UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ഞുറൂം ആയിരവും പോകുമ്പോള്‍; ചില നാട്ടുവിചാരങ്ങള്‍

Avatar

ഡി. ധനസുമോദ്

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ മൂന്നാര്‍ ഇടിച്ചുപൊളിക്കു സാധാരണക്കാരില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുകൊണ്ടു മാത്രമായിരുന്നില്ല മൊബൈല്‍ ഫോണ്‍ ക്യാമറമായി ജനക്കൂട്ടം തടിച്ചു കൂടിയത്. വലിയവന്റെ മണിമാളികകള്‍ തകര്‍ന്നു വീഴുമ്പോള്‍ പാവപ്പെട്ടവന്റെ ഉള്ളില്‍ സന്തോഷം നിറയും. അവിടെ തടിച്ചു കൂടിയവര്‍ പലരും താമസിച്ചത് ചെറിയ വീടുകളിലും ലായങ്ങളിലും കോളനികളിലുമായിരുന്നു. ബുള്‍ഡോസറുകള്‍ തകര്‍ത്ത മന്ദിരങ്ങളില്‍ ഒരു ദിവസം അന്തിയുറങ്ങുന്നതിനു അവരില്‍ പലരുടെയും ഒരുമാസത്തെ ശമ്പളം തികയാതെ വരും. ഇത്തരത്തില്‍ വലിയ സന്തോഷമാണ് 500, 1000 നോട്ട് ഒറ്റയടിക്ക് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സാധാരണക്കാര്‍ക്കുള്ളത്.

കുഞ്ഞുമായി അംഗന്‍വാടിയില്‍ എത്തിയപ്പോള്‍ ടീച്ചറും ഹെല്‍പ്പറുമായി നോട്ട് വിഷയം തന്നെ ചര്‍ച്ച. ഇന്നലെ രാത്രി പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ആലോചിച്ച ശേഷം നരേന്ദ്രമോദി എടുത്ത തീരുമാനം ആണ് എന്നായിരുന്നു ടീച്ചറുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് രൂപ ചാക്കില്‍ കെട്ടി സൂക്ഷിക്കുന്നവരെ അവര്‍ക്കു അറിയാമെന്നും ഇനി ആ നോട്ടിന് കാലിച്ചാക്കിന്റെ വില പോലും ഉണ്ടാകില്ലെന്ന കമന്റും ചിരിയോടെ പാസാക്കി.

തന്റെ പരിചയത്തില്‍ ദേവകിയുടെ കൈയില്‍ മാത്രമാണ് ആയിരത്തിന്റെ രണ്ട് ചുവന്ന നോട്ട് ഉള്ളതെന്ന് ഹെല്‍പ്പറും പറഞ്ഞു. മകള്‍ എട്ടുമാസം ഗര്‍ഭിണി ആയതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ഈ രണ്ടു ആയിരം നോട്ട്. അതായതു ഹെല്‍പ്പറുടെ പരിചയത്തില്‍ ദേവകിയ്ക്ക് അല്ലാതെ ആര്‍ക്കും നോട്ട് മാറ്റം കൊണ്ട് പ്രത്യേക ഉപദ്രവം ഉണ്ടാകാന്‍ പോകുന്നില്ല. ‘തൊമ്മന് പോയാല്‍ തൊപ്പിപ്പാള, തമ്പ്രാനു നെല്ലും വള്ളോം’ എന്ന ചൊല്ലാണ് സാധാരണക്കാര്‍ക്ക്. അവരീ വിഷയത്തെ ലാഘവത്തോടെ കാണാനും കാരണമതാണ്.

സംസ്‌കൃത സര്‍വ്വകലാശാല ഉദ്യോഗസ്ഥന്‍ പ്രസാദ് ടി ശിവയുടെ ഫേസ്ബുക് പോസ്റ്റ് രസകരമായിരുന്നു. ‘സ്ഥലം വാങ്ങാന്‍ അഡ്വാന്‍സു കൊടുക്കാന്‍ ചെക്കുമായ് ചെന്നപ്പോള്‍ ലിക്വിഡ് കാഷ് വേണെന്നു പറഞ്ഞ ഭൂവുടമ എനിക്കു സ്ഥലം നല്‍കാതെ മറ്റൊരാള്‍ക്കതു വിറ്റിരുന്നു. 30 ലക്ഷത്തിനു വിറ്റ സ്ഥലത്തിന്റെ ആധാരവിലയായ 5 ലക്ഷം കഴിച്ചു ബാക്കിയുള്ള 25 ലക്ഷം ആ ചേട്ടനിനി എന്തോ ചെയ്യുമോ ആവോ?’ പോസ്റ്റിനു ആധാരമായ സംഭവം ഒരു സ്ഥലക്കച്ചവടം ആയിരുന്നു. അങ്കമാലിക്കടുത്തു സ്ഥലം വാങ്ങാന്‍ എത്തിയ പ്രസാദിന്റെ കൈയില്‍ പത്തു ലക്ഷത്തിന്റെ ലോണും ഭാര്യയുടെ പേരില്‍ കൂടി എടുത്ത രണ്ടു ഓവര്‍ ഡ്രാഫ്റ്റുമാണ് ഉണ്ടായിരുന്നത്. നേരെ ചൊവ്വേ ബാങ്ക് വഴിയുള്ള പണമിടപാടിന് മാത്രമാണ് പ്രസാദിന് താല്പര്യം സ്ഥലമുടമയ്ക്കു അതില്‍ തരിമ്പും താല്പര്യമില്ല. മുഴുവന്‍ തുകയും കാണിച്ചാല്‍ മുദ്രപത്ര, നികുതി തുടങ്ങിയ ഇനത്തില്‍ തുക അടക്കേണ്ടിവരും. സര്‍ക്കാരിനെ പറ്റിക്കാന്‍ വേണ്ടി ആയിരുന്നു സ്ഥല ഉടമ പണം നോട്ടുകെട്ടായി മാത്രം നല്‍കിയാല്‍ മതിയെന്ന് നിര്‍ബന്ധം പിടിച്ചത്. കള്ളപ്പണത്തെക്കാള്‍ ഏറെ അനധികൃത ഇടപാടുകളെ നിയന്ത്രിക്കാന്‍ പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് കരുതുന്നത്. പ്രൈമറി  കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സമ്പദ്ഘടന ഇതിനും പുറത്തായതിനാല്‍ ഇക്കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. മുപ്പതിനായിരം കോടിയിലേറെ രൂപയാണ് ഇത്തരത്തിലുള്ള കോ ഓപ്പറേറ്റീവ് ബാങ്കുകളിലെ നിക്ഷേപം.

ബാങ്ക് ഇന്ന് അവധിയാണെങ്കിലും എല്ലാ ബാങ്കുകളിലും ഉച്ചവരെ ജീവനക്കാര്‍ ഒരെത്തും പിടിയും കിട്ടാതെ വെറുതെ ഇരിക്കുകയായിരുന്നു. പല ബാങ്ക് ഉദ്യോഗസ്ഥരും തലപുകച്ചത് എടിഎമ്മുകളില്‍ എങ്ങനെ നൂറിന്റെ നോട്ടുകള്‍ നിറയ്ക്കും എന്നതിനെക്കുറിച്ചായിരുന്നു. എടിഎമ്മിന്റെ നാല് ട്രേകളിലായി 1000, 500,100 നോട്ട് അടുക്കി വയ്ക്കുകയാണ് ഇതുവരെ ചെയ്തത്. അഞ്ഞൂറും ആയിരവും തിരിച്ചെടുത്തു നൂറു രൂപ വച്ചു തീര്‍ക്കാന്‍ ഒരാഴ്ച എങ്കിലും വേണ്ടിവരും. ഉദാഹരണത്തിന് ഫെഡറല്‍ ബാങ്കിന്റെ കറന്‍സി ഖജനാവ് തിരുവനന്തപുരം, കോഴിക്കോട് ,തിരുവനന്തപുരം മൂന്ന് സ്ഥലങ്ങളില്‍ മാത്രം. കുഞ്ചിതണ്ണി മുതല്‍ സുല്‍ത്താന്‍ ബത്തേരിയിലും നീലേശ്വരത്തും നൂറിന്റെ നോട്ട് എങ്ങനെ എത്തിക്കുമെന്നറിയാതെ തലപുകയ്ക്കുകയാണ് ബാങ്ക് അധികൃതര്‍. നവമ്പര്‍ അവസാനത്തോടെ അല്ലാതെ ഈ സാമ്പത്തിക സ്തംഭനം അവസാനിക്കില്ല. നാളെ മുതല്‍ ബാങ്കിലേക്ക് ഇരച്ചെത്തുന്ന നോട്ടുമാറല്‍കാരെ ഓര്‍ത്തു ഇന്നേ അസ്വസ്ഥതപെടുകയാണ് ബാങ്ക് ജീവനക്കാര്‍.

പിന്‍കുത്ത് : സര്‍ക്കാരിന്റെ പരിഷ്‌കാരം കൊണ്ട് ക്യൂ നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ജനങ്ങള്‍. കഴിഞ്ഞ ആഴ്ച റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനുള്ള ക്യൂ ആയിരുന്നു. അതിന്റെ ക്ഷീണം തീരും മുന്‍പേ അടുത്ത ക്യൂവിനുള്ള വക സര്‍ക്കാര്‍ ഒപ്പിച്ചിരിക്കുന്നു .അടുത്തത് എന്താണാവോ

(മാധ്യമപ്രവര്‍ത്തകനാണ് ധനസുമോദ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍