UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലോത്സവത്തിലെ കണ്ണീര്‍ പ്രതിഷേധങ്ങള്‍

വിഷ്ണു എസ് വിജയന്‍
(ചിത്രങ്ങള്‍ ലോപസ് ജോര്‍ജ്ജ്)

കലോത്സവ വേദികളില്‍  വീണ്ടും പ്രതിഷേധങ്ങളുടെ കണ്ണീര്‍ നനവ് . വിധികര്‍ത്താക്കള്‍ക്കും സംഘാടകര്‍ക്കുമെതിരെ ഏതാനും മോഹനിയാട്ട നര്‍ത്തികമാര്‍ ഉയര്‍ത്തിയ പ്രതിഷേധം മേളയുടെ ഒന്നാം ദിവസം പ്രശ്‌നഭരിതമാക്കിയെങ്കില്‍ ഇന്ന് മത്സരവേദിയില്‍ വീണത് മത്സരാര്‍ത്ഥികളുടെ കണ്ണുനീരാണ്.  പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്  ഇന്ന് രാവിലെ  മുതല്‍ പ്രശ്നങ്ങള്‍ ആയിരുന്നു.

എച്ച്എസ്എസ്  വിഭാഗം കേരള നടനം മത്സരത്തില്‍ അഞ്ചു കുട്ടികളെ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയതാണ്‌  പ്രശ്നങ്ങള്‍ക്കു കാരണം. പാലക്കാട് സെന്റ്‌ തെരേസാസ്  എച് എസ് എസ്സിലെ വര്‍ഷ, ആലപുഴ ബി വി എച് എസ് എസ്സിലെ  കൃഷ്ണഗാഥ, പാലക്കാട്  നിന്നു തന്നെയുള്ള അനുശ്രീ, കൊല്ലം സ്വദേശിനി അനുഗ്രഹ എന്നിവരെയാണ് മത്സരിപ്പിക്കാതെ  മാറ്റി നിര്‍ത്തിയത്. ഇതിനു കാരണമായി സംഘാടകര്‍ പറയുന്നത് കുട്ടികള്‍  മത്സരത്തിനു  റിപ്പോര്‍ട്ട്‌  ചെയ്യാന്‍  വൈകി എന്നാണ്. എന്നാല്‍ തങ്ങള്‍ ശരിയായ  സമയത്ത് തന്നെയാണ് എത്തിയതെന്നും മത്സരാര്‍ത്ഥികള്‍ക്കായുള്ള ക്ലസ്റ്ററുകള്‍ പരസ്പരം മാറ്റിയിട്ടതാണ്  ആശയ കുഴപ്പം സൃഷ്ടിച്ചതും എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഈ അഞ്ചു പേരില്‍ മൂന്നുപേരുടെ ക്ലസ്റര്‍ ഗ്രൂപ്പുകള്‍ സംഘാടകര്‍  അവസാന നിമിഷതില്‍ പരസ്പരം മാറ്റുകയായിരുന്നത്രേ. 

ഉച്ചവരെ മത്സരിപ്പിക്കുമോ ഇല്ലയോ എന്ന ആശങ്കയില്‍ ആയിരുന്നു ഇവര്‍.  ഉച്ച കഴിഞ്ഞിട്ടും മത്സരിപ്പിക്കാന്‍ സംഘാടകര്‍  സമ്മതിക്കത്തതിനെ തുടര്‍ന്ന് ഇവര്‍ വേദിയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം മൂലം പത്തു മിനിട്ടോളം വേദിയില്‍ മത്സരങ്ങള്‍ നടന്നില്ല. പിന്നീടു  വിഷയം പരിഹരിക്കും എന്നുകരുതി വേദിയില്‍ നിന്നും ഇറങ്ങിയിട്ടും  പരിഹാരം ഉണ്ടായില്ല. 

തങ്ങള്‍ ജില്ല കലോത്സവത്തില്‍ നിന്നും അപ്പീല്‍ വഴി വന്നത് കൊണ്ടാണ് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ താമസിച്ചു റിപ്പോര്‍ട്ട്‌ ചെയ്ത ആറു പേരെ  മത്സരിപ്പിച്ചു എന്നും സംഘാടകര്‍  മനപ്പൂര്‍വ്വം  പ്രശ്ങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കുട്ടികള്‍ ആരോപിക്കുന്നു. രാവിലെ ഏഴു മണിമുതല്‍  ചമയത്തില്‍ നിന്ന കുട്ടികള്‍ക്ക് സമയത്തിന് ആഹാരമോ പ്രാഥമിക  കര്‍മ്മങ്ങള്‍  നിര്‍വഹിക്കുവാനോ സാധിച്ചില്ല. മാനുഷിക  പരിഗണനയുടെ പേരിലെങ്കിലും മത്സരിപ്പിക്കണം എന്ന് മറ്റു മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളും സാമൂഹിക പ്രവര്‍ത്തകരും കാണികളും അഭ്യര്‍ഥിച്ചിട്ടും സംഘാടകര്‍  തയ്യാറായില്ല. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിയോടെ ഇവര്‍ വീണ്ടും വേദിയില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാം എന്ന പോലീസ് മേധാവിയുടെ  ഉറപ്പിന്മേല്‍ പുറത്തിറങ്ങിയ ഇവരെ മത്സരിപ്പിക്കേണ്ട എന്ന് ഡി പി  ഐ തീരുമാനിക്കുകയായിരുന്നു. അതുവരെ വിശപ്പും ദാഹവും സഹിച്ചു കണ്ണീരുമായി നിന്ന കുട്ടികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. വീണ്ടും പ്രശ്നം ഉണ്ടാക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞു  സ്വയം പിരിഞ്ഞു പോകുകയിരുനു ഇവര്‍.


 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍