UPDATES

വിജിലന്‍സ് അന്വേഷണം നേരിടുന്നത് 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്നത് 47 ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥര്‍. വിവരാവകാശ രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരായ ടോമിന്‍.ജെ.തച്ചങ്കരിക്കും ടി.ഒ.സൂരജിനുമെതിരെ അഞ്ച് കേസുകള്‍ വീതമുണ്ട്. 32 ഐ.എ.എസ് ഉദ്യോഗസ്ഥരും 15 ഐ.പി.എസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണം നേരിടുന്നത്. രണ്ട് പേര്‍ക്കെതിരായ അന്വേഷണം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ടോം ജോസിനും കെ.എം എബ്രഹാമിനുമെതിരായ വിജിലന്‍സ് അന്വേഷണം വാര്‍ത്തകളില്‍ നിറയുന്നതിനിടെയാണ് ഈ വസ്തുതകള്‍ പുറത്തുവരുന്നത്. വിജിലന്‍സ് അന്വേഷണത്തിനെതിരെ ഐ.എ.എസ് അസോസിയേഷനില്‍ പ്രതിഷേധം പുകഞ്ഞിരുന്നു.

സ്പീഡ് ഗവര്‍ണര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് പണം പറ്റി, പാലാ മങ്കൊമ്പിലെ ക്രഷര്‍ യൂണിറ്റ് വില്‍പ്പന, കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ആയിരിക്കെയുള്ള അഴിമതി, താല്‍ക്കാലിക വാഹന രജിസ്‌ട്രേഷന്‍ നടപടികളില്‍ ഡീല്‍മാരെ വഴിവിട്ട് സഹായിച്ചു, പാലക്കാട് ആര്‍.ടി.ഒയില്‍ നിന്ന് പണം ആവശ്യപ്പെട്ടു എന്നിങ്ങനെ അഞ്ച് കേസുകളാണ് ടോമിന്‍ തച്ചങ്കരിക്കെതിരെയുള്ളത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കി, അനധികൃത സ്വത്ത് സമ്പാദനം, സിഡ്‌കോയിലെ അനധികൃത നിയമനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്രമകക്കേട്, വാണിജ്യാടിസ്ഥാനത്തിലുള്ള ഭൂമി കൈമാറല്‍ എന്നിവയാണ് സൂരജിനെതിരായ കേസുകള്‍.

തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ അംഗത്വം അനുവദിച്ചതിലെ ക്രമക്കേടില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ തൃശൂര്‍ റൂറല്‍ എസ്.പി ആര്‍.നിശാന്തിനിക്കെതിരെ അന്വേഷണം നടക്കുന്നു. അനില്‍ എക്‌സ്, ബിശ്വനാഥ് സിന്‍ഹ, അസ്ഗര്‍ അലി പാഷ, റാണി ജോര്‍ജ് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, തുടങ്ങിയവരും വിജിലന്‍സ് അന്വേഷണം നേരിടുന്നു. ബിശ്വാസ് മേത്തയും ബി.അശോകും അന്വേഷണം നേരിടുന്നുണ്ട്. പീരുമേടില്‍ ഭൂമി പതിച്ച് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ബിശ്വാസ് മേത്ത അന്വേഷണം നേരിടുന്നത്. വെറ്റിനറി സര്‍വകലാശാലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡോ.ബി.അശോകും അന്വേഷണം നേരിടുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമെ കെ.എം.എം.എല്ലിലെ ക്രമക്കേടിലും ടോം ജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ചിറ്റാരിപ്പുഴയിലെ പാലം നിര്‍മ്മാണവും കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പരാതികളില്‍ ഷേയ്ഖ് പരീത് അന്വേഷണം നേരിടുന്നു. തണ്ണീര്‍ത്തടം നികത്തലിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പി.ബി.സലീമിനെതിരെ അന്വേഷണം നടക്കുകയാണ്. ആനന്ദ സിംഗ്, എന്‍.എ.കൃഷ്ണന്‍ കുട്ടി, മുരളീധരന്‍, ഷീല തോമസ് എന്നിവരും ഭൂമി പതിച്ചു കൊടുക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നേരിടുന്നു. അധികാര ദുര്‍വിനിയോഗത്തിന്‌റെ പേരില്‍ ഐ.ജി ശ്രീജിത്തിനും കോഴഞ്ചേരി മെറ്റല്‍ ക്രഷറുമായി ബന്ധപ്പെട്ട് രാഹുല്‍ ആര്‍. നായരും ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്‌റെ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ജേക്കബ് ജോബും അന്വേഷണം നേരിടുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനം തന്നെയാണ് മനോജ് എബ്രഹാമിനും എതിരെയുള്ളത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ കേസ്. സ്റ്റുഡന്‌റ്‌സ് പൊലീസ് കേഡറ്റ് ഫണ്ട് വിനിയോഗത്തില്‍ പി.വിജയനെതിരെയും അന്വേഷണം നടക്കുന്നു. അന്വേഷണം നടക്കുന്ന കേസുകളില്‍ ചിലത് അന്തിമ റിപ്പോര്‍ട്ടിന് തയ്യാറായിരിക്കുകയാണ്. വിജിലന്‍സ് അഴിമതി വിരുദ്ധ വാരാചരണത്തിന്‌റെ ഭാഗമായാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍