UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്കെന്നെ കാണാൻ നിങ്ങളുടെ കണ്ണാടിവേണം

Avatar

പ്രതാപ് ജോസഫ്

കുറേക്കാലം കവിതയിലൂടെ സഞ്ചരിച്ചിരുന്നു, പിന്നെ കവിതയ്ക്കു പകരം കാമറ വന്നു. ചുറ്റുമുള്ള ലോകത്തിന്റെ ചിത്രങ്ങൾ പകർത്തി. സിനിമയെടുക്കാനും ശ്രമിച്ചു. ചിത്രമെടുത്തു തുടങ്ങിയപ്പോൾ കവിത നിന്നു. സിനിമയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോൾ ചിത്രങ്ങളും. ഫോട്ടോഗ്രഫിയും സിനിമയുമൊക്കെ ബാഹ്യസഞ്ചാരമായിരുന്നെങ്കിലും അതിൽ പിടിതരാത്ത ഒരാന്തരികത ഉണ്ടായിരുന്നു. ആ പിടിതരായ്ക ഇടക്കിടെ എന്നെ ഉലക്കുന്നുമുണ്ടായിരുന്നു.

വീട്, മുറ്റം, പറമ്പ്; ഇവിടെ നിന്നാണ് എന്റെ ഫോട്ടോഗാഫുകൾ അധികവും. എന്തിനാണീ ചിത്രങ്ങൾ, എന്താണിവയുടെ പ്രത്യേകത എന്നൊക്കെയുള്ള സംശയങ്ങൾ…‘ഒരു കുമ്പളവള്ളിയുമൊത്തുള്ള എന്റെ ജീവിതം’ എന്ന ഫോട്ടോഗ്രഫി സീരീസിനുവേണ്ടി ഒരു വർഷക്കാലം കൊണ്ട് 10000 ത്തോളം ചിത്രങ്ങൾ പകർത്തി. കൈയ്യിലിരിക്കുന്ന കാമറയിൽനിന്ന് ഉള്ളിലെവിടെയോ കിടക്കുന്ന വാക്കുകളിലേക്ക് ഒരു സഞ്ചാരമുണ്ടായി.

ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം’ പ്ലസ്ടു ക്ലാസ്സിൽ പഠിപ്പിക്കാനുണ്ടായിരുന്നു. ചിലപ്പോൾ തനിച്ച്, ചിലപ്പോൾ ഒന്നോരണ്ടോ സുഹൃത്തുക്കളോടൊത്ത് കുറ്റിപ്പുറത്ത്, ഭാരതപ്പുഴയുടെ തീരത്ത് ചെന്നിരിക്കുമ്പോൾ ഉള്ളിൽ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഞാൻ ജനിച്ചുവളർന്ന വീടിനെച്ചുറ്റിയൊഴുകുന്ന കൈത്തോടിന്റെ ഇരമ്പൽ ഉള്ളിലുണ്ടായിരുന്നു.

കല ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരവസ്ഥയിൽനിന്ന് ഒരു വ്യവസ്ഥയെ ഉണ്ടാക്കിയെടുക്കലാണ്. എല്ലാകാലത്തേക്കുമുള്ള വ്യവസ്ഥകളല്ല, താൽക്കാലികമായ ക്രമങ്ങൾ.

2015 ൽ കവിയും ഫോട്ടോഗ്രാഫറും നിശ്ശബ്ദനായിരുന്നു. പക്ഷേ, ഒരു കാമറമാനെന്ന നിലയിൽ മികച്ച സൃഷ്ടികളുണ്ടായി. ഡോൺ പാലത്തറയുടെ ശവം, ഒഡേസ്സ സത്യന്റെ ഹോളി കൗ, ഉണ്ണികൃഷ്ണൻ ആവളയുടെ വിമെൻസസ്, പ്രേംകുമാറിന്റെ ഭൂമയ. 2016ൽ പണിതുടങ്ങിയ ചില ചിത്രങ്ങൾ പൂർത്തീകരണത്തിനുകാത്തിരിക്കുന്നു. ജിജു അന്റണിയുടെ ബഹുഭാഷാ ചിത്രം ഏലി ഏലി ലമ സബക്തനി, സുദേവന്റെ പുതിയ ചിത്രം, ജി. അജയന്റെ ബദൽ അങ്ങനെ. സിനിമാറ്റോഗ്രഫി മറ്റൊരാൾക്കുവേണ്ടിയുള്ള പണിയെടുക്കലാണെങ്കിലും ആ പണിയെടുക്കുന്നത് കലാകാരന്മാർക്കുവേണ്ടിയാകുമ്പോൾ അതിലൊരു സുഖമുണ്ട്.

ശരീരത്തിൽ, ഇറച്ചിക്കും എല്ലിനുമിടയിൽ എത്ര ഇടമുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, ആ ഇടത്തിന് വ്യാപ്തികൂട്ടുന്ന ഒന്നിനെയാണ് ഞാൻ കല എന്നുവിളിക്കുന്നത്. എന്റെ യാത്ര എന്നിലൂടെയാണ്, എന്റെ കല എനിക്കുവേണ്ടിത്തന്നെയാണ്, പക്ഷേ എനിക്കെന്നെ കാണാൻ നിങ്ങളുടെ കണ്ണാടിവേണം.

(ഫോട്ടോഗ്രാഫറും സിനിമാട്ടോഗ്രാഫറും സംവിധായകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍