UPDATES

ട്രെന്‍ഡിങ്ങ്

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട്; കുറ്റപത്രം നല്‍കിയിട്ട് എട്ടുവര്‍ഷം; വിചാരണ ആരംഭിച്ചിട്ടില്ല

1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്

കാല്‍നൂറ്റാണ്ടായി സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്. നാളിതുവരെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അവസാനം സിബിഐയും അന്വേഷിച്ച കേസില്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. 1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. 2009-ല്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജഡ്ജിമാരുടെ സ്ഥാന മാറ്റമാണ് കേസ് തീര്‍പ്പാക്കുന്നത് വൈകിക്കുന്നതെന്നാണ് പ്രധാന ആരോപണം. കേസ് നടക്കുന്ന പ്രത്യേക കോടതിയില്‍ മൂന്ന് ജഡ്ജിമാരായിരുന്നു മാറിവന്നത്. ഒരാള്‍ക്കും ഒരു വര്‍ഷത്തിലേറെ കേസ് കേള്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി കേസ് കേള്‍ക്കാനാകാത്തതാണ് വിധിതീര്‍പ്പിന് തടസ്സമാകുന്നത്. 2011-ല്‍ തിരുവനന്തപുരത്ത് സിബിഐയുടെ പ്രത്യേക കോടതി തുടങ്ങിയതോടെ കേസ് അവിടേക്ക് മാറ്റിയിരുന്നു.

അഭയ കേസിന്റ നാള്‍ വഴികള്‍

1992 മാര്‍ച്ച് 27-നാണ് കോട്ടയം ബിസിഎം കോളേജ് വിദ്യാര്‍ത്ഥിനി കൂടിയായിരുന്ന സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ലോക്കല്‍ പോലീസും ഉയര്‍ന്ന ഉദ്യോഗസ്ഥരും അതിന് ശേഷം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ആത്മഹത്യ എന്ന നിലയില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. തുടര്‍ന്ന് 1993 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് അന്വേഷണം ആരംഭിച്ചു. 1996-ല്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട സിബിഐയുടെ റിപ്പോര്‍ട്ട് എറണാകുളം ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് തള്ളി. 1999-ല്‍ കൊലപാതകമാണെന്ന റിപ്പോര്‍ട്ട് വെച്ചു. പക്ഷെ തെളിവുകളെല്ലാം നശിപ്പിച്ചതിനാല്‍ പ്രതികളെ പിടികൂടായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

2000-ല്‍ കേസ് പുനരന്വേഷണത്തിന് പുതിയ ആളുകളെ ഏല്‍പ്പിക്കണമെന്നും നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2005-ല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ വീണ്ടും അനുമതി തേടി. അതും കോടതി തള്ളി. 2007-ല്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന റിപ്പോര്‍ട്ട് വന്നു. 2008-ല്‍ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ഫാദര്‍ ജോസ് തൃക്കയില്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.

2008 നവംബര്‍ 24-ന് അഭയ കേസില്‍ അത്മഹത്യയാണെന്ന് ഇന്‍ക്വസിറ്റ് തയ്യാറാക്കിയ അന്നത്തെ കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എഎസ്‌ഐ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. കേസ് സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചുവെന്ന് ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. അഗസ്റ്റിന്‍ മാപ്പു സാക്ഷിയാകാനും തയ്യാറായിരുന്നു. 2009-ല്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ക്ക് ഉപാധികളോട് ജാമ്യം ലഭിച്ചു. നിലവില്‍ ഈ പ്രതികള്‍ ജാമ്യത്തിലാണ്. 2013-ല്‍ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെടി മൈക്കിള്‍ നല്‍കിയ കേസില്‍ തുടരന്വേഷണം നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍