UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവ കേരള സൃഷ്ടിക്കായി ജനം വോട്ടു ചെയ്യുമെന്ന് പിണറായി, ഭരണത്തുടര്‍ച്ചയെന്ന് യുഡിഎഫ് നേതാക്കള്‍

അഴിമുഖം പ്രതിനിധി

നവകേരള സൃഷ്ടിക്കായി ജനം വോട്ടു ചെയ്യുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അതേസമയം എല്‍ഡിഎഫ് അടുത്ത അഞ്ച് വര്‍ഷവും പ്രതിപക്ഷത്തിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. പിണറായി ധര്‍മ്മടം ആര്‍ സി അമല സ്‌കൂളിലെ ബൂത്തിലാണ് വോട്ടു ചെയ്തത്. എകെ ആന്റണി തിരുവനന്തപുരം ജഗതി സ്‌കൂളിലും വോട്ടു രേഖപ്പെടുത്തി.

യുഡിഎഫ് ഭരണത്തെ തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണമായ നവകേരളം കെട്ടിപ്പെടുക്കാന്‍ ജനം താല്‍പര്യത്തോടെ പങ്കാളികളാകുമെന്ന് പിണറായി പറഞ്ഞു. കേരളത്തിന്റെ മതേതര മനസ്സിന് ആപത്ത് വരുത്താന്‍ വേണ്ടി നിലകൊള്ളുന്ന വര്‍ഗീയ ശക്തികള്‍ ഒറ്റപ്പെടുമെന്നും യുഡിഎഫിന് വലിയ തകര്‍ച്ച ഉണ്ടാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പോളിങ് ശതമാനം 80 കടക്കുമെന്നും യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആവേശത്തോടെയുള്ള ഈ പോളിങ് യുഡിഎഫിന് ഏറെ പ്രയോജനം ചെയ്യുമെന്നും യുഡിഎഫിന് നല്ല വിജയമുണ്ടാകുമെന്നും ചാണ്ടി പറഞ്ഞു.

തുടര്‍ഭരണമുണ്ടായാലത് യുഡിഎഫിന്റെ ഐക്യത്തിന്റെ ഫലമാണെന്നും വീഴ്ചകളുണ്ടെങ്കില്‍ മറുപടി പറയേണ്ടത് യുഡിഎഫിന്റെ ചെയര്‍മാനെന്ന നിലയില്‍ താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതി അവസാനിപ്പിച്ച് കേരളം പുതിയ ചരിത്രം എഴുതുമെന്ന് ആന്റണി പറഞ്ഞു. ബിജെപി ഈ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കില്ലെന്നും സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരെ ആയിരിക്കും ജനം വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

എന്നാല്‍ അമിത ആത്മവിശ്വാസമില്ലെന്നും മുഖ്യമന്ത്രി പറയുന്നതു പോലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. 19 കഴിയാതെ ഒന്നും പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇടതുതരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍