40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്
തുര്‍ക്കിയില്‍ ഇസ്താംബൂളിലെ നിശാക്ലബില്‍ പുതുവത്സര ആഘോഷത്തിനിടെ സാന്താക്ലോസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവയ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം.
ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബില്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.15-ഓടെയായിരുന്നു സംഭവം. സാന്താക്ലോസിന്റെ വേഷത്തില്‍ എത്തിയ അക്രമി നൃത്തം ചെയ്തു കൊണ്ടിരുന്നവര്‍ക്കുനേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് തുറന്ന വെടിവയപ് നടത്തുകയായിരുന്നു. അറുനൂറോളം പേരായിരുന്നു ക്ലബ്ബിലുണ്ടായിരുന്നത്.
നേരത്തെ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ അന്ദ്രേയ് കര്‍ലോവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഡിസംബര്‍ 10-ന് ഇസ്താംബൂള്‍ ഫുട്‌ബോള്‍ മൈതാനത്തുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണങ്ങളില്‍ കൂടുതലും ഇസ്ലാമിക് സ്റ്റേറ്റും കുര്‍ദ് ഭീകരരുമാണ് നടത്തുന്നത്.
ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദേശമായിരുന്നു നഗരത്തിന് നല്‍കിയിട്ടുണ്ടായിരുന്നത്. ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് ഇസ്താംബൂളില്‍ 17,000 പോലീസുകാരെ വിന്യസിച്ചിരുന്നു. ഇവരെ മറികടന്നാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.