UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ര്‍ര്‍… പെണ്‍കുട്ടികള്‍ക്കെന്താ വളി വിട്ടാല്‍?

Avatar

56മത് സ്കൂള്‍ കലോത്സവത്തിലെ നാടകോത്സവത്തില്‍ സ്റ്റാറായത് വളിയാണ്. വെറും വളിയല്ല പെണ്ണുങ്ങള്‍ വിടുന്ന വളി. ഒന്നാം സ്ഥാനവും അടിച്ചെടുത്തുകൊണ്ടാണ് മലപ്പുറത്തു നിന്നുള്ള ഈ നാടകം കലോത്സവവേദിയിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആഞ്ഞടിക്കുന്നത്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥയെ ആസ്പദമാക്കി മലപ്പുറം എടരിക്കോട് പികെഎംഎം ഹൈസ്കൂളിലെ കുട്ടികള്‍ അഭിനയിച്ച് റഫീഖ് മംഗലശ്ശേരി സംവിധാനം നിര്‍വ്വഹിച്ച ‘ഭര്‍ര്‍ര്‍’ എന്ന നാടകമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വളിവിടുന്ന പ്രതിശ്രുതവധു വരനിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്രബിന്ദുവാക്കി നിര്‍മ്മിച്ച നാടകം സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍ അധീശത്വത്തെയും കണക്കറ്റു പരിഹസിക്കുന്നുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ പോലും കടന്നുകയറി അധികാരം സ്ഥാപിക്കുന്ന രീതിയിലുള്ള സദാചാര ഇടപെടലുകള്‍ക്കുനേരെ കലയിലൂടെ തികച്ചും സരസമായി പ്രതികരിക്കുകയാണ് ഇവര്‍. കലോത്സവവേദിയില്‍ മാത്രമല്ല ഈ നാടകം കേരളം മുഴുവന്‍ പ്രദര്‍ശിപ്പിക്കണം എന്നുകൂടി ആവശ്യങ്ങള്‍ ഉയരുന്നു. ഒരു വളി കേന്ദ്രബിന്ദുവാക്കി ഒരുക്കിയ നാടകം വേദിയില്‍ എത്തിയതിനെക്കുറിച്ച് സംവിധായകന്‍ റഫീഖ് മംഗലശ്ശേരി സംസാരിക്കുന്നു.

ആക്ഷേപഹാസ്യം എന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെയും അനീതികളെയും കണക്കറ്റു വിമര്‍ശിച്ചിട്ടുണ്ട്. തമാശയെന്നു തോന്നാവുന്ന താണെങ്കിലും യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് സമൂഹത്തില്‍ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ്. ഒരു വളി വിടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത രീതിയില്‍ അതു മാറുന്നു എന്നുള്ളത് തികച്ചും അപഹാസ്യമാണ്. ഈ ഒരൊറ്റക്കാര്യം കൊണ്ടു തന്നെ  വിവാഹമോചനം നടത്തിയവര്‍ മലപ്പുറത്തുണ്ട്. അത്തരത്തില്‍ ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം, എഅതില്‍ ‘ഭര്‍ര്‍ര്‍’ വിജയിക്കുകയും ചെയ്തു.

ജൂണിലാണ് ഞങ്ങള്‍ നാടകത്തിന്റെ പരിശീലനം ആരംഭിക്കുന്നത്. സാധാരണഗതിയില്‍ സംഭവിക്കാറുള്ളതുപോലെ കുട്ടികളുടെ നാടകം മുതിര്‍ന്നവരുടെത് ആകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടക്കം മുതല്‍ ഞങ്ങള്‍ സ്വീകരിച്ചിരുന്നു. പൂര്‍ണ്ണമായും കുട്ടികള്‍ തന്നെയാണ് ഈ കഥയെ മുന്നോട്ടു കൊണ്ടുപോയത്. നിശിതമായ ചട്ടക്കൂടുകളില്‍ നിന്നുള്ള അഭിനയത്തെ പ്രോത്സാഹിപ്പിക്കാതെ കുട്ടികള്‍ എങ്ങനെ ഒരു സന്ദര്‍ഭത്തില്‍ പ്രതികരിക്കുമോ ആ രീതിയിലാണ്‌  ‘ഭര്‍ര്‍ര്‍’ വേദിയിലെത്തുന്നത്. അതുകൊണ്ടു തന്നെ അതിനൊരു പ്രത്യേക താളമുണ്ടായിരുന്നു, തികച്ചും വ്യത്യസ്തമായത്.


ജില്ലാ കലോത്സവത്തില്‍ ഞങ്ങള്‍ നാടകമവതരിപ്പിക്കുമ്പോള്‍ വിധികര്‍ത്താക്കളുടെ എതിര്‍പ്പുണ്ടായിരുന്നു. അവരുടെ സദാചാരനിലപാടുകളെ ചോദ്യം ചെയ്യുന്ന വിഷയമായതുകൊണ്ടുതന്നെ മത്സരത്തില്‍ ‘ഭര്‍ര്‍ര്‍’ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. പൊതുവേ മൂന്നോ നാലോ മാര്‍ക്കിന്റെ വ്യത്യാസമേ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ ഉണ്ടാവാറുള്ളൂ. അന്നുണ്ടായത് 15 മാര്‍ക്കിന്റെ വ്യത്യാസമാണ്. അതില്‍ നിന്നുതന്നെ പിന്നിലെ കളികള്‍ വ്യക്തമാണ്‌. തുടര്‍ന്ന് ഞങ്ങള്‍ ലോകായുക്തയെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തു. ശേഷമാണ് തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത്.

തിരുവനന്തപുരത്തേക്ക് നാടകവുമായി എത്തുമ്പോള്‍ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ഏക പ്രശ്നം ഭാഷയായിരുന്നു. മാത്രമല്ല സാധാരണ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളാണ് മലപ്പുറം ഭാഗങ്ങളിലെ കലോത്സവങ്ങളിലെ നാടകങ്ങളില്‍ വിഷയമാവാറുള്ളതും, അതിലും ഞങ്ങള്‍ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ മലപ്പുറത്തിന്റെ സ്വന്തം സംസാരശൈലിയിലുള്ള ‘ഭര്‍ര്‍ര്‍’ എത്രത്തോളം തിരുവനന്തപുരത്തെ പ്രേക്ഷകര്‍ അംഗീകരിക്കും എന്ന് ഞങ്ങള്‍ക്കു സംശയമുണ്ടായിരുന്നു. ഭാഷ മനസിലാവുമോ മാഷേ എന്നായിരുന്നു കുട്ടികള്‍ ചോദിച്ചുകൊണ്ടേയിരുന്നത്. എന്നാല്‍ ആദ്യത്തെ അഞ്ചു മിനിറ്റ് കഴിഞ്ഞതോടെ കാണികള്‍ നാടകം ഏറ്റെടുത്തു, അപ്പോഴേക്കും കുട്ടികള്‍ക്കും ആവേശമായി.

വളിയെന്നാല്‍ ആണുങ്ങള്‍ക്കു മാത്രം വിടാനുള്ളതാണോയെന്നും പെണ്ണുങ്ങള്‍ വളിവിട്ടാലെന്താ കുഴപ്പമെന്നും നാടകത്തിലൂടെ കുട്ടികള്‍ ചോദിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക്‌ ഉള്‍ക്കൊള്ളാനും സാധിച്ചു. വളിയെപ്പറ്റി പറയുന്ന കുട്ടികളുടെ നാടകം സദാചാരഗുണ്ടകള്‍ തടയുകയും കുട്ടികള്‍ പേടിച്ചുപിന്മാറുമ്പോള്‍ സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്‍ പ്രത്യക്ഷപ്പെടുകയും  ‘ഞാനുണ്ടെടാ നിങ്ങടെ കൂടെ, കളിച്ചുതിമിര്‍ക്ക്’ എന്ന് ആഹ്വാനം ചെയ്യുകയുമാണ് ഒടുക്കമുള്ള സീനുകള്‍. ബേപ്പൂര്‍ സുല്‍ത്താന്റെ ആഹ്വാനം സ്വീകരിച്ച് സദാചാരവാദികള്‍ക്കു നേരെ കൂട്ടവളിവിട്ട് നാടകം അവസാനിക്കുമ്പോള്‍ പ്രേക്ഷകരുടെ കരഘോഷം നല്‍കിയ പ്രതികരണം തെളിയിക്കുന്നത് ഞങ്ങളുടെ ശ്രമം വിജയിച്ചു എന്ന് തന്നെയാണ്. അതു തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍