UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈയ് ആക്രമണത്തിനുമുമ്പ് എട്ട് തവണ ഇന്ത്യയിലെത്തി

അഴിമുഖം പ്രതിനിധി

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബയ് ഭീകരാക്രമണത്തിന് മുമ്പ് എട്ടുതവണയും ആക്രമണത്തിന് ശേഷം ഒരു തവണയും ഇന്ത്യയിലെത്തിയിരുന്നുവെന്ന് മുംബയ് കോടതി മുമ്പാകെ മൊഴി നല്‍കി. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഹെഡ്‌ലിയുടെ മൊഴിയെടുപ്പ് നടത്തിയത്.

പാകിസ്ഥാന്‍ സ്ഥിരമായി താന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ഏഴുതവണ പാകിസ്ഥാനില്‍ നിന്നാണ് മുംബയിലേക്ക് എത്തിയത്. ഒരിക്കല്‍ യുഎഇയില്‍ നിന്നും എത്തിയിട്ടുണ്ട്. ആക്രമണശേഷം ഇന്ത്യയിലെത്തിയത് ലാഹോറില്‍ നിന്നുമാണെന്നും ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്.

മുംബയ് ആക്രമണ പദ്ധതിയെ കുറിച്ച് പൊതുവായ ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്ന് അമേരിക്കയില്‍ 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലി പറഞ്ഞു.

ലഷ്‌കറില്‍ പരിചയമുണ്ടായിരുന്നത് സാജിദ് മിറിനെയാണ് എന്നും മിറിലൂടെയാണ് താന്‍ മറ്റുള്ളവരെ കണ്ടിരുന്നതെന്നും ഹെഡ്‌ലി പറഞ്ഞു. ദാവൂദ് ഗിലാനിയെന്ന പേര് കോള്‍മാന്‍ ഹെഡ്‌ലിയെന്ന് മാറ്റാന്‍ നിര്‍ദ്ദേശിച്ചത് മിറാണ്.

ഐ എസ് ഐയുടെ നിര്‍ദ്ദേശ പ്രകാരവും പല പേരുകളിലുമാണ് സന്ദര്‍ശനം നടത്തിയത്.

ആക്രമണ ലക്ഷ്യങ്ങളെ നിരീക്ഷിക്കാനാണ് ഹെഡ്‌ലി മുംബയിലെത്തിയത്. കൂടാതെ മിറിന്റെ നിര്‍ദ്ദേശ പ്രകാരം മുംബൈയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ ഭീകരന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി നല്‍കുന്നതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു. മുംബയ് ആക്രമണത്തിന് പിന്നിലെ അറിയാക്കാര്യങ്ങള്‍ ഹെഡ്‌ലിയുടെ മൊഴിയിലൂടെ വെളിപ്പെടുമെന്നും ക്രിമില്‍ ഗൂഢാലോചനയുടെ വിശാലമായ വശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎസില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ ആക്രമണത്തിന് പിന്നില്‍ പ്രധാനപങ്കു വഹിച്ച മൂന്ന് മുതിര്‍ന്ന പാക് ഉദ്യോഗസ്ഥരെ കുറുച്ചുള്ള വിവരങ്ങള്‍ ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍