UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസിന്‍റെ ചൂണ്ടയില്‍ സി പി എം; കാട്ടായിക്കോണം സംഘര്‍ഷം നല്‍കുന്ന സൂചന

Avatar

കെ എ ആന്റണി 

കേരളത്തില്‍ നിന്നും ഒന്നിലേറെ താമര എന്ന സ്വപ്‌നവുമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യം ഇക്കുറി കളം നിറയുമ്പോള്‍ മേയ് 16-ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സംഘര്‍ഷ ഭരിതമാകുമെന്ന സംശയം പരക്കെ ഉയര്‍ന്നു കഴിഞ്ഞു. ഇന്റലിജന്‍സ് വൃത്തങ്ങളും നല്‍കുന്ന സൂചന ഇതുതന്നെയാണ്. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് തിങ്കളാഴ്ച തിരുവനന്തപുരം കാട്ടായിക്കോണത്ത് നടന്ന സിപിഐഎം-ബിജെപി സംഘട്ടനവും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു വരുന്ന ഏറ്റുമുട്ടലുകളും ഏകപക്ഷീയമായ ആക്രമണങ്ങളും.

കാട്ടായിക്കോണം സംഭവവുമായി സിപിഐഎം ഉന്നയിക്കുന്ന ബിജെപി-കോണ്‍ഗ്രസ് ഗൂഢാലോചന എന്ന വാദത്തിന്റെ നിജസ്ഥിതി എന്തുതന്നെയായിരുന്നാലും കേരളത്തിലും പശ്ചിമബംഗാളിലും സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെ ഏത് വിധേനയും അധികാരത്തില്‍ എത്തുന്നതില്‍ നിന്നും തടയുക എന്ന ലക്ഷ്യവുമായാണ് ബിജെപിയും ആര്‍ എസ് എസും മുന്നോട്ടു പോകുന്നുവെന്ന സൂചനകളാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്നത്.

ദേശവിരുദ്ധത ആരോപണത്തിന്റെ മറവില്‍ സര്‍വകലാശാലകളിലെ ഇടതുപക്ഷ കുത്തക തകര്‍ക്കുന്നതിന് ഒപ്പം ഈ വിഷയം കേരളത്തിലേയും ബംഗാളിലേയും നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കത്തിച്ചു നിര്‍ത്താനാണ് ബിജെപിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നത്.

ദേശീയ തലത്തില്‍ മുഖ്യഎതിരാളി കോണ്‍ഗ്രസ് ആണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ട് അവരെ ബംഗാളിലും കേരളത്തിലും ഭരണത്തിന് പുറത്തു നിര്‍ത്തി ക്ഷയിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും ബിജെപിക്കും ആര്‍ എസ് എസിനും ഉണ്ട്. കേരളത്തില്‍ ആര്‍ എസ് എസിന് ഒട്ടേറെ ശാഖകള്‍ ഉണ്ടെങ്കിലും ബിജെപിക്കോ ആര്‍ എസ് എസിനോ ഇവിടെ നിര്‍ണായക ശക്തിയായി മാറാന്‍ കഴിയാത്തത് സിപിഐഎമ്മിന്റേയും മറ്റു ഇടതു പാര്‍ട്ടികളുടേയും ചെറുത്തു നില്‍പ് മൂലമാണെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇടതുപാര്‍ട്ടികളില്‍ കേഡര്‍ സ്വഭാവമുള്ള കമ്മ്യൂണിസ്റ്റുകള്‍ അടുത്ത അഞ്ചു വര്‍ഷം കൂടി ഭരണത്തിലെത്താതെ വന്നാല്‍ താനെ ക്ഷയിച്ചു കൊള്ളുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വിലയിരുത്തല്‍ അത്ര ശരിയല്ലെങ്കിലും ബംഗാളില്‍ കാര്യങ്ങളുടെ പോക്ക് ആ നിലയ്ക്ക് അല്ല. കോണ്‍ഗ്രസുമായുള്ള ധാരണയും മമതയുടെ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ അടുത്തിടെ പുറത്തുവന്ന കൈക്കൂലി വിവാദവും മാത്രമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സിപിഐഎമ്മിന്റെ ഏക പിടിവള്ളി. നാരദ.കോം നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‍ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

കാട്ടായിക്കോണത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത് ബിജെപി ആണെന്നാണ് സിപിഐഎമ്മിന്റെ വാദം. ഇതൊരു പരിധി വരെ പൊലീസും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് തുടക്കം ഇട്ടത് എന്നതിനാല്‍ കേസുകള്‍ അവര്‍ക്ക് എതിരെയാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഇക്കുറി കഴക്കൂട്ടത്തു നിന്നുമാണ് ജനവിധി തേടുന്നത്. അതുകൊണ്ട് കൂടിയാണ് കഴക്കൂട്ടം മാസ്റ്റര്‍ പ്ലാനിന്റെ പേര് പറഞ്ഞ് മേയറുടെ ഓഫീസിലേക്ക് അദ്ദേഹം തന്നെ മാര്‍ച്ച് നയിച്ചതും പ്രകോപനം സൃഷ്ടിച്ചതും.

തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീരിച്ചിട്ടുള്ള ബിജെപി നേതൃത്വം ഇത്തവണ വിജയം മണക്കുന്നതും അവിടെ നിന്നു തന്നെയാണ്. ചില സീറ്റുകളില്‍ എങ്കിലും ജയിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസിലേയും യുഡിഎഫിലേയും ചില നേതാക്കളുമായുള്ള രഹസ്യ ധാരണയ്ക്കുള്ള ശ്രമവും തള്ളിക്കളയാനാകില്ല. കേരളത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന കോണ്‍ഗ്രസും യുഡിഎഫും ഇത്തരമൊരു ധാരണയ്ക്ക് തയ്യാറായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

കാട്ടായിക്കോണം സംഭവത്തെ അത്ര ലാഘവത്തോടെ എഴുതി തള്ളാനാകില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്ന ചീത്ത പേര് വീണു കഴിഞ്ഞ സിപിഐഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തന്നെ വേണം ഇതിനെ കാണാന്‍. പരമാവധി പ്രകോപനം സൃഷ്ടിച്ച് ഇക്കാര്യം നേടിയെടുക്കുക എന്നത് തന്നെയാണ് സംഘപരിവാര്‍ അജണ്ട.

സിപിഐഎം നേതൃത്വത്തെ കുഴയ്ക്കുന്ന പ്രശ്‌നവും ഇതുതന്നെയാണ്. ഇക്കഴിഞ്ഞ ദിവസം ഹരിപ്പാട് നടന്ന കൊലപാതകത്തിലും കഴിഞ്ഞ മാസം കണ്ണൂര്‍ അരോളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിപ്പട്ടികയിലുള്ളവര്‍ സിപിഐഎം പ്രവര്‍ത്തകരാണ്. തെരഞ്ഞെടുപ്പ് കാലത്ത് സഖാക്കള്‍ അക്രമത്തിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്നത് ഏറെ അപകടം ചെയ്യുമെന്ന് അവര്‍ക്ക് അറിയാമെന്നതിനാല്‍ പരമാവധി സംയമനം പാലിക്കാനുള്ള നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന സന്ദേശമാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍