UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലോത്സവം; സ്കൂള്‍ തിയേറ്റര്‍ തിരിച്ചു കൊണ്ടുവരണം

Avatar

കലോത്സവങ്ങള്‍ കലാപോത്സവങ്ങളാകുന്നിടത്ത് കാല്‍പ്പനികതയ്ക്കും രാഷ്ട്രീയത്തിനും എന്ത് പ്രസക്തി? കല കലയ്ക്കു വേണ്ടി ഉള്ളതാണോ അതോ ജീവിതത്തിനു വേണ്ടി ഉള്ളതാണോ എന്ന ചര്‍ച്ച നടന്നുകൊണ്ടിരുന്ന കാലമൊക്കെ പോയി. കല  പ്രശസ്തിക്കും പണത്തിനും വേണ്ടിയൊരു മാര്‍ഗ്ഗം മാത്രമാണ് ഇന്ന് പലര്‍ക്കും. അതിനപ്പുറത്തേക്ക് ഒരു നിര്‍വ്വചനം ഇപ്പോഴത്തെ അവസ്ഥയില്‍ സാധ്യമല്ല, അടുത്തെങ്ങും അതില്‍ നിന്നു മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയ്ക്കും വകയില്ല. എന്നാലും നമ്മുടെ കലോത്സവ വേദികളിലേക്ക് ചിലരെങ്കിലും വരും നല്ല കലയെ  പ്രോത്സാഹിപ്പിക്കാനായി. അങ്ങനെ കഴിഞ്ഞ ആറു വര്‍ഷങ്ങളായി നല്ല നാടകങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കലോത്സവ വേദികളില്‍ എത്തുന്നയാളാണ് കാസര്‍ഗോഡ്, കുമ്പള ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ പത്മനാഭന്‍ ബ്ലാത്തൂര്‍. ഇത്തവണയും മാഷുണ്ട് കലാമേളയില്‍.

56മത് കലോത്സവത്തില്‍ മാഷ്‌ രചന നിര്‍വഹിച്ച രണ്ടു നാടകങ്ങളാണ് അരങ്ങിലെത്തിയത്. വടക്കന്‍ കേരളത്തിലെ മിത്തുകളെ ആസ്പദമാക്കി ഒരുക്കിയ കരിനാടോനും (സംവിധാനം: ഉദയന്‍ കുണ്ടന് കുഴി), അംബിക സുതന്‍ മാങ്ങാടിന്റെ ‘തുപ്പുന്ന’ എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ഉയിരാട്ടവും (സംവിധാനം: രാജേഷ് കീഴത്തൂര്‍).  സമകാലിക സ്ത്രീ/പരിസ്ഥിതി വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രണ്ടു നാടകങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു. തന്റെ നാടകസങ്കല്‍പ്പങ്ങളെക്കുറിച്ചും സ്കൂള്‍ തിയേറ്റര്‍ എന്ന പ്രസ്ഥാനം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പദ്മനാഭന്‍ മാഷ്‌ സംസാരിക്കുന്നു.

നാടകമാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുമായി സംവദിക്കുന്ന കല. യുവജനോത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉണ്ടാകുന്നതും നാടകത്തിനു തന്നെയാണ്. എന്നാല്‍ ആ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് നമ്മുടെ സ്കൂള്‍ നാടകങ്ങള്‍ മാറുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കാരണം എല്ലായിടത്തും സംഭവിച്ചതുപോലെ ഒരു ക്യാപ്സൂള്‍ വത്കരണം നാടകങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ നല്ല നാടകങ്ങളുടെ എണ്ണവും കുറയും.

സജീവ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നതാവണം നാടകങ്ങള്‍ എന്നു കരുതുന്നയാളാണ് ഞാന്‍ കാരണം. കലയാണ് ആശയപ്രചരണത്തിനുള്ള ഏറ്റവും വലിയ മാധ്യമം. അതുകൊണ്ടു തന്നെ എന്റെ നാടകങ്ങളിലെ ഓരോ ചെറു അനക്കങ്ങള്‍ക്ക് പോലും അര്‍ത്ഥമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നാടകങ്ങളെ എങ്ങനെ പ്രതിരോധത്തിനുള്ള ആയുധമാക്കി മാറ്റാം എന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്.

സ്കൂള്‍ നാടക മത്സരങ്ങളെ ആശയ പ്രചരണ വേദികള്‍ ആക്കി മാറ്റുന്നത് ശരിയാണോ എന്നാണ് പലരും ചോദിക്കുന്നത്. ആ ചോദ്യം തന്നെ മണ്ടത്തരമാണ്. ഞാനും എന്റെ കുട്ടികളും നാടകം വെറും മത്സരം എന്നതിലുപരി അതിനെ ജീവിതത്തിന്‍റെ ഭാഗമായി ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കലയെ കച്ചവടമാക്കാത്ത ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ ഒരു തെറ്റും ഇല്ല. എന്റെ കുട്ടികള്‍ എപ്പോളും നാടകം ചെയ്യുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് നാടകത്തിന്റെ ഉള്ളടക്കത്തെ പറ്റിയും അതിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളെപ്പറ്റിയും പൂര്‍ണ്ണമായി മനസ്സിലാക്കി നല്‍കിയതിനു മാത്രമേ പരിശീലനം നടത്താറുള്ളൂ.

നാടകം ഒരു നല്ല മനുഷ്യനെ വാര്‍ത്തെടുക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.സ്ക്രിപ്ട്‌ കയ്യില്‍ കിട്ടിയാല്‍ അതിനു സെറ്റിടുന്നതാണ് സംവിധാനം എന്ന് കരുതുന്നവര്‍ ഉണ്ട്. അവരാണ് നാടകത്തെ നശിപ്പിക്കുന്നത്. ഒരു വലിയ ലോകത്തെ ചുരുക്കി കാട്ടല്‍ ആണ് നാടകം ഒരു വാക്ക് ഉപയോഗിക്കുമ്പോള്‍ പോലും സൂക്ഷിക്കണം.

നമ്മുടെ കലോത്സവങ്ങളിലെ നാടകങ്ങളുടെ നിലവാര തകര്‍ച്ചക്ക് പ്രധാന കാരണം സ്കൂള്‍ തിയേറ്ററുകള്‍ എന്ന ആശയം എല്ലായിടത്തും ഫലപ്രദമായി ഉപയോഗിക്കപ്പെടാത്തതാണ്. അതു ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ കുട്ടികളുടെ ജീവിത രീതി തന്നെ മാറിയേനെ. കാസര്ഗോഡും കണ്ണൂരും ഒഴിച്ചു നിര്‍ത്തിയാല്‍ സ്കൂള്‍ തിയേറ്റര്‍ എന്ന കണ്‍സപ്റ്റ് വേറെ എവിടെയും  സജീവമല്ല. കാസര്‍ഗോഡ്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ തിയേറ്റര്‍ അവിടുത്തെ മുഖ്യ ധാര നാടകങ്ങളിലേക്കുള്ള ചവിട്ടു പടിയാണ്.കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്ത് അവിടെ സ്കൂള്‍ തിയേറ്ററുകള്‍ നടത്തുന്നുണ്ട്.  അവര്‍ക്കത് പഠനത്തിന്റെ ഒരു ഭാഗം തന്നെയാണ്, എന്നാല്‍ മറ്റിടങ്ങളിലോ? 

വടക്കന്‍ കേരളത്തിലെ നാടകങ്ങളുടെ രാഷ്ട്രീയ വ്യക്തത തെക്കുള്ള നാടകങ്ങളില്‍ ഉണ്ടാവാറില്ല. അതിനു കാരണം മുകളില്‍ പറഞ്ഞതുപോലെ സ്കൂള്‍ നാടകങ്ങളുടെ അഭാവം തന്നെയാണ്. അത് നമുക്ക് മാറ്റിയെടുക്കേണ്ടതുണ്ട്. അതു ശരിവയ്ക്കുന്ന വിധമാണ് ഇവിടെ വടക്കന്‍ ജില്ലയില്‍ നിന്നുള്ളവരുടെ പെര്‍ഫോമന്‍സ് .

ഇനി മുതല്‍ സ്കൂളുകളില്‍ കലാപഠനം നിര്‍ബന്ധം ആക്കുവാന്‍ പോകുകയാണ്. എന്നാല്‍ നമ്മുടെ സ്കൂളുകളില്‍ കലാപഠനം പാതിവഴി മുടങ്ങുന്നതിന്റെ പ്രധാന കാരണം നമ്മുടെ സിലബസ് തന്നെയാണ്. കലാപഠനത്തിന് പ്രത്യേകം സമയം ആവശ്യമാണ്. എന്നാല്‍ ഇപ്പോളത്തെ സിലബസില്‍ അതിനുള്ള സൗകര്യവും ഇല്ല. അതില്‍ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ നമുക്കു നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും. അടുത്തതായി പരിഹരിക്കേണ്ടത് കലാധ്യാപകരുടെ എണ്ണത്തിലാണ്. ഇപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളിലെ അവസ്ഥ ദയനീയമാണ്. അതാത് മേഖലകളില്‍ പ്രഗത്ഭരായ അധ്യാപകരെ കൊണ്ടുവരണം. അങ്ങനെ പടിപടിയായി നമ്മുടെ കുട്ടികളില്‍ കലാഭിരുചി വളര്‍ത്തിയെടുക്കണം. ഭൂമിശാസ്ത്രവും ജീവശാസ്ത്രവും മാത്രം പഠിച്ചിട്ടു കാര്യമില്ല, നല്ല മനുഷ്യനാകണമെങ്കില്‍ നാടിനെ അറിയണം നാട്ടു ഭാഷ അറിയണം, അതിനു നല്ല കല പഠിക്കണം. 

നമ്മുടെ കലോത്സവങ്ങള്‍ക്ക് ഒരുപാടു പോരായ്മകളുണ്ട്. അടുത്ത വര്‍ഷം നല്ലൊരു കലാമേള സംഘടിപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത് മാതാപിതാക്കളോട് മത്സരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നതാണ്.അവര്‍ തമ്മില്‍ മത്സരം ഉപേക്ഷിച്ചാല്‍ തന്നെ നമ്മുടെ കലോത്സവ വേദികള്‍ കുറെയൊക്കെ ശാന്തമാകും. പിന്നെ വേണ്ടത് അറിവും വിവരവും ഉള്ള വിധികര്‍ത്താക്കളെ നിയമിക്കുക എന്നതാണ്. ഇത്രയൊക്കെ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ കലോത്സവം അടുത്ത വര്‍ഷം ഭംഗിയാക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍