UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലാകുന്നത് 50 കോടിയുടെ സിനിമകള്‍

കേസില്‍ വരും ദിവസങ്ങളിലുണ്ടാകുന്ന പുരോഗതിയെയാണ് മലയാള ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്

നടി ആക്രമിക്കപ്പെട്ട നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാളത്തിലെ 50 കോടിയോളം രൂപയുടെ സിനിമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കേസില്‍ വരും ദിവസങ്ങളിലുണ്ടാകുന്ന പുരോഗതിയെയാണ് മലയാള ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്.

പുതുമുഖമായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന രാമലീലയാണ് നടന്റേതായി പുറത്തിറങ്ങാനുള്ളത്. 15 കോടി രൂപ മുടക്കിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഈമാസം ആദ്യം തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് 21ലേക്ക് മാറ്റിയിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് ഇനിയും നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് രാമലീലയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ദിലീപ് നായകനായ മൂന്നോ നാലോ ചിത്രങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്നതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ അറിയിച്ചു. മുതിര്‍ന്ന ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കന്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടത്. രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവമാണ് മറ്റൊരു ചിത്രം. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

പ്രൊഫ. ഡിങ്കന്‍, കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ 12 മുതല്‍ 15 കോടി രൂപ വരെ ഇതുവരെ ചെലവായതായി പ്രൊഡ്യൂസര്‍മാരുടെ സംഘടന പ്രതിനിധികള്‍ അറിയിച്ചു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ അറസ്റ്റിലൂടെ തങ്ങളുടെ മുഖം രക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്നും ദിലീപിന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പോലീസിനും സര്‍ക്കാരിനും ജനങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിലീപ് ബലിയാടാകുകയായിരുന്നു. അതേസമയം സംഘടന തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ സുരേഷ് കുമാര്‍ ഇത്തരമൊരു വിശദീകരണം നല്‍കരുതായിരുന്നെന്ന് അസോസിയേഷനിലെ ഒരു മുതിര്‍ന്ന ഭാരവാഹി അറിയിച്ചു. കേരള സമൂഹം ഇരയായ നടിക്കൊപ്പമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍