UPDATES

കേരളം

മോഹിനിയാട്ടം വിധികര്‍ത്താവ് ആകാനുള്ള യോഗ്യത സിനിമ പശ്ചാത്തലമല്ല

Avatar

കലാമണ്ഡലം സത്യഭാമ

കലോത്സവത്തിന്റെ പ്രഥമദിനം തന്നെ വേദിയില്‍ പ്രതിഷേധ പ്രകടനം നടത്തേണ്ടി വന്നതില്‍  മാനസികമായി വിഷമമുണ്ട്. എന്നാലും ഞങ്ങള്‍ക്കിത്‌  ചെയ്യാതിരിക്കാന്‍ കഴിയില്ല,  ഈ സമരം കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ്. ഇനി വിഷയത്തിലേക്ക് വരാം. കലോത്സവത്തില്‍ മോഹിനിയാട്ടം  വിധികര്‍ത്താക്കളുടെ  തെരഞ്ഞെടുപ്പില്‍ പിഴവുണ്ടെന്ന് ഞങ്ങള്‍ തുടക്കം മുതല്‍  തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍  അതൊന്നും ഉള്‍കൊള്ളാന്‍ സംഘാടകര്‍ ശ്രമിച്ചില്ല .ഇപ്പോള്‍  മത്സര  വിധി നിര്‍ണയത്തിന്  ഇരിക്കുന്ന ജഡ്ജിമാരില്‍ രണ്ടുപേരുടെ ശിഷ്യമാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കലോത്സവ നിയമ പ്രകാരം അങ്ങനെ വിധികര്‍ത്താക്കളെ  നിയമിക്കാന്‍  പാടില്ല.  എന്നാല്‍  ഇവിടെ  നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.  വിധികര്‍ത്താക്കളെ  തിരഞ്ഞെടുത്ത  നാള്‍ മുതല്‍ ഇക്കാര്യം ഞങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍  സംഘാടകര്‍ കേട്ടതായി പോലും  ഭാവിച്ചില്ല. അതേത്തുടര്‍ന്നാണ് ഞങ്ങള്‍ രംഗത്തേക്കെത്തിയത്.

ഒരു യോഗ്യതയും ഇല്ലാത്തവരെയാണ് ഇപ്രവാശ്യം വിധികര്‍ത്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്. സംഘാടകര്‍ ഇവരുടെ യോഗ്യതയായി ചൂണ്ടിക്കാട്ടുന്നത്  സിനിമ ബാക്ഗ്രൌണ്ട്  ഉണ്ട് എന്നതാണ്.സിനിമ ബാക്ഗ്രൌണ്ട് ഉള്ള വ്യക്തി ഒരു നല്ല  കലാകാരി ആകണമെന്നില്ല എന്ന സത്യം എന്തുകൊണ്ട് സംഘാടകര്‍ മനസിലാക്കുന്നില്ല?

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു  വ്യക്തിയെ ജഡ്ജിംഗ് പാനലില്‍ ഇരുത്താന്‍ പാടില്ല  എന്നൊരു  നിയമം നിലവിലുണ്ട്. 56മത് സ്കൂള്‍ കലോത്സവത്തില്‍ അതും സംഘാടകര്‍ കാറ്റില്‍ പറത്തി. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് നമ്മുടെ കലോത്സവങ്ങള്‍ എന്നുള്ളത് ഇതില്‍ നിന്നൊക്കെ നിസംശയം പറയാന്‍ സാധിക്കും. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ഞങ്ങള്‍ക്ക് തന്ന സ്റ്റാള്‍ രായ്ക്കുരാമാനം സംഘാടകര്‍ പൊളിച്ചു കളഞ്ഞു. വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ ഉണ്ടായിരുന്നതില്‍ പലതും നഷ്ടപ്പെട്ടു. അതേക്കുറിച്ചു ചോദിച്ചപ്പോള്‍  , ഞങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ മറുപടിയായി കണ്ടോളൂ എന്നായിരുന്നു സംഘാടകരുടെ പക്കല്‍ നിന്നും ലഭിച്ച മറുപടി. ഇങ്ങനെയാണോ ഒരു വലിയ  കലാമേള സംഘടിപ്പിക്കുന്നവര്‍ പെരുമാറേണ്ടത്? അവര്‍ക്ക് പണം ആണ് മുഖ്യം. ഒരു പ്രതിഭയും ഇല്ലാത്ത  കുട്ടികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി  ഒന്നാം സ്ഥാനം വാങ്ങികൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നൂറു രക്ഷിതാക്കളെ ഞങ്ങള്‍ക്കറിയാം അവരുടെയൊന്നും ആര്‍ത്തി അടങ്ങാത്ത  പക്ഷം സംഘാടകരുടെ ഈ ചതികള്‍  നിലയ്ക്കാനും പോകുന്നില്ല. 

വികാരവും വിചാരവും തമ്മിലുള്ള വ്യത്യാസം ശരിക്കറിഞ്ഞിരുന്നാലേ ഒരു മോഹിനിയാട്ടം ശരിയായ രീതിയില്‍  വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. ഇവിടെ വന്ന വിധികര്‍ത്താക്കളില്‍ എത്രപേര്‍ക്ക് ശാസ്ത്രീയമായി മോഹിനിയാട്ടമെന്ന കലയെ വിലയിരുത്താന്‍ കഴിയും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നുന്നു.  മികച്ച കലാപ്രതിഭകള്‍  ഉള്ള കുട്ടികളെ പണക്കൊഴുപ്പുള്ളവരാല്‍ മാറ്റിനിര്‍ത്തപ്പെടുംഅതു 100 ശതമാനം ഉറപ്പുള്ള കാര്യമാണ്. ഇത് മോഹിനിയാട്ടതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, കലോത്സവത്തിലെ സമസ്ത മേഖലയിലും പിഴവുകള്‍ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ കലോത്സവത്തിനു ഒരു ഗ്ലാമര്‍ പരിവേഷം  ലഭിച്ചിട്ടുണ്ട്. സിനിമ ആണ് രക്ഷകര്‍ത്താക്കളുടെ ലക്ഷ്യം. അതിനു വേണ്ടിയാണ് ലക്ഷങ്ങള്‍ വാരിയെറിയുന്നതും.

ഞങ്ങളുടെ പരാതി  കൈപ്പറ്റാന്‍ പോലും സംഘാടകര്‍ തയ്യാറായിട്ടില്ല. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്നു. ഇവര്‍ക്കൊക്കെ വര്‍ഷാവര്‍ഷം നടത്തുന്ന ഒരു വഴിപാടാണിത്. എന്നാല്‍ ശുദ്ധ കലയെ സ്നേഹിക്കുന്നവര്‍ക്ക് ഇത് സഹിക്കാന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ടാണ്  പ്രതികരിച്ചത്.പ്രതികരിച്ചപ്പോള്‍ ഞങ്ങള്‍ അനഭിമതരും, മനപൂര്‍വം പരിപാടി മുടക്കാന്‍  വന്നവരുമായി. അടുത്ത പ്രാവശ്യം എങ്കിലും കലയെ സ്നേഹിക്കുന്ന കലയെ അറിയുന്ന കുട്ടികള്‍ക്ക് നിലവാരം ഇല്ലാത്ത വിധികര്‍ത്താക്കളില്‍ നിന്നും തെറ്റായ  വിധി  ഏറ്റെടുക്കേണ്ടി വരരുത്.അതിനായാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍