UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെക്കി യുവതി വെടിയേറ്റു മരിച്ചു, കൊലപാതകദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

കൊലയാളിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

ഡല്‍ഹിയില്‍ 23 വയസുള്ള ട്രെയിനി എഞ്ചിനീയറെ വെടിവച്ചു കൊന്നു. ലാവ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയ അഞ്ജലി റാത്തോഡാണ് അജ്ഞാതനായ കൊലയാളിയാല്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റാണു മരണം. ബുധനാഴ്ച രാവിലെ 6.34 നായിരുന്നു സംഭവം. അഞ്ജലിയുടെ കൊലപാതകദശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കൊലയാളിയാരാണെന്ന് ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടില്ല.

ഡല്‍ഹി നോയിഡയിലെ ശതാബ്ദി റെയില്‍ വിഹാര്‍ റെസിഡന്‍സി കോളനിയിലെ അപ്പാര്‍ട്ടാമെന്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍വച്ചായിരുന്നു കൊലപാതകം. ഹരിയാനയിലെ യമുനനഗറിനു സമീപമുള്ള ജദ്ഗ്രി സ്വദേശിയാണു കൊല്ലപ്പെട്ട യുവതി.

അഞ്ജലിയുടെ സഹമുറിയായ ജ്യോതി രാവിലെ കോച്ചിംഗ് ക്ലാസിനു പോകാന്‍ ഇറങ്ങുമ്പോള്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അഞ്ജലിയെ കണ്ടത്. ജ്യോതി ഉടന്‍ തന്നെ തങ്ങളുടെ മുറിയില്‍ താമസിക്കുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. ഇവര്‍ ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ അഞ്ജലിയെ എത്തിച്ചെങ്കിലും അവിടെയെത്തുന്നതിനു മുന്നേ അവര്‍ മരിച്ചിരുന്നു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒന്നരവര്‍ഷം മുമ്പാണ് അഞ്ജലി ലാവയില്‍ ട്രെയിനിയായി കയറിയത്.

അതേസമയം അഞ്ജലിയെ കൊന്നത് പഴയ സഹപാഠിയാണെന്ന ആരോപണം കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. ഇയാള്‍ അഞ്ജലിയുടെ സുഹൃത്തായിരുന്നുവെന്നും ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും കുടുംബം ആരോപിക്കുന്നു. രാവിലെ 6.05 നു അഞ്ജലിക്ക് ഒരു കോള്‍ വന്നിട്ടുണ്ടെന്നും അതിനുശേഷമാണ് താഴേക്ക് ഇറങ്ങി വന്നതെന്നും പൊലീസ് പറയുന്നു. കൊലപാതകം നടന്നത് എങ്ങനെയാണെന്നു സിസിടിവിയില്‍ വ്യക്തമായെങ്കിലും കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍