UPDATES

വിദേശം

ട്രംപിനെ ചൊല്ലി തര്‍ക്കം; 22 വര്‍ഷത്തെ ദാമ്പത്യ ജീവിതം തെറ്റിപ്പിരിഞ്ഞു

മക്‌കോര്‍മിക്കിന്റെ ജീവിതം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അമേരിക്കക്കാര്‍ പറയുന്നത്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാഹ മോചനങ്ങള്‍ക്കും കാരണമാകുന്നതായാണ് അമേരിക്കയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. ഗെയ്ല്‍ മക്‌കോര്‍മിക്കിന്റെ കഥയാണ് അതിന് ഒരുദാഹരണം.

22 വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ് മുന്‍ കാലിഫോര്‍ണിയ ജയില്‍ ഉദ്യോഗസ്ഥയായ ഗെയ്ല്‍ ട്രംപിനെ ചൊല്ലി അവസാനിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നതിനിടെ തന്റെ ഭര്‍ത്താവ് ട്രംപിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ് തന്നെ ഞെട്ടിച്ചതെന്ന് അവര്‍ അറിയിച്ചു. ഡജെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയായ തനിക്ക് അത് താങ്ങാനാവുന്നതല്ലായിരുന്നു.

അതോടെ തങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ദ്ധിച്ചതായി 73കാരിയായ മക്‌കോര്‍മിക് വ്യക്തമാക്കി. ചെറുപ്പകാലത്തേക്കാള്‍ ചില കാര്യങ്ങളെ തനിക്ക് ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്നുവെന്നും വിവാഹ മോചനത്തെ താന്‍ അംഗീകരിച്ച് കഴിഞ്ഞുവെന്നും അവര്‍ അറിയിച്ചു. അതേസമയം മക്‌കോര്‍മിക്കിന്റെ ജീവിതം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അമേരിക്കക്കാര്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമാകുമ്പോള്‍ പണ്ടത്തേതിനേക്കാള്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. അമേരിക്കയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചതായും റോയിട്ടേഴ്‌സ് നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡിസംബര്‍ 27നും ജനുവരി 18നും ഇടയില്‍ 6,426 പേര്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രിയപ്പെട്ടവരോട് വഴക്കടിച്ചതായി സര്‍വേയില്‍ സമ്മതിച്ചു. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പത്തേതിനേക്കാള്‍ ആറ് ശതമാനം അധികമാണ് ഇത്. തെരഞ്ഞെടുപ്പ് കാരണം കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയുള്ള ബന്ധം തന്നെ ഉപേക്ഷിച്ചതായി 16 ശതമാനം പേര്‍ സമ്മതിച്ചു.

യുസിഎല്‍എ പൊളിറ്റിക്‌സ് പ്രൊഫസര്‍ ലിന്‍ വാവ്‌റേക്ക് നടത്തിയ ഒരു സര്‍വേയില്‍ 60 ശതമാനം ഡെമോക്രാറ്റുകളും തങ്ങളുടെ മക്കള്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. 63 ശതമാനം റിപ്പബ്ലിക്കന്‍മാരും ഇത്തരത്തില്‍ ചിന്തിക്കുന്നവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍