UPDATES

50 ദിവസം: കണക്കുകള്‍ പുറത്തുവിടാതെ ആര്‍ബിഐ; സര്‍ക്കാരിന് ഇനിയുമെന്താണ് മറച്ചുവയ്ക്കാനുള്ളത്?

നടപടികളിലെ സുതാര്യതയില്ലായ്മ, പരസ്പര വിരുദ്ധമായ കണക്കുകള്‍, ഔദ്യോഗിക രേഖകള്‍ പുറത്ത് വിടാനുള്ള വിമുഖത തുടങ്ങിയവയെല്ലാം മോദി സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധി സംശയത്തിലാക്കിയിരിക്കുകയാണ്.

നോട്ട് അസാധുവാക്കല്‍ നടപടി 50 ദിവസം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ അവ്യക്തതകള്‍ തുടരുകയാണ്. ഒട്ടും സുതാര്യതയില്ലാതെയാണ് കാര്യങ്ങള്‍ പോകുന്നത്. നോട്ട് പിന്‍വലിക്കലിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. കള്ളപ്പണത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ചായിരുന്നു തുടക്കം. ഭീകരവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്നത് തടയും, കള്ളനോട്ടും അഴിമതിയും തടയും എന്നിങ്ങനെ പോയി അവകാശവാദങ്ങള്‍. അവസാനം അത് പണരഹിത അല്ലെങ്കില്‍ കറന്‍സിരഹിത സമ്പദ് വ്യവസഥയിലേയ്‌ക്കെത്തി (ക്യാഷ്‌ലെസ് എക്കണോമി). പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയടക്കമുള്ള മന്ത്രിമാരും പല പല കാരണങ്ങളും ന്യായീകരണങ്ങളുമാണ് നിരത്താന്‍ ശ്രമിച്ചത്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ട 50 ദിവസത്തെ സമയപരിധി അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ തീരുമാനങ്ങള്‍ എങ്ങനെ, എന്തുകൊണ്ട് ഉണ്ടാവുന്നു എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. നടപടികളില്‍ സുതാര്യതയുമില്ല. റിസര്‍വ് ബാങ്കിലും ധനകാര്യമന്ത്രാലയത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങളുമായി നിരവധി വിവരാവകാശ അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാന്‍ അവകാശമുള്ള ഇത്തരം കാര്യങ്ങളെ പോലും ദേശീയ സുരക്ഷ പോലുള്ള കാര്യങ്ങള്‍ പറഞ്ഞ് തിരസ്‌കരിക്കുന്ന അവസ്ഥയാണുള്ളത്. നവംബര്‍ 24ന് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ സ്‌ക്രോളിന്‌റെ ലേഖകന്‍ ധനമന്ത്രാലയത്തില്‍ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഇത് സ്വീകരിച്ച ഡിപ്പാര്‍ട്ട്‌മെന്‌റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഡിപ്പാര്‍ട്ട്‌മെന്‌റ് ഓഫ് എക്കണോമിക് അഫയേഴ്സിന് അപേക്ഷ കൈമാറി. എന്നാല്‍ ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. പണം ചിലവഴിക്കുന്നത് സംബന്ധിച്ച് സുതാര്യത വേണമെന്ന് ജനങ്ങളെ ഉപദേശിക്കുന്നതിനിടയിലാണ് നടപടികള്‍ സംബന്ധിച്ച് യാതൊരു സുതാര്യതയുമില്ലാതെ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും നീങ്ങുന്നത്.

വിവരാവകാശ അപേക്ഷകന്‍ ചോദിക്കുന്നത് ഇവയാണ്
നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണം – ആരൊക്കെ പങ്കെടുത്തു, യോഗത്തിന്‌റെ അജണ്ട എന്തായിരുന്നു തുടങ്ങി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണം. യോഗത്തിന്‌റെ മിനുട്ട്‌സ് പുറത്തുവിടണം.

നോട്ട് അസാധുവാക്കല്‍ നടപടിയിലേയ്ക്ക് നീങ്ങുന്നതിന് മുന്നോടിയായി നടത്തിയ എല്ലാ പഠനങ്ങളുടേയും റിപ്പോട്ടുകള്‍ പുറത്തുവിടണം. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം ആര്‍ബിഐയ്ക്ക് അയച്ച കത്തുകളുടേയും നോട്ടുകളുടേയും കോപ്പികള്‍ നല്‍കണം.

30 ദിവസത്തിനകം വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കണമെന്നാണ് നിയമം. വിവരാവകാശ നിയമത്തിന്‌റെ സെക്ഷന്‍ 4 (1) (സി) ഇക്കാര്യം വ്യക്തമാക്കുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗവണ്‍മെന്‌റ് നയങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് എല്ലാ വസ്തുതകളും പുറത്തുവിടണമെന്ന് 4 (1) (ഡി) വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞാല്‍ ആ തീരുമാനങ്ങള്‍, അവയ്ക്കുള്ള കാരണങ്ങള്‍, അതുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയെല്ലാം പുറത്തുവിടണമെന്ന് സെക്ഷന്‍ 8 (1) (ഐ) പറയുന്നു.

ആര്‍ബിഐയ്ക്ക് മുന്നില്‍ വന്ന സമാനമായ വിവരാവകാശരേഖയും തള്ളപ്പെട്ടു. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് എന്ന സംഘടനയിലെ വെങ്കിടേഷ് നായക്കാണ് വിവരാവകാശ അപേക്ഷയുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്. ആര്‍ബിഐയുടെ സമീപനത്തിലെ സുതാര്യതയില്ലായ്മയെ പറ്റി റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷ തൊറാട്ട് കഴിഞ്ഞ ദിവസം ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയിരുന്നു. തിരിച്ചെത്തിയ നോട്ടുകള്‍ സംബന്ധിച്ചുള്ള വിവരം ഡിസംബര്‍ 12ന് ശേഷം ആര്‍ബിഐ പുറത്തുവിടുന്നില്ലെന്നും ഇത് വലിയ പ്രശ്‌നമാണെന്നും ഉഷ തൊറാട്ട് ചൂണ്ടിക്കാട്ടി.

12.44 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ആര്‍ബിഐയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡിസംബര്‍ 12ന് ആര്‍ബിഐ അറിയിച്ചത്. ഇതില്‍ എത്ര കള്ളപ്പണം പിടിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. അസാധുവാക്കിയ എല്ലാ നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തുകയാണെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്‌റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്ന കാര്യമാണ്. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ കണ്ടെത്താന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടില്ല. 90 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തിരിച്ചെത്തിയ കറന്‍സികള്‍ കണക്കാക്കുന്നതില്‍ റിസര്‍വ് ബാങ്കിന് പിഴവ് പറ്റിയിട്ടുണ്ടാവാം എന്നാണ് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറയുന്നത്. ഡബിള്‍ കൗണ്ടിംഗ് നടന്നതാവാം ഇത്രയും ഉയര്‍ന്ന നിരക്ക് കാണാന്‍ കാരണമെന്ന പരിഹസ്യമായ വാദമാണ് അദ്ദേഹം മുന്നോട്ട് വച്ചത്.

ആഗോള മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ഇന്ത്യയുടെ നോട്ട് അസാധുവാക്കല്‍ നടപടിയുടെ പൊള്ളത്തരവും അബദ്ധവും ചൂണ്ടിക്കാണിക്കുന്നുണ്ട്. കള്ളണ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ഡീമണിറ്റൈസേഷന്‍ സഹായകരമാവില്ലെന്നാണ് ദി എക്കണോമിസ്റ്റിന്‌റെ വിലയിരുത്തല്‍. ഡീമണിറ്റൈസേഷന്‍ നടപടി അഴിമതിക്കാരെ കൂടുതല്‍ ജാഗ്രതയോടെ അഴിമതി നടത്താന്‍ മാത്രമേ സഹായിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധനും നൊബല്‍ ജേതാവുമായ പോള്‍ ക്രുഗ്മാന്‍ അഭിപ്രായപ്പെട്ടത്. നടപടികളിലെ സുതാര്യതയില്ലായ്മ, പരസ്പര വിരുദ്ധമായ കണക്കുകള്‍, ഔദ്യോഗിക രേഖകള്‍ പുറത്ത് വിടാനുള്ള വിമുഖത തുടങ്ങിയവയെല്ലാം മോദി സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധി സംശയത്തിലാക്കിയിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍