുനല്‍കിയിട്ടുണ്ട്. എല്ലാ ചാനലുകളിലും സമരം ലൈവായി കാണിക്കും. സ്‌പോട്ട് ഇന്റര്‍വ്യൂകളും. രണ്ടാംഘട്ടം: സ്വയംഭോഗ സമരം. മൂന്നാംഘട്ടം: സംഭോഗ സമരം. (ഉഷാ ഉതുപ്പിന്റെ 9 ഗ്രാമി അവാര്‍ഡുകള്‍ നേടിയ ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന ഗാനം പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുന്നതാണ്.)

കെ.സി.ബി.സി: പള്ളികളോട് ചേര്‍ന്ന് വൈന്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിയ്ക്കുന്നു. ഇവിടെ നിന്നു ലഭിക്കുന്ന മദ്യത്തില്‍ ആത്മീയാംശം മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് കാണിച്ച് ഇടയലേഖനം ഇറങ്ങുന്നു. ഹിന്ദുക്കളുടെ ഇടയില്‍ ആത്മീയ പാനിയങ്ങള്‍ക്ക് നല്ല പ്രചാരം കിട്ടാന്‍ ലേബലില്‍ മോദിയുടെ പടം ഒട്ടിച്ച് ”മോദി രാജന്റെ കാലം വരട്ടെ” എന്ന് ആലേഖനം ചെയ്യുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി: അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പും നാഷണല്‍ ജോഗ്രഫിക് ചാനലും സംയുക്തമായി ഖനനം നടത്തുന്നു.

ആര്‍.എസ്.എസ്: ഹിന്ദുരാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് വാലുമുളപ്പിക്കാനും, മുളച്ച വാല്‍ മരക്കൊമ്പില്‍ ചുറ്റി വളഞ്ഞുകിടന്നാടാനും, ഇളിക്കാനും, വെറുതെ ചൊറിയാനും പഠിപ്പിയ്ക്കുന്നു. ഘര്‍വാപ്പസിയുടെ അവസാന ഘട്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍