UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രമന്ത്രിയുടെ സഹായിയും വിവാദ ആയുധ വ്യാപാരിയും പരസ്പരം ഫോണ്‍ വിളിച്ചത് 355 തവണ

അഴിമുഖം പ്രതിനിധി

ലണ്ടനില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ വദ്രയ്ക്കുവേണ്ടി ബിനാമിയായി വീട് വാങ്ങിയെന്ന ആരോപണം നേരിടുന്ന ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിലെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ മുഖ്യസഹായിയായ അപ്പാ റാവുവും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 355 തവണ ഫോണ്‍ സംഭാഷണം നടത്തിയെന്ന രേഖകള്‍ പുറത്തു വന്നു. കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളാണ് പുറത്തു വന്നത്.

എന്നാല്‍ മന്ത്രിയുടെ ഒ എസ് ഡിയായ അപ്പാ റാവു ഇക്കാര്യം നിഷേധിച്ചു. ഭണ്ഡാരിയുമായി നൂറുകണക്കിന് തവണ ഫോണില്‍ സംഭാഷണം നടത്തിയിട്ടില്ലെന്ന് പറയുന്ന റാവു എന്നാല്‍ കുറച്ചു തവണ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. ഫോണ്‍ നമ്പര്‍ കൃത്യമായി ഓര്‍ക്കുന്നില്ലെന്നും റാവു പറയുന്നു.

മന്ത്രിയെ ഓഫീസില്‍ മൂന്നു നാല് തവണ വിവാദ ആയുധ വ്യാപാരി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് റാവു വെളിപ്പെടുത്തി. വിമാനങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്ന ബിസിനസാണ് ഭണ്ഡാരിയുടേത്. ബംഗളുരുവില്‍ നടന്ന എയര്‍ഷോയില്‍ വച്ച് ഒന്നര വര്‍ഷം മുമ്പാണ് ഭണ്ഡാരി മന്ത്രിയെ ആദ്യമായി കാണുന്നതെന്ന് റാവു പറയുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപിയുടെ നേതാവു കൂടിയാണ് മന്ത്രി.

ബിജെപി നേതാവായ സിദ്ധാര്‍ത്ഥ് നാഥ് സിംഗുമായി ആയുധ വ്യാപാരിക്ക് സൗഹൃദമുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇക്കാര്യം സിദ്ധാര്‍ത്ഥ് സമ്മതിക്കുകയും ചെയ്തിരുന്നു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ഭണ്ഡാരിയുമായി ബന്ധപ്പെട്ട 18 ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. വദ്രയ്ക്കുവേണ്ടി ഭണ്ഡാരി ലണ്ടനില്‍ വീട് വാങ്ങിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇതേതുടര്‍ന്ന് വദ്രയ്ക്കും കോണ്‍ഗ്രസിനും നേര്‍ക്ക് രൂക്ഷമായ ആക്രമണം നടത്തിയ ബിജെപി സ്വന്തം നേതാക്കളുടെ ബന്ധം കൂടി പുറത്തു വന്നപ്പോള്‍ പ്രതിരോധത്തിലാകുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍