UPDATES

സയന്‍സ്/ടെക്നോളജി

ഇനി വിശ്വസിക്കാം 3ഡി മാമോഗ്രാമിനെ

Avatar

റെബേക്ക സ്പാല്‍ഡിങ്
(ബ്ലൂംബര്‍ഗ്)

ത്രീ ഡയമെന്‍ഷണല്‍ മാമോഗ്രാമുകള്‍ സാധാരണ ബ്രെസ്റ്റ് ഇമേജിങ് സങ്കേതങ്ങളെക്കാള്‍ കൃത്യമായ വിവരം തരുമെന്ന് പഠനം. നാലുവര്‍ഷത്തോളം 24,000 പേരില്‍ പഠനം നടത്തിയശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ആദ്യവര്‍ഷം സാധാരണ മാമോഗ്രാമും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 3ഡി മാമോഗ്രാമും ഇവരില്‍ നടത്തി. 3ഡി മാമോഗ്രാമിനുശേഷം മറ്റുപരിശോധനകള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം കുറഞ്ഞതായി ജാമാ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലത്തില്‍ പറയുന്നു.

‘തെറ്റായ പോസിറ്റീവ് ഫലങ്ങളാണ് പരിശോധനയുടെ ന്യൂനതകളിലൊന്ന്. 3ഡി കൂടുതല്‍ മെച്ചപ്പെട്ട മാമോഗ്രാമാണ്. തെറ്റായ പോസിറ്റീവുകളുടെ എണ്ണം കുറഞ്ഞു എന്നു മാത്രമല്ല കൂടുതല്‍ അര്‍ബുദങ്ങള്‍ കണ്ടെത്താനുമായി,’ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെരെല്‍മന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രഫസറും പഠനം നടത്തിയവരില്‍ ഒരാളുമായി എമിലി കൊനാന്റ് പറയുന്നു.

സാധാരണ കോശങ്ങള്‍ അര്‍ബുദ കോശങ്ങളെ പോലെ തോന്നിപ്പിക്കുകയാണ് തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് നിരുപദ്രവമായ കോശങ്ങളായിരിക്കും. വീണ്ടും വീണ്ടും പരിശോധന നടത്താന്‍ പരിശോധനയ്ക്കു വിധേയരാകുന്നവരെ ഇത്തരം ഫലങ്ങള്‍ പ്രേരിപ്പിക്കും. സാധാരണ മാമോഗ്രാമിനുശേഷം തുടര്‍പരിശോധനകള്‍ക്കു വിളിപ്പിക്കപ്പെട്ടത് 10.4 ശതമാനം പേരെയാണ്. എന്നാല്‍ 3ഡി പരിശോധനകളില്‍ ഇത് 8.8 മുതല്‍ 9.2 ശതമാനം വരെയായിരുന്നു.


ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച 3ഡി മാമോഗ്രാം യന്ത്രങ്ങള്‍ ഉണ്ടാക്കുന്നത് ഹോളോജിക്, സീമെന്‍സ്, ജനറല്‍ ഇലക്ട്രിക് എന്നീ കമ്പനികള്‍ മാത്രമാണ്. പഴയ യന്ത്രങ്ങളെക്കാള്‍ ഇവയ്ക്കു വില കൂടുതലുമാണ്. 3ഡി കൂടുതല്‍ ഫലപ്രദമാണെന്നതിനു തെളിവില്ലാത്തതിനാല്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പരിശോധനകള്‍ക്കു പണം നല്‍കാന്‍ വിസമ്മതിക്കുന്നുമുണ്ട്. പരമ്പരാഗത സാങ്കേതിക വിദ്യയേക്കാള്‍ ഫലപ്രദമാണ് 3ഡി എന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഫലങ്ങള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുന്നുവെന്നാണ് ഇപ്പോഴത്തെ പഠനം കണ്ടെത്തിയിരിക്കുന്നത്.

വനിതകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. 2012-ല്‍ 2,24,147 പേരിലാണ് ഇതു കണ്ടെത്തിയത്. ഇവരില്‍ 41,150 പേര്‍ മരിച്ചതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.

സ്തനത്തില്‍ മുഴകളുണ്ടോയെന്ന് അറിയാന്‍ ശാരീരിക പരിശോധനയ്‌ക്കൊപ്പം ഉപയോഗിക്കുന്ന സങ്കേതമാണ് മാമോഗ്രാം. സ്‌കാനിങ്ങില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ കൂടുതല്‍ പരിശോധനകള്‍ കൊണ്ട് ട്യൂമര്‍ കുഴപ്പമുള്ളതാണോ അല്ലാത്തതാണോ എന്നു കണ്ടെത്താനാകും.

തെറ്റായ പരിശോധനാഫലം അനാവശ്യമായ ബയോപ്‌സിക്കും മറ്റ് പരിശോധനകള്‍ക്കും വഴിവയ്ക്കുന്നു. ഏതു പ്രായത്തിലാണ് മാമോഗ്രാമിനു വിധേയരാകേണ്ടത് എന്ന കാര്യത്തില്‍ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഒക്ടോബറില്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. 45 വയസിനുശേഷം വര്‍ഷംതോറും പരിശോധന നടത്തണമെന്നാണ് ഇപ്പോഴത്തെ നിര്‍ദേശം. നേരത്തെ ഇത് 40 വയസായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍